ഇടത് ആശയങ്ങളുമായി യോജിക്കുന്നവരെ മാത്രമാണ് മുന്നണിക്ക് ആവശ്യമെന്ന് കാനം

  • ജെഡിയു, ആര്‍എസ്പി തുടങ്ങി എല്‍ഡിഎഫ് മുന്നണി വിട്ടുപോയ എല്ലാ പാര്‍ട്ടികളെയും തിരിച്ചെടുക്കാം.
  • അഴിമതിക്കാരെയും അവസരവാദികളെയും കുത്തിനിറച്ചല്ല മുന്നണി വികസിപ്പിക്കേണ്ടത്.
Posted on: December 16, 2017 3:19 pm | Last updated: December 16, 2017 at 3:19 pm

തിരുവനന്തപുരം: ഇടത് ആശയങ്ങളുമായി യോജിക്കുന്നവരെ മാത്രമാണ് മുന്നണിക്ക് ആവശ്യമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. കെഎം മാണിയെ വെള്ളപൂശിക്കൊണ്ടുവരുന്ന കാര്യം ഇടതുമുന്നണി ചര്‍ച്ച ചെയ്തിട്ടില്ല. വിഷയം ഇടതുമുന്നണിയില്‍ ചര്‍ച്ചയ്ക്കു വന്നാല്‍ വേണ്ടെന്ന നിലപാട് അറിയിക്കും. മാണിയുടെ അഴിമതിക്കെതിരെ നടത്തിയ പ്രസംഗങ്ങള്‍ മറക്കാന്‍ സമയമായിട്ടില്ലെന്നും കാനം മലപ്പുറത്ത് പറഞ്ഞു.

കേരള കോണ്‍ഗ്രസ്(എം)ന്റെ മഹാസമ്മേളനം കോട്ടയത്തു നടക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് കാനം പ്രതികരണവുമായി രംഗത്തെത്തിയത്. മഹാസമ്മേളനത്തില്‍ മുന്നണി പ്രവേശനത്തെക്കുറിച്ചുള്ള പ്രഖ്യാപനമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.

അഴിമതിക്കാരെയും അവസരവാദികളെയും കുത്തിനിറച്ചല്ല മുന്നണി വികസിപ്പിക്കേണ്ടതെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു. മുന്നണിയില്‍ നിന്ന് മുമ്പ് വിട്ടുപോയ പാര്‍ട്ടികളെ തിരിച്ചെടുക്കുന്ന കാര്യം മുന്നണി യോഗത്തില്‍ ചര്‍ച്ച ചെയ്തിരുന്നു. ഇക്കാര്യത്തില്‍ സിപിഐക്ക് കൃത്യമായി നിലപാടുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
ജെഡിയു, ആര്‍എസ്പി തുടങ്ങി എല്‍ഡിഎഫ് മുന്നണി വിട്ടുപോയ എല്ലാ പാര്‍ട്ടികളെയും തിരിച്ചെടുക്കാം. എന്നാല്‍, കെഎം മാണിയെ വേണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.