ഗുജറാത്തില്‍ ബിജെപി വിറച്ച് ജയിച്ചു; ഹിമാചലില്‍ അനായാസേന ഭരണം പിടിച്ചു

Posted on: December 18, 2017 8:00 am | Last updated: December 19, 2017 at 10:48 am
ഗുജറാത്ത് തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് ശേഷം ബിജെപിയുടെ അഹമ്മദാബാദിലെ ഒാഫീസിൽ എത്തിയ ദേശീ്യ പ്രസിഡൻറ് അമിത്ഷാ

അഹമ്മദാബാദ്: ഗുജറാത്ത്, ഹിമാചല്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ബിജെപിക്ക് വിജയം. ഗുജറാത്തില്‍ കോണ്‍ഗ്രസ് ഉയര്‍ത്തിയ ശക്തമായ വെല്ലുവിളിക്ക് മുന്നില്‍ വിറച്ചുകൊണ്ടാണ് ബിജെപി തുടര്‍ച്ചയായ ആറാം തവണയും അധികാരത്തില്‍ എത്തുന്നത്. എന്നാല്‍ ഹിമാചല്‍പ്രദേശില്‍ ഭരണകക്ഷിയായ കോണ്‍ഗ്രസ് നിഷ്പ്രഭമായപ്പോള്‍ ബിജെപി അനായാസേന ജയം നേടി.

ഗുജറാത്തില്‍ ബിജെപി നൂറോളം സീറ്റുകളില്‍ മുന്നിട്ട് നില്‍ക്കുകയാണ്. ലീഡ് നില നൂറ് കടന്ന് മുന്നോട്ട് പോയിരുന്നുവെങ്കിലും വോട്ടെണ്ണല്‍ അവസാന ഘട്ടത്തില്‍ എത്തിയതോടെ നൂറായി കുറഞ്ഞു. 182 സീറ്റുള്ള ഗുജറാത്തില്‍ 92 സീറ്റാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്. 115 സീറ്റാണ് കഴിഞ്ഞ തവണ ബി ജെ പിക്ക് ലഭിച്ചത്.

79 സീറ്റുകളില്‍ മുന്നിട്ട് നില്‍ക്കുന്ന കോണ്‍ഗ്രസ് 2012ലെ തിരഞ്ഞെടുപ്പിനേക്കള്‍ നില മെച്ചപ്പെടുത്തി. വോട്ടെണ്ണല്‍ തുടങ്ങിയ ഘട്ടത്തില്‍ ബിജെപിയാണ് മുന്നേറ്റം കാഴ്ച വെച്ചതെങ്കിലും ഒരു ഘട്ടത്തില്‍ ബിജെപിയെ മറികടക്കുന്ന ലീഡിലേക്ക് കോണ്‍ഗ്രസ് എത്തി. ഗുജറാത്തില്‍ രാഷ്ട്രീയം മാറിമറിയുന്നുവെന്ന് തോന്നിപ്പിച്ച ആ ലീഡ്‌നില പക്ഷേ അധികം നീണ്ടുനിന്നില്ല.

തെക്കന്‍, വടക്കന്‍ ഗുജറാത്തും നഗരമേഖലയും ആണ് ബിജെപിക്ക് തുണയായത്. ഗ്രാമീണ മേഖലകളില്‍ കോണ്‍ഗ്രസ് വന്‍ മുന്നേറ്റമാണുണ്ടാക്കിയത്. കച്ച്, സൗരാഷ്ട്ര മേഖലഖളില്‍ കോണ്‍ഗ്രസ് നേട്ടമുണ്ടാക്കി. പട്ടീധാര്‍ സമുദായത്തിന്റെ പിന്തുണയാണ് ഈ മേഖലകളില്‍ നേട്ടമുണ്ടാക്കാന്‍ കോണ്‍ഗ്രസിന് സഹായകമായത്.

ഹിമാചല്‍ പ്രദേശില്‍ ബിജെപി അനായാസേന ഭരണംപിടിക്കുന്നതാണ് കണ്ടത്. ഭരണകക്ഷിയായ കോണ്‍ഗ്രസിന് ഒരു ഘട്ടത്തിലും ബിജെപിക്ക് വെല്ലുവിളി ഉയര്‍ത്താന്‍ സാധിച്ചില്ല. ഒടുവിലെ ലീഡ് നില അനുസരിച്ച് 44 സീറ്റുകളില്‍ ബിജെപിയും 20 സീറ്റുകളില്‍ കോണ്‍ഗ്രസും നാല് സീറ്റുകളില്‍ മറ്റുള്ളവരും മുന്നിട്ട് നില്‍ക്കുന്നു. കോണ്‍ഗ്രസ്, ബിജെപി പാര്‍ട്ടികളെ മാറിമാറി വരിക്കുന്നതാണ് ഹിമാചലിന്റെ തിരഞ്ഞെടുപ്പ് ചരിത്രം. അത് ഇത്തവണയും ആവര്‍ത്തിക്കുന്നതാണ് കണ്ടത്.

ബി ജെ പിയും കോണ്‍ഗ്രസും നേരിട്ടുള്ള പോരാട്ടമാണ് ഗുജറാത്തിലും ഹിമാചലിലും നടന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കോണ്‍ഗ്രസ് അധ്യക്ഷനായി സ്ഥാനമേറ്റ രാഹുല്‍ ഗാന്ധിക്കും ഒരുപോലെ പ്രധാനമാണ് ഗുജറാത്ത് ഫലം. 2019ല്‍ നടക്കാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിനെയും അതിനിടയില്‍ നടക്കേണ്ട നിയമസഭാ തിരഞ്ഞെടുപ്പുകളെയും ഫലം സ്വാധീനിക്കും.

രണ്ട് ഘട്ടങ്ങളിലായാണ് ഗുജറാത്തില്‍ വോട്ടെടുപ്പ് നടന്നത്. സൗരാഷ്ട്ര, തെക്കന്‍ ഗുജറാത്ത്, കച്ച് മേഖലകളില്‍ നടന്ന ആദ്യ ഘട്ട വോട്ടെടുപ്പില്‍ 66.75 ശതമാനമാണ് പോളിംഗ്. ഉത്തര, മധ്യ ഗുജറാത്തില്‍ നടന്ന രണ്ടാം ഘട്ടത്തില്‍ 69.99 ശതമാനം പേരും വോട്ട് രേഖപ്പെടുത്തി. ആകെ പോളിംഗ് ശതമാനത്തില്‍ 2012നെ അപേക്ഷിച്ച് 2.91 ശതമാനത്തിന്റെ ഇടിവുണ്ടായിട്ടുണ്ട്.

68 സീറ്റുകളിലേക്കാണ് ഹിമാചലില്‍ തിരഞ്ഞെടുപ്പ് നടന്നത്. എക്‌സിറ്റ് പോള്‍ ഫലങ്ങളും ബിജെപിക്ക് അനുകൂലമായിരുന്നു.