സവിശേഷ കാഴ്ചകളൊരുക്കി ദുബൈ ഫ്രെയിം മിനുക്കുപണികള്‍ അന്തിമഘട്ടത്തില്‍

Posted on: December 15, 2017 8:04 pm | Last updated: December 15, 2017 at 8:04 pm

ദുബൈ: ലോകോത്തര വന്യതയുടെ വ്യത്യസ്ത കാഴ്ചകളൊരുക്കുന്ന ദുബൈ സഫാരി പാര്‍കിന്റെ പ്രവര്‍ത്തന ആരംഭത്തോടൊപ്പം മറ്റൊരു അത്ഭുത കാഴ്ചക്കുകൂടി ദുബൈ നഗരസഭ സൗകര്യമൊരുക്കുന്നു. ദുബൈ ഫ്രെയിമിന്റെ അകത്തളങ്ങളിലെ വീഡിയോകള്‍ നഗരസഭ സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തു. ലോക വിനോദ സഞ്ചാര ഭൂപടത്തില്‍ പുതിയൊരു ശ്രദ്ധാ കേന്ദ്രത്തിന് ഇടമൊരുക്കാനാണ് ദുബൈയുടെ ശ്രമം. നിര്‍മാണം പൂര്‍ത്തീകരിച്ച ദുബൈ ഫ്രെയിമിന്റെ അവസാനവട്ട ഒരുക്കങ്ങള്‍ നഗരസഭാ ഡയറക്ടര്‍ ജനറല്‍ എഞ്ചി. ഹുസൈന്‍ നാസര്‍ ലൂത്ത പരിശോധിച്ചു. കഴിഞ്ഞ ദിവസം എഞ്ചി. ലൂത്ത ഒരുക്കങ്ങള്‍ പരിശോധിക്കുന്ന വീഡിയോയാണ് നഗരസഭ അധികൃതര്‍ സമൂഹ മാധ്യമങ്ങളില്‍ പുറത്തു വിട്ടത്.

2013ല്‍ ആരംഭിച്ച നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഇപ്പോള്‍ അവസാന ഘട്ടത്തിലാണ്. 150 മീറ്റര്‍ ഉയരമുള്ള ദുബൈ ഫ്രെയിം 93 മീറ്റര്‍ നീളമുള്ള ഒരു പ്രധാന പാലത്താല്‍ ബന്ധിക്കപ്പെട്ട ഇരു കെട്ടിടങ്ങളാണ്. ദുബൈ ഫ്രെയിമിനകത്തു പ്രവേശിക്കുന്ന സന്ദര്‍ശകര്‍ക്ക് ദുബൈ നഗരത്തിന്റെ പുരാതന കാലത്തെ സവിശേഷ സംഭവ വികാസങ്ങളെ സൂചിപ്പിക്കുന്ന വിവിധ പ്രദര്‍ശനങ്ങള്‍, സൂചകങ്ങള്‍, വിവരണങ്ങള്‍ എന്നിവ ദര്‍ശിക്കാനാവും. അതി പുരാതന ദുബൈയുടെ വ്യാപാര കാലങ്ങളെ സൂചിപ്പിക്കുന്നതോടൊപ്പം നൂതന കാലത്തേക്കുള്ള വളര്‍ച്ചയുടെ വിവിധ ഘട്ടങ്ങളെ സൂചിപ്പിക്കുന്ന പ്രദര്‍ശനങ്ങളും ദുബൈ ഫ്രെയിമില്‍ ഒരുക്കിയിട്ടുണ്ട്.

ദുബൈ ഫ്രെയിമിന്റെ മേല്‍ തട്ടിലെ വീക്ഷണ പ്രതലത്തില്‍ ദുബൈയുടെ ആധുനിക, പുരാതന കാഴ്ചകള്‍ ഒരേ വീക്ഷണ തലത്തില്‍ നിന്നും ദര്‍ശിക്കാമെന്നത് പ്രത്യേകതയാണ്.