Connect with us

Gulf

ദുബൈ സഫാരി; അടുത്ത മൂന്ന് ദിവസങ്ങളില്‍ പ്രവേശനം കുടുംബങ്ങള്‍ക്ക് മാത്രം

Published

|

Last Updated

ദുബൈ: ലോകോത്തര വന്യമൃഗ കാഴ്ചകളൊരുക്കി ആരംഭിച്ച ദുബൈ സഫാരി പാര്‍കില്‍ മൂന്നു ദിനങ്ങളിലായി എത്തിയത് 20,000ത്തോളം പേര്‍. രണ്ടാം ദിനത്തില്‍ മാത്രം എത്തിയത് 10,000 പേരാണ്. ക്ഷണിക്കപ്പെട്ട അതിഥികള്‍ക്കും മാധ്യമ പ്രവര്‍ത്തകര്‍ക്കുമായി പ്രവേശനം അനുവദിച്ച ആദ്യദിനം നാലായിരം പേരാണ് പാര്‍കിലെ വ്യത്യസ്തമാര്‍ന്ന പുതുലോകം കാണുവാന്‍ എത്തിയത്. സ്‌കൂള്‍ കുട്ടികള്‍, യു എ ഇയിലെ താമസക്കാര്‍, ആഗോള വിനോദ സഞ്ചാരികള്‍ എന്നിവരടക്കം ഒട്ടനവധി രാജ്യക്കാരാണ് പാര്‍ക്കിലേക്കെത്തിയത്.

ദുബൈ സഫാരി ഈ വര്‍ഷത്തെ ഏറ്റവും മികച്ച പുതു പദ്ധതിയാണ്. പൊതുജനങ്ങള്‍ക്കായി ആരംഭിച്ച പാര്‍കില്‍ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഔദ്യോഗിക ഉദ്ഘാടനം ജനുവരിയിലാണ്. അതേസമയം, അതുവരെ സൗജന്യ പ്രവേശനം അനുവദിക്കും. ഇന്നു മുതല്‍ മൂന്ന് ദിവസത്തേക്ക് കുടുംബങ്ങള്‍ക്ക് മാത്രമേ പ്രവേശനമുള്ളൂ. സൗജന്യ പ്രവേശനം ഈ മാസം 26 വരെയാണ്. ആഴ്ചവട്ടങ്ങളില്‍ വന്‍ ജനാവലിയെയാണ് പ്രതീക്ഷിക്കുന്നത്.

ദുബൈ നഗരസഭ ലോകോത്തരമായ സൗകര്യങ്ങളാണ് പദ്ധതിയോടൊപ്പം ഒരുക്കിയിട്ടുള്ളത്. കുടുംബങ്ങള്‍ക്കും ബാച്ചിലര്‍ സമൂഹത്തിനായി അതിനൂതനമായ സൗകര്യത്തോടെ കാഴ്ചകള്‍ ആസ്വദിക്കുന്നതിന് വന്യ മൃഗങ്ങളടക്കം ജന്തുജാലങ്ങള്‍ക്ക് അവയുടെ തനത് ആവാസ വ്യവസ്ഥ ഒരുക്കിയാണ് സഫാരി പാര്‍ക് പൂര്‍ത്തീകരിച്ചിട്ടുള്ളതെന്ന് ദുബൈ നഗരസഭക്ക് കീഴിലെ ലെഷ്വര്‍ ഫെസിലിറ്റി വിഭാഗം ഡയറക്ടര്‍ ഖാലിദ് അല്‍ സുവൈദി പറഞ്ഞു. പ്രകൃതി സൗഹൃദ പദ്ധതി സുസ്ഥിരമായ നഗര വികസന ശ്രമങ്ങള്‍ക്ക് കരുത്തുപകരുന്നതിനാണ് ഒരുക്കിയിട്ടുള്ളത്. ആഗോള തലത്തില്‍ മികച്ച നഗരങ്ങളിലൊന്നെന്ന ഖ്യാതി വര്‍ധിക്കുന്നതോടൊപ്പം ലോകത്തെ മികച്ച അഞ്ച് വന്യമൃഗ സംരക്ഷണ കേന്ദ്രങ്ങളിലൊന്ന് എന്ന നിലയിലേക്ക് ദുബൈ സഫാരി ഉയരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് അഞ്ചു വരെയാണ് സന്ദര്‍ശക സമയം. അടുത്ത മാസത്തെ ഔദ്യോഗിക ഉദ്ഘാടനത്തിന് ശേഷം സന്ദര്‍ശകര്‍ക്ക് പൊതു അവധി ദിനങ്ങളിലടക്കം രാവിലെ ഒമ്പത് മുതല്‍ രാത്രി ഒമ്പത് വരെ പ്രവേശനം അനുവദിക്കും. അല്‍ വര്‍ഖ 5ല്‍ ദുബൈ ഡ്രാഗണ്‍ മാര്‍ട്ടിനോട് ചേര്‍ന്നാണ് ദുബൈ സഫാരി പാര്‍ക് ഒരുക്കിയിട്ടുള്ളത്.