Connect with us

Kerala

തൂക്കുകയര്‍ കാത്തിരിക്കുന്നത് 17 പേര്‍

Published

|

Last Updated

പാലക്കാട്: പെരുമ്പാവൂര്‍ സ്വദേശിനിയായ നിയമ വിദ്യാര്‍ഥിനി കൊല്ലപ്പെട്ട കേസില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയ അമീറുല്‍ ഇസ്‌ലാമിന് ഹൈക്കോടതി വധശിക്ഷ വിധിച്ചതോടെ സംസ്ഥാനത്ത് വധശിക്ഷ കാത്തുകഴിയുന്നവരുടെ എണ്ണം പതിനേഴായി ഉയര്‍ന്നു. ഇവരില്‍ ഏഴ് പേര്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലും ബാക്കിയുള്ളവര്‍ പൂജപ്പുര സെന്‍ട്രല്‍ ജയിലിലുമാണ്.

വധശിക്ഷക്ക് വിധിക്കപ്പെട്ടവരെ മറ്റ് തടവുകാരുമായി ഇടപഴകാന്‍ അനുവദിക്കാറില്ല. ഇവരക്കൊണ്ട് ജയിലിലെ മറ്റു ജോലികള്‍ ചെയ്യിപ്പിക്കാറുമില്ല. വധശിക്ഷ കാത്തുകഴിയുന്നവരില്‍ പലരും ഇളവിനായി രാഷ്ട്രപതിക്ക് ദയാഹരജി നല്‍കിയിട്ടുണ്ട്. വധശിക്ഷക്ക് വിധിക്കപ്പെട്ടവര്‍ ദീര്‍ഘകാലം
തടവില്‍ കഴിയേണ്ടി വരുന്നത് കടുത്ത മനുഷ്യാവകാശ ലംഘനമാണെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്.
ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകളെ വധശിക്ഷക്ക് വിധേയരാക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യക്ക് ഏഴാം സ്ഥാനമാണ്.
കേരളത്തില്‍ റിപ്പര്‍ ചന്ദ്രന്‍ ആണ് തൂക്കിലേറ്റപ്പെട്ട അവസാന വ്യക്തി. 15 പേരെ കൊന്ന റിപ്പര്‍ ചന്ദ്രന്റെ ശിക്ഷ 1991 ജൂലൈ ആറിന് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലാണ് നടപ്പിലാക്കിയത്. കോളിളക്കം സൃഷ്ടിച്ച ആലുവ കൂട്ടക്കൊല കേസ് പ്രതി ആന്റണി വിധി കാത്തുകിടക്കാന്‍ തുടങ്ങിയിട്ട് 12 വര്‍ഷത്തോളമായി. വധശിക്ഷയില്‍ ഇളവ് വേണമെന്ന പൊതുതാത്പര്യ ഹരജി ഹൈക്കോടതി തള്ളി. എന്നാല്‍ വധശിക്ഷക്കെതിരെ സുപ്രീം കോടതിയില്‍ നല്‍കിയ പുനഃപരിശോധനാ ഹരജിയില്‍ ആന്റണിയുടെ വധശിക്ഷ താത്കാലികമായി സ്‌റ്റേ ചെയ്തിരിക്കുകയാണ്. പുത്തന്‍വേലിക്കര ബേബി വധക്കേസ് ജയാനന്ദന്‍ പൂജപ്പുര സെന്‍ട്രല്‍ ജയിലിലാണ്. കണിച്ചുകുളങ്ങര കൊലക്കേസ് പ്രതി ഉണ്ണി, എറണാകുളം സെഷന്‍സ് കോടതി വധശിക്ഷക്ക് വിധിച്ച റശീദ്, കല്‍പ്പറ്റ സെഷന്‍സ് കോടതി 2013ല്‍ ശിക്ഷിച്ച അബ്ദുല്‍ ഗഫൂര്‍, മഞ്ചേരി സെഷന്‍സ് കോടതി ശിക്ഷിച്ച അബ്ദുന്നാസര്‍, തൊടുപുഴ പ്രത്യേക കോടതി 2012ല്‍ വധശിക്ഷ വിധിച്ച ഡേവിഡ് എന്നിവരാണ് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്നത്.

കൈനറ്റിക് റബ്ബേഴ്‌സ് ഉടമ ശ്രീധറിനെയും ഭാര്യയെയും കൊലപ്പെടുത്തിയ കേസില്‍ അസം സ്വദേശി പ്രദീപ് ബോറയെ കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതി 2010ലാണ് ശിക്ഷിച്ചത്. ഭാര്യയെയും രണ്ട് പെണ്‍കുട്ടികളെയും കൊലപ്പെടുത്തിയ കേസില്‍ പാലക്കാട് ശിക്ഷിച്ച റെജികുമാര്‍, കായംകുളത്ത് യുവതിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ പ്രതി വിശ്വരാജന്‍ എന്നിവരും വെമ്പായത്ത് പെണ്‍കുട്ടിയെ വീട്ടില്‍ അതിക്രമിച്ചു കയറി കൊലപ്പെടുത്തിയ കേസില്‍ ശിക്ഷിക്കപ്പെട്ട രാജേഷ് കുമാര്‍, മാവേലിക്കരയില്‍ രണ്ട് പേരെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ സന്തോഷ് കുമാര്‍, ചിറയിന്‍കീഴ് സ്വദേശി ശരീഫ്, ആറ്റിങ്ങല്‍ കൊലപാതക കേസില്‍ ശിക്ഷിക്കപ്പെട്ട നിനോ മാത്യു എന്നിവരുമാണ് വധശിക്ഷക്ക് വിധിക്കപ്പെട്ട് സംസ്ഥാനത്തെ വിവിധ ജയിലുകളില്‍ കഴിയുന്നവര്‍.

 

Latest