Connect with us

Gulf

വൈദ്യുത നിരക്കുകള്‍ ഒടുക്കാന്‍ വൈകിയാല്‍ പിഴ ഈടാക്കില്ലെന്ന് ഫിവ

Published

|

Last Updated

ദുബൈ: പൊതുഉപയോഗ ബില്ലുകള്‍ ഒടുക്കുന്നത് വൈകിയാല്‍ ഉപഭോക്താക്കളില്‍ നിന്ന് അധികമായി 100 ദിര്‍ഹം പിഴ ഈടാക്കുന്നുവെന്ന അഭ്യൂഹങ്ങളെ ഫെഡറല്‍ ഇലെക്ട്രിസിറ്റി ആന്‍ഡ് വാട്ടര്‍ അതോറിറ്റി (ഫിവ) നിരസിച്ചു.
നടപടികളൊക്കെ പൂര്‍വസ്ഥിതിയില്‍ തന്നെയാണ്. സേവനങ്ങളില്‍ മാറ്റമൊന്നുമില്ല. 100 ദിര്‍ഹം സേവന നിരക്ക് ഏര്‍പെടുത്തിയിരുന്നതിന്റെ പുനഃ നാമകരണം മാത്രമാണ് നടത്തിയിട്ടുള്ളതെന്ന് ഫിവ ഡയറക്ടര്‍ ജനറല്‍ സൈദ് മുഹമ്മദ് സാലിഹ് പറഞ്ഞു.

പുതിയ സംവിധാനം നിലവില്‍വരുന്നതിന് മുമ്പ് ജല വൈദ്യുത ബില്ലുകള്‍ സമയക്രമത്തിനുള്ളില്‍ അടക്കാത്ത ഉപഭോക്താക്കളില്‍ നിന്നും സേവനങ്ങള്‍ പുനഃസ്ഥാപിക്കുന്നതിന് റീകണക്ഷന്‍ ചാര്‍ജ് എന്ന പേരില്‍ 100 ദിര്‍ഹം ഈടാക്കിയിരുന്നു. ഉപഭോക്താക്കള്‍ക്ക് ബില്ല് നല്‍കി 20 ദിവസം വരെ നിരക്കുകള്‍ ഒടുക്കുന്നതിന് സമയമുണ്ട്. അതേസമയം, 20 ദിവസം കഴിഞ്ഞും ബില്ലുകള്‍ ഒടുക്കാതിരിന്നാല്‍ ജല വൈദ്യുത ബന്ധം വിച്ഛേദിച്ചിരുന്നു. ഇത്തരത്തിലുള്ള കണക്ഷനുകള്‍ പുനഃ സ്ഥാപിക്കുന്നതിനാണ് 100 ദിര്‍ഹം ഈടാക്കിയിരുന്നത്. പുതുക്കിയ സംവിധാനത്തില്‍ ബില്ലുകള്‍ അയച്ചതിന്റെ 20 ദിവസങ്ങള്‍ക്കുള്ളില്‍ നിരക്കുകള്‍ ഒടുക്കിയില്ലെങ്കില്‍ ഉപഭോക്താവിന് ഒരു എസ് എം എസ് സന്ദേശം ലഭിക്കും. എസ് എം എസ് സന്ദേശം അയച്ചതിന് ശേഷം നാല് ദിവസം പിന്നിട്ടിട്ടും തുക ഒടുക്കിയില്ലെങ്കില്‍ ജല-വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കുന്നതിന് 100 ദിര്‍ഹം ഉപഭോക്താക്കളുടെ അക്കൗണ്ടുകളില്‍ ഈടാക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

Latest