Connect with us

Ongoing News

ബ്ലാസ്റ്റേഴ്‌സ് - നോര്‍ത്ത് ഈസ്റ്റ് പോരാട്ടം ഇന്ന്

Published

|

Last Updated

കൊച്ചി: നാല് മത്സരം, മൂന്ന് സമനില, ഒരു തോല്‍വി, മൂന്ന് ഗോളടിച്ചപ്പോള്‍ ആറെണ്ണം തിരികെവാങ്ങി. നാലാം സീസണില്‍ ഇതുവരെ കാര്യമായ നേട്ടങ്ങളൊന്നും അവകാശപ്പെടാനില്ലാത്ത കേരളാ ബ്ലാസ്റ്റേഴ്‌സ് ഇന്ന് അഞ്ചാം മത്സരത്തിനിറങ്ങുന്നു. സ്വന്തം തട്ടകത്തില്‍ നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡാണ് എതിരാളികള്‍.

മൂന്ന് ഹോം മത്സരങ്ങള്‍ കഴിഞ്ഞിട്ടും വിജയം ഇപ്പോഴും ബ്ലാസ്റ്റേഴ്‌സിന് അകലെയാണ്. അതിനുപിന്നാലെ ഗോവക്കെതിരെ ഞെട്ടിക്കുന്ന തോല്‍വിയും. സ്വന്തം മൈതാനത്ത് ഗോള്‍ പിറക്കുന്നത് കാണാന്‍ മൂന്നാം മത്സരം വരെ കാത്തിരുന്ന കാണികള്‍ക്ക് ഇനി വേണ്ടത് വിജയം മാത്രമാണ്. വൈകീട്ട് എട്ടിനാണ് കിക്കോഫ്.
ഇന്ന് നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡിനെതിരെ റെനി മ്യൂളെന്‍സ്റ്റീനും കുട്ടികള്‍ക്കും വിജയം നിര്‍ണായകമാണ്. ഗോവയില്‍ നിന്നേറ്റ തോല്‍വിയുടെ നടുക്കത്തില്‍ നിന്നും തിരിച്ചുകയറുക മാത്രമല്ല, വിജയവഴിയിലേക്ക് എത്തേണ്ടതും ടീമിന് അനിവാര്യമായിരിക്കുകയാണ്.
ഈ സീസണില്‍ ഹോം ഗ്രൗണ്ടില്‍ ശേഷിക്കുന്നത് അഞ്ച് കളികള്‍ മാത്രമാണ്. ബെംഗളൂരു, പൂനെ, ഗോവ, ചെെന്നെ എന്നീ ശക്തമായ ടീമുകള്‍ക്കെതിരെയാണ് നാല് കളികള്‍. ശേഷിക്കുന്ന കളി ഡല്‍ഹിക്കെതിരെയും.
നോര്‍ത്ത് ഈസ്റ്റിനെതിരെ മികച്ചൊരു വിജയത്തോടെ കരുത്ത് തെളിയിച്ചില്ലെങ്കില്‍ ടൂര്‍ണമെന്റിലേക്ക് തിരിച്ചുവരാന്‍ കഠിന പ്രയത്‌നം തന്നെ നടത്തേണ്ടിവരും.
നോര്‍ത്ത് ഈസ്റ്റിനെതിരെ സ്വന്തം മൈതാനത്ത് മികച്ച റെക്കോര്‍ഡുള്ളതാണ് ബ്ലാസ്റ്റേഴ്‌സിന്റെ ആത്മവിശ്വാസം. കൊച്ചിയില്‍ ഇതുവരെ നോര്‍ത്ത് ഈസ്റ്റ് ബ്ലാസ്റ്റേഴ്‌സിനെ പരാജയപ്പെടുത്തിയിട്ടില്ല. സീസണില്‍ ഇക്കുറി നോര്‍ത്ത് ഈസ്റ്റിനും അവകാശപ്പെടാന്‍ മികച്ച നേട്ടങ്ങളൊന്നുമില്ല. നാല് മത്സരങ്ങളില്‍ ഒരെണ്ണം വിജയിച്ചപ്പോള്‍ രണ്ടെണ്ണത്തില്‍ തോല്‍വിയായിരുന്നു ഫലം. ഒരു മത്സരം സമനിലയായി. നാല് പോയിന്റുമായി ഏഴാം സ്ഥാനത്താണ് നോര്‍ത്ത് ഈസ്റ്റ്. മൂന്ന് പോയിന്റുള്ള കേരളം എട്ടാം സ്ഥാനത്താണ്. നോര്‍ത്ത് ഈസ്റ്റില്‍ നിന്നുള്ള അസിസ്റ്റന്റ് കോച്ച് താങ്ങ് ബോയ് സിങ്‌തോയി ബ്ലാസ്റ്റേഴ്‌സിന് ആത്മവിശ്വാസം നല്‍കുന്നുണ്ട്. സിങ്‌തോയില്‍ നിന്നും നോര്‍ത്ത് ഈസ്റ്റിന്റെ ശൈലിയെക്കുറിച്ച് മനസ്സിലാക്കിയിട്ടുണ്ടെന്ന് റെനി മ്യൂളന്‍സ്റ്റീന്‍ പറഞ്ഞു.

അതേസമയം, ഇരുടീമിലേയും പ്രമുഖ താരങ്ങള്‍ പരുക്കിന്റെ പിടിയിലാണ്. ഗോവക്കെതിരെ പരുക്കുപറ്റി പുറത്തുപോയ േകരളത്തിന്റെ സൂപ്പര്‍ താരം ബര്‍െബറ്റോവ് ഇന്ന് ഇറങ്ങില്ല. നേരിയ പരുക്കുള്ള ഇയാന്‍ ഹ്യൂം കളിക്കുമോയെന്ന് കോച്ച് ഉറപ്പുപറയുന്നില്ല.
ഡല്‍ഹിക്കെതിരെ ചുവപ്പുകാര്‍ഡു കണ്ട് പുറത്തുപോയ സി കെ വിനീത് തിരിച്ചുവരുന്നത് ടീമിന് ഉണര്‍വേകും. മറുവശത്ത് നോര്‍ത്ത് ഈസ്റ്റിന്റെ ഒന്നാം നമ്പര്‍ ഗോളി മലയാളി ടി പി രഹ്‌നേഷും പരുക്കിന്റെ പിടിയിലാണ്. രഹ്‌നേഷ് ആദ്യ ഇലവനില്‍ ഉണ്ടാകുമോ എന്ന് ഉറപ്പായിട്ടില്ല.
കഴിഞ്ഞ മത്സരങ്ങളില്‍ പുറത്തിരുന്ന ബ്ലാസ്റ്റേഴ്‌സിന്റെ, മാഞ്ചസ്റ്റര്‍ യുനൈറ്റഡ് താരം വെസ്ബ്രൗണ്‍ കളത്തിലിറങ്ങുമോ എന്നും വ്യക്തമല്ല. ഗോവക്കെതിരെ തകര്‍ന്നുപോയ മഞ്ഞപ്പടയുടെ പ്രതിരോധം ഉടച്ചുവാര്‍ക്കാന്‍ റെനി മ്യൂളന്‍സ്റ്റീന്‍ തയ്യാറായാല്‍ വെസ്ബ്രൗണിനായിരിക്കും ആദ്യ പരിഗണന. ഗോളടിച്ച് ലീഡെടുത്തശേഷമായിരുന്നു കഴിഞ്ഞ രണ്ട് മത്സരങ്ങളിലും ബ്ലാസ്റ്റേഴ്‌സ് പിന്നോട്ട് പോയത്. പ്രതിരോധത്തിന്റെ പിഴവില്‍ നിന്നായിരുന്നു കഴിഞ്ഞ മത്സരത്തില്‍ ഗോവ ഗോളുകള്‍ അടിച്ചുകൂട്ടിയത്.
ഒറ്റ സ്‌ട്രൈക്കറെ ആക്രമണചുമതല ഏല്‍പ്പിച്ച് ആക്രമോത്സുക മധ്യനിര ഒരുക്കുന്ന തന്ത്രം തന്നെയായിരിക്കും ഇക്കുറിയും കോച്ച് പരീക്ഷിക്കുക. സിഫ്‌നിയോസോ ഹ്യൂമോ ആയിരിക്കും മുന്നേറ്റ നിരയില്‍. മധ്യനിരയില്‍ ജാക്കിചന്ദ് സിംഗും സി കെ വിനീതും പെക്കുസണും അരാറ്റ ഇസുമിയും ഇറങ്ങും. പ്രതിരോധം കാക്കാന്‍ ജിങ്കനൊപ്പം ആരൊക്കെയുണ്ടാകുമെന്നാണ് വ്യക്തമല്ലാത്തത്. ഹോം മത്സരങ്ങളില്‍ മികവ് പ്രകടിപ്പിച്ച പ്രതിരോധ നിരയില്‍ കോച്ച് വിശ്വാസം തുടര്‍ന്നാല്‍ വെസ്ബ്രൗണിന് സാധ്യത കുറയും. മികച്ച പ്രകടനം തുടരുന്ന റെച്ചുബക്ക് തന്നെയായിരിക്കും ബാറിന് കീഴില്‍.

ബ്രസീലിയന്‍ സ്ട്രൈക്കര്‍മാരായ ഡാനിലോ ലോപ്പസും മാഴ്സെഞ്ഞോയും അണിനിരക്കുന്ന നോര്‍ത്ത് ഈസ്റ്റിനും ശക്തമായ താരനിരയാണുള്ളത്.
ഇന്ത്യന്‍ താരം നിര്‍മല്‍ ഛേത്രി, റീഗന്‍ സിംഗ്, പോര്‍ച്ചുഗല്‍താരം ഹോസെ ഗൊണ്‍സാല്‍വസ്, ഗിനിയയുടെ സാംബിഞ്ഞോ എന്നിവരായിരിക്കും പ്രതിരോധം കാക്കുക. വിംഗര്‍മാരായി ഹോളിചരണ്‍ നര്‍സാരിയും ഡംഗലും കളത്തിലിറങ്ങിയേക്കും.

 

 

sijukm707@gmail.com