കുപ്പി വെള്ളത്തിന് എം ആര്‍ പിയിലും ഉയര്‍ന്ന നിരക്ക് ഹോട്ടലുകള്‍ക്ക് ഈടാക്കാം: സുപ്രീം കോടതി

Posted on: December 14, 2017 8:10 am | Last updated: December 14, 2017 at 12:12 am

ന്യൂഡല്‍ഹി: കുപ്പി വെള്ളത്തിന് എം ആര്‍ പിയിലും ഉയര്‍ന്ന നിരക്ക് ഹോട്ടലുകള്‍ക്കും റസ്റ്റോറന്റുകള്‍ക്കും ഈടാക്കാമെന്ന് സുപ്രീം കോടതി.
എം ആര്‍ പിയിലും ഉയര്‍ന്ന നിരക്ക് ഈടാക്കുന്നവരെ വിചാരണ ചെയ്യാനാകില്ലെന്നും ലീഗല്‍ മെട്രോളജി നിയമത്തിലെ വ്യവസ്ഥകള്‍ കുപ്പിവെള്ള വില്‍പ്പനക്ക് ബാധകമല്ലെന്നും ജസ്റ്റിസ് രോഹിംടണ്‍ എഫ് നരിമാര്‍ അധ്യക്ഷനായ ബഞ്ച് വ്യക്തമാക്കി.
കുപ്പിവെള്ളത്തിന് കൂടിയ വിലയീടാക്കുന്നത് ഇനി ക്രിമിനല്‍ കുറ്റമാണെന്നും വിജ്ഞാപനം പുറത്തിറക്കിയിട്ടുണ്ടെന്നും കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ ദിവസം സുപ്രീം കോടതിയില്‍ വ്യക്തമാക്കിയിരുന്നു.

ഫെഡറേഷന്‍ ഓഫ് ഹോട്ടല്‍ ആന്‍ഡ് റെസ്റ്റോറന്റ് അസോസിയേഷന്‍ സമര്‍പ്പിച്ച ഹരജിയിലാണ് കേന്ദ്ര ഉപഭോക്തൃകാര്യ മന്ത്രാലയം സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നത്.
പഞ്ചനക്ഷത്ര ഹോട്ടലുകള്‍, റസ്റ്റോറന്റുകള്‍, മള്‍ട്ടിപ്ലക്‌സ് തിയേറ്ററുകള്‍ എന്നിവിടങ്ങളില്‍ കുപ്പിവെള്ളത്തിന് അമിത വിലയീടാക്കുന്നത് ഉപഭോക്താക്കളുടെ അവകാശങ്ങള്‍ക്ക് വിരുദ്ധമാണെന്നും സര്‍ക്കാറിന് ലഭിക്കേണ്ട സേവന നികുതി, വില്‍പ്പന നികുതി എന്നിവയിനത്തില്‍ സര്‍ക്കാറിന് ഭീമമായ നഷ്ടമുണ്ടാകുന്നുണ്ടെന്നും കേന്ദ്രം കോടതിയെ അറിയിച്ചിരുന്നു.