Connect with us

National

സ്വകാര്യ മേഖലയില്‍ കൃത്രിമ ബീജദാന കേന്ദ്രങ്ങള്‍ തുടങ്ങാന്‍ നീക്കം

Published

|

Last Updated

കണ്ണൂര്‍: കന്നുകാലികളില്‍ കൃത്യമായ പ്രത്യുത്പാദന നയം നിലവിലുള്ള ഏക സംസ്ഥാനമെന്ന പേരുള്ള കേരളത്തിലും സ്വകാര്യമേഖലയില്‍ കൃത്രിതിമ ബീജദാന കേന്ദ്രങ്ങള്‍ തുടങ്ങാനുള്ള നീക്കം സജീവമായതായി ആക്ഷേപം. സംസ്ഥാനത്തെ എല്ലാ പഞ്ചായത്തിലും ഒന്നോ അതിലധികമോ കൃത്രിമ ബീജദാന കേന്ദ്രങ്ങള്‍ ഉണ്ടെന്നിരിക്കെ സാങ്കേതിക പരിജ്ഞാനമില്ലാത്തവരെ ഉപയോഗിച്ച് ക്രിത്രിമ ബീജാധാന കേന്ദ്രങ്ങള്‍ തുടങ്ങാനാണ് നടപടികള്‍ പുരോഗമിക്കുന്നത്.

സംസ്ഥാനത്ത് നിലവില്‍ കൃത്രിമ ബീജദാനത്തിനായി 1358 വെറ്ററിനറി സബ്‌സെന്ററുകളും 1500 ഓളം വെറ്ററിനറി സ്ഥാപനങ്ങളും ബീജദാനം നടത്താന്‍ യോഗ്യതയുള്ള 3000 ത്തോളം ലൈവ്‌സ്‌റ്റോക്ക് ഇന്‍സ്‌പെക്ടര്‍മാരും ആയിരത്തില്‍പരം ഡോക്ടര്‍മാരും നിലനില്‍ക്കവെയാണ് ഈ മേഖല സ്വകാര്യവത്കരിക്കാനുള്ള നീക്കം നടക്കുന്നത്.
ക്ഷീരസംഘങ്ങളുമായോ മറ്റോ ബന്ധപ്പെട്ട് പ്രാദേശികമായി ബീജാധാന കേന്ദ്രങ്ങള്‍ തുടങ്ങാനാണ് നീക്കമെന്നാണ് ആരോപണമുയര്‍ന്നിട്ടുള്ളത്. ഇത്തരം കേന്ദ്രങ്ങള്‍ തുടങ്ങിയാല്‍ ഇത് ക്ഷീര മേഖലക്ക് കനത്ത തിരിച്ചടിയാണ് നല്‍കുകയെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട് .ബീഹാര്‍ പോലുള്ള ചില ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നേരത്തെ പരീക്ഷിച്ച പദ്ധതിയാണിത്് .കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്താണ് ഇത്തരത്തിലുള്ള ആലോചന ഉടലെടുത്തത്.എന്നാല്‍ ഉദ്യോഗസ്ഥരില്‍ നിന്ന് കനത്ത പ്രതിഷേധം ഉയര്‍ന്നതിനെത്തുടര്‍ന്ന് അത് നിലച്ചിരുന്നു.

ഇപ്പോള്‍ വീണ്ടും സ്വകാര്യവത്കരണ നീക്കം അണിയറയില്‍ നടക്കുന്നതായാണ് ആക്ഷേപം. പാലിന്റെയും പാലുത്പന്നങ്ങളുടെയും വര്‍ധിച്ച ആവശ്യത്തിനനുസരിച്ച് അവ ലഭ്യമാകണമെങ്കില്‍ കന്നുകാലികളുടെ ജനിതക ഗുണങ്ങള്‍ വര്‍ധിപ്പിക്കുകയും ഇതുവഴി ഉത്പാദനക്ഷമത കൂടുതലുള്ള സങ്കരയിനം പശുക്കളെ വളര്‍ത്തിയെടുക്കുകയും വേണം. ഇത് ലക്ഷ്യമാക്കിയാണ് കന്നുകാലി വികസന പദ്ധതിയുടെ കീഴില്‍ കൃത്രിമ ബീജസങ്കലന കേന്ദ്രങ്ങള്‍ സംസ്ഥാനത്ത് തുടങ്ങിയത്. ഇതിന്റെ ഭാഗമായി സംസ്ഥാനത്ത് ഒരു പഞ്ചായത്തില്‍ ഒരു വെറ്ററിനറി ആശുപത്രിക്കു പുറമെ രണ്ട് വെറ്ററിനറി സബ്‌കേന്ദ്രങ്ങളില്‍ കൃത്രിമ ബീജദാനത്തിനുള്ള സൗകര്യങ്ങള്‍ ഒരുക്കിയിരുന്നു്. ഇതിനായി ആവശ്യമുളള്ള ഉദ്യോഗസ്ഥരെയും സജ്ജമാക്കി. ലൈവ്‌സ്റ്റോക്ക് മാനേജ്‌മെന്റ് പഠനവും പിന്നീട് ഒരു വര്‍ഷത്തോളം നീണ്ട പരിശീലനവും പൂര്‍ത്തിയാക്കിയാണ് കന്നുകാലികള്‍ക്ക് കൃത്രിമ ബീജദാനം നടത്താനുള്ള യോഗ്യത ബന്ധപ്പെട്ടവര്‍ നേടുന്നത്. എന്നാല്‍ ഇത് സ്വകാര്യവല്‍ക്കരിച്ചാല്‍ ഏതാനും ദിവസത്തെ പരിശീലനം മാത്രം ലഭിക്കുന്ന നിശ്ചിത യോഗ്യതയില്ലാത്തവരായിരിക്കും ജോലിക്ക് നിയോഗിക്കപ്പെടുക. ഇത് ഗുണത്തിലേറെ ദോഷമാണ് ക്ഷീരമേഖലക്കുണ്ടാക്കുകയെന്നാണ് ലൈവ്‌സ്റ്റോക്ക് ഇന്‍സ്‌പെക്ടര്‍മാര്‍ ചൂണ്ടിക്കാട്ടുന്നത്.

നിലവിലുള്ള ഉത്പാദനനയം അനുസരിച്ച് ജഴ്‌സി,ഹോള്‍സ്റ്റീന്‍ ഫ്രീഷന്‍എന്നീ വിദേശ ജനുസ്സു കാളകളുടെ ബീജമാണ് കന്നുകാലികളിലെ പ്രത്യുത്പാദനത്തിന് ഉപയോഗിച്ചുവരുന്നത്. മിക്കവാറും കര്‍ഷകര്‍ക്ക് ജഴ്‌സി ഇനത്തിനോടാണ് താത്പര്യം. പാലില്‍ കൂടുതല്‍ കൊഴുപ്പുള്ളതുകൊണ്ടും
രോഗം താരതമ്യേന കുറവായതിനാലും കേരളത്തിന്റെ കലാവസ്ഥക്ക് അനുയോജ്യമായതിനാലുമാണ് ജഴ്‌സിക്ക് കൂടുതല്‍ പരിഗണന ലഭിക്കുന്നത്. പാലില്‍ കൊഴുപ്പു കുറവാണെങ്കിലും ഹോള്‍സ്റ്റീന്‍ ഇനത്തിന് പാലിന്റെ അളവ് വളരെ കൂടുതലായിരിക്കും. അതിനാല്‍ ചില സ്ഥലങ്ങളില്‍ കര്‍ഷകര്‍ ഈ ഇനത്തിനേയും വളര്‍ത്താനും ഇഷ്ടപ്പെടുന്നുണ്ട്.ഇത്തരത്തില്‍ കര്‍ഷകരുടെ ആവശ്യം കൂടി കണ്ടെത്തിയാണ് മൃഗസംരക്ഷണ വകുപ്പിന് കീഴിലുള്ള പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ ശക്തിപ്പെടുത്തിയത്. സൂക്ഷ്മമായും ഏറെ കാര്യക്ഷമമായും നടത്തേണ്ട പ്രവര്‍ത്തനങ്ങളാണ് കന്നുകാലി വികസന പദ്ധതിയുടെ ഭാഗമായി നടക്കുന്നത്.

ബ്യൂറോ ചീഫ്, സിറാജ്, കൊച്ചി