Articles
സര്‍ക്കാറുകളെ തുറന്നുകാട്ടിയ പടയൊരുക്കം

പടയൊരുക്കം ജാഥയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യാന്‍ രാഹുല്‍ ഗാന്ധി ഇന്നെത്തുകയാണ്. കോണ്‍ഗ്രസിന്റെ അധ്യക്ഷ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ട രാഹുല്‍ഗാന്ധി സ്ഥാനം ഏറ്റെടുക്കുന്നതിന് തൊട്ടുമുമ്പ് തിരുവനന്തപുരത്ത് ഈ മഹാറാലിയെ അഭിസംബോധന ചെയ്യുമ്പോള്‍ അതിന് കൈവരുന്ന ദേശീയ പ്രാധാന്യം വളരെ വലുതാണ്. ഈ നിര്‍ണായക ഘട്ടത്തില്‍ രാഹുല്‍ എന്തു പറയുന്നു എന്ന് കേള്‍ക്കാന്‍ രാഷ്ട്രം കാതോര്‍ക്കുന്നു.
കേന്ദ്ര സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ നയങ്ങള്‍ക്കൊപ്പം രണ്ടു സര്‍ക്കാറുകളുടെയും കെടുകാര്യസ്ഥതയും പിടിപ്പില്ലായ്മയും ചൂണ്ടിക്കാട്ടിയാണ് പടയൊരുക്കം ജാഥ പ്രയാണം നടത്തിയത്. ആ പിടിപ്പില്ലായ്മയും കെടുകാര്യസ്ഥതയും ഓഖി ചുഴലിക്കാറ്റിനെ നേരിടുന്നതിലും സംഭവിച്ചു. ചുഴലിക്കാറ്റുകളുടെ വരവിനെക്കുറിച്ച് ദിവസങ്ങള്‍ക്ക് മുമ്പ് കൃത്യമായി അറിയാനും മുന്‍കരുതലുകള്‍ സ്വീകരിക്കാനും കഴിയുന്ന തരത്തില്‍ ശാസ്ത്രം പുരോഗമിക്കുകയും അതിനുള്ള അത്യാധുനിക സംവിധാനങ്ങളെല്ലാം ലഭ്യമാവുകയും ചെയ്തിട്ടും ഓഖിയുടെ വരവ് കേരള സര്‍ക്കാര്‍ തിരിച്ചറിയാതെ പോയി. കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടയില്‍ സര്‍ക്കാറിന് എല്ലാ കാര്യത്തിലും പറ്റിയ വീഴ്ച ഇതിലും സംഭവിച്ചു. ചുഴലിക്കൊടുങ്കാറ്റിന്റെ വരവിനെക്കുറിച്ച് വിവിധ ഏജന്‍സികള്‍ ആവര്‍ത്തിച്ചു നല്‍കിയ മുന്നറിയിപ്പുകള്‍ വാങ്ങി ഫയലില്‍ കെട്ടിവച്ച് ഉറങ്ങുകയാണ് സര്‍ക്കാര്‍ ചെയ്തത്. പക്ഷേ സര്‍ക്കാറിന്റെ ഈ അലംഭാവത്തിന് പാവപ്പെട്ട മത്സ്യത്തൊഴിലാളികള്‍ നല്‍കേണ്ടി വന്ന വില വളരെ വലുതാണ്. ആയിരക്കണക്കിന് മത്സ്യത്തൊഴിലാളികളാണ് നടുക്കടലില്‍ ചുഴലിക്കാറ്റില്‍ പെട്ടുപോയത്. എത്ര പേര്‍ മരിച്ചെന്നോ എത്ര പേരെ കാണാതായെന്നോ സര്‍ക്കാറിന് പോലും കണക്കില്ല. മുന്‍കരുതല്‍ സ്വീകരിക്കുന്നതില്‍ പരാജയപ്പെട്ട സര്‍ക്കാര്‍ ചുഴലിക്ക് ശേഷം ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിലും ദയനീയമായി പരാജയപ്പെട്ടു. ഉറ്റവരെ നഷ്ടപ്പെട്ട് വാവിട്ട് വിലപിക്കുകയായിരുന്ന തീരപ്രദേശത്തേക്ക് മുഖ്യമന്ത്രി തിരിഞ്ഞു നോക്കുക പോലും ചെയ്തില്ല. അവിടെ എത്തിയ രണ്ടു മന്ത്രിമാരാകട്ടെ മത്സ്യത്തൊഴിലാളികളെ സാന്ത്വനിപ്പിക്കുന്നതിന് പകരം അവരെ പ്രകോപിപ്പിക്കുകയും അപമാനിക്കുകയുമാണ് ചെയ്തത്. സര്‍വകക്ഷി യോഗത്തില്‍ പ്രഖ്യാപിച്ച സഹായം പോലും സമയത്തിന് ലഭ്യമാക്കിയില്ല. ദയനീയമാണ് മത്സ്യത്തൊഴിലാളി ഗ്രാമങ്ങളുടെ ഇപ്പോഴത്തെ അവസ്ഥ. ഉറ്റവരെ നഷ്ടപ്പെട്ടു എന്ന് മാത്രമല്ല, നിത്യവൃത്തിക്ക് വക തേടി കടലില്‍ പോകാനും കഴിയുന്നില്ല. ജാഥയുടെ സമാപന റാലിയില്‍ പങ്കെടുക്കുന്നതിന് മുമ്പ് ദുരിതം വിതച്ച ഈ തീരപ്രദേശത്തും രാഹുല്‍ ഗാന്ധി എത്തുന്നുണ്ട്.
ബി ജെ പിയുടെയും ഇടതുമുന്നണിയുടെയും രണ്ട് കേരള യാത്രകള്‍ക്ക് ശേഷമാണ് പടയൊരുക്കം കേരളത്തില്‍ പര്യടനം നടത്തിയത്. ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നയിച്ച കേരള രക്ഷാ യാത്ര കേരളത്തില്‍ ഒരു ചലനവുമുണ്ടാക്കാതെയാണ് കടന്നു പോയത്. ജനജാഗ്രതാ യാത്രകള്‍ വിവാദത്തില്‍ മുങ്ങി എങ്ങനെയും അവസാനിപ്പിച്ചാല്‍ മതിയെന്ന അവസ്ഥയിലെത്തിയാണ് സമാപിച്ചത്.
പടയൊരുക്കം ആരംഭിക്കുമ്പോള്‍ സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പരിഹസിച്ചിരുന്നു, ഇത് കോണ്‍ഗ്രസിനുള്ളിലെ വിഭാഗീയതയുടെ പടയൊരുക്കമാണെന്ന്. പക്ഷേ, പടയൊരുക്കം തിരുവനന്തപുരത്ത് എത്തിയപ്പോള്‍ അനൈക്യം ആളിക്കത്തുന്നത് കോടിയേരിയുടെ ഇടതു മുന്നണിയിലാണ്. സി പി എമ്മും സി പി ഐയും പരസ്പരം ചെളിവാരി എറിയുന്നു. ഒരു മന്ത്രിക്ക് രാജി വെക്കേണ്ടി വന്നു. പകരം പഴയ ആളെ വീണ്ടും മന്ത്രിയാക്കാനുള്ള ശ്രമം പാതി വഴിക്ക് മരവിപ്പിക്കേണ്ടിയും വന്നു. മുഖ്യമന്ത്രിക്ക് മന്ത്രിമാരെ വിശ്വാസമില്ല, മന്ത്രിമാര്‍ക്ക് മുഖ്യമന്ത്രിയെ വിശ്വാസമില്ല. സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടെന്ന ഓലപ്പാമ്പു കാട്ടി യു ഡി എഫ് നേതാക്കളെ തേജോവധം ചെയ്യുകയും പടയൊരുക്കം ജാഥയെ തകര്‍ക്കുകയും ചെയ്യാമെന്ന് കരുതിയ ഇടതു മുന്നണിയുടെ പതനം ദയനീയമാണ്.
ഇടതു മുന്നണിയുടെ തകര്‍ച്ചയും യു ഡി എഫിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പുമാണ് പടയൊരുക്കം ജാഥയുടെ ഫലം. കേരള രാഷ്ട്രീയത്തില്‍ കാലുറപ്പിക്കാനുള്ള ബി ജെ പി ശ്രമങ്ങളും തകര്‍ന്നടിഞ്ഞു.
കേന്ദ്ര സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ നയങ്ങളെ ജനങ്ങള്‍ക്ക് മുന്നില്‍ തുറന്ന് കാട്ടാന്‍ ജാഥക്ക് കഴിഞ്ഞു. അധികാരത്തിലേറി ഒന്നര വര്‍ഷത്തിനിടയില്‍ തന്നെ സംസ്ഥാനത്തെ ഇടതു മുന്നണി സര്‍ക്കാര്‍ ജനങ്ങള്‍ക്ക് ഭാരമായി മാറിക്കഴിഞ്ഞിരിക്കുന്നു. ഭരണ രംഗം സ്തംഭിച്ചു നില്‍ക്കുന്നു. നിത്യോപയോഗ സാധനങ്ങളുടെ വില മാനം മുട്ടെ ഉയര്‍ന്നിട്ടും ഒന്നും ചെയ്യാനാവാതെ കൈയും കെട്ടി നോക്കിയിരിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍. ജി എസ് ടിയുടെ മറവില്‍ പലവ്യജ്ഞനങ്ങളുടെയും മറ്റ് ഉത്പന്നങ്ങളുടെയും പേരില്‍ കൊള്ളയടി ഇപ്പോഴും തുടരുന്നു. മാര്‍ക്കറ്റിലിടപെട്ട് വില നിലവാരം പിടിച്ചു നിര്‍ത്താന്‍ സംസ്ഥാന സര്‍ക്കാറിന് കഴിയുന്നില്ല. റേഷന്‍ വിതരണം കുത്തഴിഞ്ഞു കിടക്കുന്നു.
ക്രമസമാധാന നില പാടെ തകര്‍ന്നിരിക്കുന്നു. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന് ഒന്നര വര്‍ഷത്തിനിടയില്‍ 20 രാഷ്ട്രീയ കൊലപാതകങ്ങളാണുണ്ടായത്. കേന്ദ്രം ഭരിക്കുന്ന ബി ജെ പിയും സംസ്ഥാനം ഭരിക്കുന്ന സി പി എമ്മും പരസ്പരം മത്സരിച്ച് ആളെ കൊല്ലുന്നു. നാട്ടിലെങ്ങും കൊള്ളയും കൊലയും പിടിച്ചു പറിയും അക്രമവും മോഷണവും വര്‍ധിക്കുന്നു.
സാധാരണക്കാരില്‍ നിന്ന് അകന്നു കഴിഞ്ഞ പിണറായി സര്‍ക്കാര്‍ ഭൂമി കൈയേറ്റക്കാരുടെയും നിയമലംഘകരുടെയും സംരക്ഷകരായി മാറിയിരിക്കുന്നു. ഗെയില്‍ പൈപ്‌ലൈന്‍ പ്രശ്‌നത്തിലെ ജനകീയ സമരത്തെ ഉരുക്കുമുഷ്ടി കൊണ്ട് അടിച്ചമര്‍ത്താനുള്ള സര്‍ക്കാറിന്റെ നീക്കത്തെ ചെറുത്ത് പരാജയപ്പെടുത്താന്‍ പ്രതിപക്ഷ കക്ഷികള്‍ക്കായി.
ഏതാനും വന്‍കിട കൈയേറ്റക്കാര്‍ക്ക് വേണ്ടി കുറിഞ്ഞി ഉദ്യാനത്തിന് കോടാലി വെക്കാന്‍ പോവുകയാണ് സി പി എമ്മും പിണറായിയുടെ സര്‍ക്കാറും. മദ്യമുതലാളികള്‍ക്ക് വേണ്ടി യു ഡി എഫിന്റെ മദ്യനയത്തെ അട്ടിമറിച്ച് നാടിന്റെ മുക്കിലും മൂലയിലും മദ്യമൊഴുക്കുന്നു. എല്ലാത്തിലും സര്‍ക്കാറിനുള്ളത് ജനവിരുദ്ധ താത്പര്യങ്ങള്‍ മാത്രം.
പുറമേക്ക് ശത്രുക്കളായി ഭാവിക്കുന്നുണ്ടെങ്കിലും ബി ജെ പിയും സി പി എമ്മും പരസ്പരം സഹായിച്ചു നീങ്ങുന്ന ഗൂഢഅജന്‍ഡ തുറന്നു കാട്ടാന്‍ കഴിഞ്ഞതാണ് ജാഥയുടെ മറ്റൊരു നേട്ടം. മോദിയുടെ സംസ്ഥാനത്തെ പ്രതിരൂപം എന്ന മട്ടിലാണ് പിണറായിയുടെ പ്രവര്‍ത്തനം. പത്രക്കാരെ അഭിമുഖീകരിക്കാനോ അവരുടെ ചോദ്യങ്ങള്‍ നേരിടാനോ രണ്ടു പേരും തയ്യാറല്ല. ഞാന്‍ പറയുന്നത് മാത്രം എഴുതിയാല്‍ മതി അല്ലാത്തപ്പോള്‍ കടക്കൂ പുറത്ത് എന്ന ഏകാധിപത്യ സ്വരമാണ് പിണറായിക്ക്. ബി ജെ പി, ആര്‍ എസ് എസ് നേതാക്കള്‍ എത്ര പ്രകോപനപരമായ കൊലവിളി പ്രസംഗങ്ങള്‍ നടത്തിയാലും കേസെടുക്കുകയില്ല.
കേന്ദ്രത്തിലെ ബി ജെ പി സര്‍ക്കാറാകട്ടെ ജനങ്ങളെ തമ്മിലടിപ്പിക്കുകയും അവരെ കൊള്ളയടിക്കുകയും ചെയ്യുന്നു. മാത്രമല്ല നോട്ട് നിരോധനവും ജി എസ് ടിയും പോലെ തല തിരിഞ്ഞ സാമ്പത്തിക പരീക്ഷണങ്ങള്‍ നടത്തി രാഷ്ട്രത്തിന്റെ സാമ്പത്തിക അടിത്തറ തകര്‍ക്കുകയും ചെയ്തു. രാഷ്ട്രം പിന്തുടര്‍ന്നിരുന്ന മതേതരത്വത്തെയും ബഹുസ്വരതയെയും അപകടത്തിലാക്കി. പശുവിന്റെയും ബീഫിന്റെയും പേരില്‍ ദളിതരെയും ന്യൂനപക്ഷങ്ങളെയും ആക്രമിക്കുകയും കൊല്ലുകയും ചെയ്യുന്നു. എതിര്‍ശബ്ദമുയര്‍ത്തുന്ന എഴുത്തുകാരും പത്രപ്രവര്‍ത്തകരും നിര്‍ദാക്ഷിണ്യം കൊല്ലപ്പെടുന്നു.
സംസ്ഥാനത്തെ നൂറ്റിനാല്‍പത് മണ്ഡലങ്ങളെയും കടന്നാണ് പടയൊരുക്കം ജാഥ തിരുവനന്തപുരത്തെത്തിയത്.