ഉരീദു 5 ജി നെറ്റ്‌വര്‍ക്ക് പരീക്ഷണത്തില്‍; ആദ്യ ഉപഭോക്താവ് ഖത്വര്‍ എയര്‍വേയ്‌സ്

Posted on: December 16, 2017 8:22 pm | Last updated: December 16, 2017 at 8:22 pm

രാജ്യത്തെ നെറ്റ്‌വര്‍ക്ക് സാങ്കേതികവിദ്യയില്‍ മറ്റൊരു ചരിത്രം കൂടി സൃഷ്ടിച്ച് ഉരീദുവിന്റെ അഞ്ചാം തലമുറ (5 ജി) ഇന്റര്‍നെറ്റ് സേവനത്തിന്റെ വാണിജ്യാധിഷ്ഠിത പരീക്ഷണം ആരംഭിച്ചു. രഹസ്യപ്രദേശത്ത് ലഭ്യമാക്കിയ ഫൈവ് ജിയുടെ ഗുണഭോക്താവ് ദേശീയ വിമാന കമ്പനിയായ ഖത്വര്‍ എയര്‍വേയ്‌സ് ആണ്. പ്രീ സ്റ്റാന്‍ഡേര്‍ഡൈസ് പരീക്ഷണം വിജയകരമായി മുന്നോട്ടു പോകുകയാണെന്ന് അധികൃതര്‍ അറിയിച്ചു. 5 ജിയുടെ ലാബ് പരിശോധനകള്‍ നവംബറില്‍ തന്നെ ആരംഭിച്ചിരുന്നു.

ഉയര്‍ന്ന വേഗതയിലുള്ള 5 ജി നെറ്റ്‌വര്‍ക്ക് വൈകാതെ രാജ്യത്ത് ഉപയോഗിച്ചു തുടങ്ങാനാകും. വേഗത്തിനൊപ്പം ശേഷി, അതിവേഗ പ്രതികരണം എന്നിവയെല്ലാം വര്‍ധിക്കും. ഔദ്യോഗികമായി രാജ്യത്ത് ഫൈവ് ജി ലഭ്യമാക്കുന്നതിനു മുന്നോടിയായുള്ള പരീക്ഷണമാണ് ഇപ്പോള്‍ ഖത്വര്‍ എയര്‍വേയ്‌സുമായി ചേര്‍ന്ന് നടത്തി വരുന്നതെന്ന് കമ്പനി അറിയിച്ചു. മേഖലയില്‍ ആദ്യമായാണ് 5 ജി നെറ്റ്‌വര്‍ക്ക് സേവനം ഉപയോഗത്തിനായി ലഭ്യമാകുന്നത്. ഉരീദുവിന്റെ സൂപ്പര്‍നെറ്റ് ശേഷി ഉയര്‍ത്തിയാണ് ഫൈവ് ജിയാക്കി പരീക്ഷണ പ്രദേശത്ത് വികസിപ്പിച്ചത്.

ബിസിനസ് സ്ഥാപനങ്ങള്‍ക്ക് തങ്ങളുടെ ഡിജിറ്റല്‍ സ്രോതസ്സുകള്‍ പൂര്‍ത്തിയാക്കുന്നതിനും സുഗമമായി ഉപയോഗിക്കുന്നതിനും ഫൈവ് ജി നെറ്റ്‌വര്‍ക്ക് സഹായകമാകുമെന്ന് ഉരീദു സി ഇ ഒ വലീദ് അല്‍ സായിദ് പറഞ്ഞു. ഖത്വര്‍ ഡിജിറ്റല്‍ ഇക്കോണമി രംഗത്ത് വലിയ സ്വാധീനം ചെലുത്തുന്നതാകും ഈ സേവനം. ബിസിനസ് ഉപഭോക്താക്കള്‍ക്ക് വര്‍ധിച്ച സാധ്യതകളാണ് ഇതോടെ കൈവരുന്നതെന്നും അദ്ദേഹം പറഞ്ഞു. എത്തിപ്പെടാന്‍ പ്രയാസമുള്ള പ്രദേശങ്ങളിലെ കോര്‍പേറേറ്റ് ഉപഭോക്താക്കള്‍ക്ക് റേഡിയോ ടെക്‌നോളജി വഴി ഫൈവ് ജി സേവനം ഉപയോഗിക്കാന്‍ സാധിക്കും.

ലോകത്ത് മികച്ചതും അത്യാധുനികവുമായ നെറ്റ്‌വര്‍ക്ക് സൗകര്യം നല്‍കുന്ന രാജ്യമാണ് ഖത്വര്‍. ഏറ്റവും പുതിയ ഫൈവ് ജി ഉപകരണങ്ങള്‍, സോഫ്റ്റ്‌വെയര്‍, സ്‌പെക്ട്രം ആവശ്യങ്ങള്‍ തുടങ്ങിയ ഫൈവ് ജി സംവിധാനങ്ങള്‍ ലഭ്യമാക്കുന്നതിനും ഉരീദു വന്‍തോതില്‍ നിക്ഷേപം നടത്തി വരുന്നുണ്ട്. രാജ്യത്ത് നാഴികക്കല്ല് സൃഷ്ടിച്ചു കൊണ്ട് 5 ജി ഉപയോഗത്തില്‍ വരുമ്പോള്‍ ആദ്യത്തെ ഉപഭോക്താവാകാന്‍ ഭാഗ്യം ലഭിച്ച ഖത്വര്‍ എയര്‍വേയ്‌സിനെ അഭിനന്ദിക്കുന്നതായി അദ്ദേഹം പറഞ്ഞു. വൈകാതെ തന്നെ രാജ്യത്തെ എല്ലാ ഉപഭോക്താക്കള്‍ക്കുമായി സേവനം ലഭ്യമാക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. ഡ്രൈവറില്ലാത്ത കാര്‍, സ്മാര്‍ട്ട് റോഡുകള്‍, വിര്‍ച്വല്‍ ഓഗ്മെന്റഡ് റിയാലിറ്റി പോലുള്ള അത്യാധുനിക സംവിധാനങ്ങള്‍ ഉപയോഗിക്കാനുള്ള സൗകര്യംകൂടിയാണ് ഉരീദു ഫൈവ് ജിയിലൂടെ ലഭ്യമാകുന്നത്.