Connect with us

National

ഗുജറാത്തിലും ഹിമാചലിലും ബിജെപിക്ക് വൻ വിജയം പ്രവചിച്ച് എക്സിറ്റ് പോൾ ഫലങ്ങൾ

Published

|

Last Updated

ന്യൂഡല്‍ഹി: ഗുജറാത്ത്, ഹിമാചല്‍ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി ജെ പിക്ക് മേല്‍ക്കൈ പ്രവചിച്ച് എക്‌സിറ്റ്‌പോള്‍ ഫലം. അവസാനഘട്ട വോട്ടെടുപ്പ് അവസാനിച്ചതിനു പിന്നാലെയാണ് എക്‌സിറ്റ് പോള്‍ ഫലം പുറത്തുവിട്ടത്. ഗുജറാത്തില്‍ ആകെയുള്ള 182 സീറ്റില്‍ 115 സീറ്റ് ബി ജെ പി നേടുമെന്നാണ് ടൈംസ് നൗ- വി എം ആര്‍ എക്‌സിറ്റ് പോള്‍ ഫലം. കോണ്‍ഗ്രസ് 64ഉം ശേഷിക്കുന്ന സീറ്റുകള്‍ മറ്റ് കക്ഷികളും നേടുമെന്നാണ് എക്‌സിറ്റ് പോള്‍ ഫലം.

ദി റിപ്പബ്ലിക്- സി വോട്ടര്‍ 108 സീറ്റ് ബി ജെ പി നേടുമെന്നാണ് പറയുന്നത്. കോണ്‍ഗ്രസിന് 74 സീറ്റ് ലഭിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 112 സീറ്റുകള്‍ വരെ ബി ജെ പിക്ക് ലഭിക്കുമെന്നാണ് എന്‍ ഡി ടി വി ഫലം പറയുന്നത്. ഹിമാചല്‍ പ്രദേശില്‍ വന്‍ ഭൂരിപക്ഷത്തോടെ ബി ജെ പി അധികാരത്തിലെത്തുമെന്നാണ് മിക്ക സര്‍വേ ഫലങ്ങളും പറയുന്നത്.

ഗുജറാത്തില്‍ പോളിംഗ് 68%

ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിന്റെ അവസാന ഘട്ടത്തില്‍ 68 ശതമാനം പോളിംഗ്. അഹമ്മദാബാദ്, വഡോദര നഗരങ്ങള്‍ ഉള്‍പ്പെടുന്ന വടക്കന്‍, മധ്യ ഗുജറാത്തിലാണ് രണ്ടാം ഘട്ടത്തില്‍ വോട്ടെടുപ്പ് നടന്നത്. പതിനാല് ജില്ലകളിലെ 93 മണ്ഡലങ്ങളിലായി 851 സ്ഥാനാര്‍ഥികളാണ് ജനവിധി തേടിയത്. 2.22 കോടി വോട്ടര്‍മാരാണ് ഇവിടെയുള്ളത്. 2012ല്‍ ഈ സീറ്റുകളില്‍ ബി ജെ പി 52ഉം കോണ്‍ഗ്രസ് 39ഉം മറ്റുള്ളവര്‍ രണ്ടും നേടിയിരുന്നു. വടക്കന്‍ ഗുജറാത്തില്‍ ബി ജെ പിക്കും മധ്യ ഗുജറാത്തില്‍ കോണ്‍ഗ്രസിനുമാണ് മേല്‍ക്കൈ.

അഞ്ചിടങ്ങളില്‍ ഇലക്‌ട്രോണിക് വോട്ടിംഗ് യന്ത്രത്തില്‍ കൃത്രിമം നടന്നതായി ആരോപണമുയര്‍ന്നു. ഇവിടെ വോട്ടിംഗ് യന്ത്രം ബ്ലൂ ടൂത്തുമായി ബന്ധിപ്പിച്ചിട്ടുണ്ടെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി ലഭിച്ചു. ഒന്നാം ഘട്ടത്തില്‍ സമാനമായ പരാതി കോണ്‍ഗ്രസ് ഉയര്‍ത്തിയിരുന്നു. പരാതി അടിസ്ഥാനരഹിതമാണെന്ന് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
വോട്ട് രേഖപ്പെടുത്തിയതിന് ശേഷം മോദി റോഡ് ഷോ നടത്തിയെന്നാരോപിച്ച് കോണ്‍ഗ്രസ് പരാതി നല്‍കി. വോട്ട് രേഖപ്പെടുത്തിയ ശേഷം വോട്ടര്‍മാരെ അഭിവാദ്യം ചെയ്താണ് മോദി മടങ്ങിയത്.