Connect with us

Gulf

2500 വന്യമൃഗങ്ങളുടെ വിസ്മയലോകം ഒളിപ്പിച്ച ദുബൈ സഫാരി പാര്‍ക് തുറന്നു; ഔദ്യോഗിക ഉദ്ഘാടനം ജനുവരിയില്‍

Published

|

Last Updated

തടാകക്കരയിലെ കൊക്കുകള്‍

ദുബൈ: ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് 2500ലധികം വന്യമൃഗങ്ങളെയും പക്ഷികളെയും ഉരഗങ്ങളെയും കൊണ്ടുവന്നു ആവാസവ്യവസ്ഥ ഒരുക്കിയ ദുബൈ സഫാരി പാര്‍ക് മാധ്യമ പ്രവര്‍ത്തകര്‍ക്കും പ്രമുഖ വ്യക്തികള്‍ക്കുമായി ഇന്നലെ തുറന്നു. പൊതുജനങ്ങള്‍ക്ക് ജനുവരി ആദ്യവാരം മുതല്‍ പ്രവേശനം നല്‍കും. അതുവരെ ചില ദിവസങ്ങളില്‍ ആളുകള്‍ക്ക് സൗജന്യമായി പ്രവേശിക്കാം. നഗരത്തിനു ഏറെ അകലെയല്ലാതെ വര്‍ഖ അഞ്ചില്‍ 119 ഹെക്ടറില്‍ സിംഹം, പുള്ളിപ്പുലി, ചെന്നായ, ജിറാഫ് എന്നിങ്ങനെ 250 ഇനങ്ങളില്‍ പെട്ട പക്ഷി മൃഗാദികളെ കാണാന്‍ മികച്ച സൗകര്യമാണ് ഒരുക്കിയിരിക്കുന്നതെന്ന് ദുബൈ നഗരസഭാ ഡയരക്ടര്‍ ജനറല്‍ എഞ്ചി. ഹുസൈന്‍ നാസര്‍ ലൂത്ത വാര്‍ത്താലേഖകരോട് പറഞ്ഞു.

മധ്യ പൗരസ്ത്യ – വടക്കന്‍ ആഫ്രിക്കന്‍ മേഖലയിലെ വലിയ സഫാരി പാര്‍കാണിത്. നൂറു കോടിയിലധികം ദിര്‍ഹം ചെലവുചെയ്തു മൂന്നു വര്‍ഷത്തെ ശ്രമമാണ് സഫാരി പാര്‍ക് യാഥാര്‍ഥ്യമാക്കിയത്. കാടും പാറക്കൂട്ടങ്ങളും അരുവിയും തടാകങ്ങളും അടങ്ങുന്ന, ആഫ്രിക്ക, ഏഷ്യ, അറേബ്യ, ഓപണ്‍ സഫാരി എന്നീ നാല് വില്ലേജുകളിലായാണ് അന്തേവാസികള്‍. 2020 ഓടെ 5,000ത്തിലധികം പക്ഷി മൃഗാദികളെ പാര്‍ക് ഉള്‍കൊള്ളുമെന്നും ഹുസൈന്‍ നാസര്‍ ലൂത്ത പറഞ്ഞു. ദുബൈ സഫാരിയുടെ പ്രവേശന കവാടത്തിനു പുറത്ത് 3,500ഓളം വാഹനങ്ങള്‍ക്ക് പാര്‍കിംഗ് സൗകര്യമുണ്ട്.സൗരോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്നതാണ് പ്രവേശന കവാടവും കാത്തിരിപ്പ് കേന്ദ്രവും. ടിക്കറ്റെടുത്ത് അകത്തു കടന്നാല്‍ ഏക്കറുകളോളം വ്യാപിച്ചു കിടക്കുന്ന പാര്‍ക്ക് ചുറ്റിക്കാണാന്‍ ഇലക്ട്രിക്ക് ട്രെയ്‌നുകളുണ്ട്.

ദുബൈ നഗരസഭാ ഡയറക്ടര്‍ ജനറല്‍ എന്‍ജി. ഹുസൈന്‍ നാസര്‍ ലൂത്തയും ഉന്നത ഉദ്യോഗസ്ഥരും സഫാരി പാര്‍കില്‍.

ദുബൈയെ വിനോദസഞ്ചാര മേഖലയില്‍ ലോകത്തിന്റെ നെറുകയില്‍ എത്തിക്കാന്‍ പാര്‍കിനാവുമെന്നു ഒറ്റ നോട്ടത്തില്‍ തന്നെ വ്യക്തം. പാറക്കൂട്ടങ്ങളും അരുവികളും കടന്നു ഓരോ വില്ലേജുകള്‍ക്ക് മുന്നില്‍ ഇലക്ട്രിക് വാഹനങ്ങള്‍ ആളുകളെ ഇറക്കും. ഓരോ വില്ലേജിലും ഒരു മണിക്കൂര്‍ എങ്കിലും കാഴ്ചകളുണ്ട്. ഇതിനിടയില്‍ റസ്റ്ററന്റുകളും ശൗചാലയങ്ങളും ഉപയോഗിക്കാം. അറേബ്യന്‍ വില്ലേജില്‍ ഗള്‍ഫ് മേഖലയിലെ വന്യമൃഗ, ഇഴ ജന്തുക്കളെ കാണാനും പഠിക്കാനും കഴിയും. സഫാരി വില്ലേജിലാണ് ഏറെ വൈവിധ്യതകള്‍ ഉള്ളത്. സിംഹങ്ങളെയും ആനകളെയും പാര്‍പിച്ചിരിക്കുന്നത് ഇവിടെയാണ്. ആഫ്രിക്കന്‍ വന്‍കരകളിലെ മൃഗങ്ങളാണ് ആഫ്രിക്കന്‍ വില്ലേജില്‍. ലോകത്തിലെ വലിയ കെട്ടിടം അടക്കം അത്ഭുതങ്ങള്‍ സൃഷ്ടിച്ച ദുബൈ മറ്റൊരു നാഴികക്കല്ല് താണ്ടിയിരിക്കുന്നു. തീര്‍ത്തും പരിസ്ഥിതി സൗഹൃദ പാര്‍കാണിത്. സന്ദര്‍ശകര്‍ക്ക് കുറ്റമറ്റ സുരക്ഷാ സംവിധാനങ്ങള്‍ ഏര്‍പെടുത്തിയിട്ടുണ്ടെന്നും ജൈവ വൈവിധ്യ സംരക്ഷണത്തിന് പ്രാധാന്യം കല്പിച്ചിട്ടുണ്ടെന്നും ലൂത്ത പറഞ്ഞു.

ഇന്ത്യയില്‍ നിന്നായിരിക്കും ഇനി ആനകളെത്തുക. പാര്‍കിനകത്ത് സന്ദര്‍ശകര്‍കര്‍ക്കുള്ള വാഹനങ്ങള്‍ സൗരോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്നവയാണ്. കാല്‍ നടയായും വാഹനത്തിലും പാര്‍കിലെ കാഴ്ചകള്‍ ആസ്വദിക്കാം
വാഹന പാര്‍കിംഗുകളില്‍ നിന്നു സന്ദര്‍കര്‍ക്ക് കയറാനായി “പാര്‍ക് വാഹനങ്ങള്‍” സജ്ജമാക്കിയിട്ടുണ്ട്. അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ ലോകത്തെ അഞ്ചു പ്രധാന പാര്‍കുകളില്‍ ഒന്നാക്കി മാറ്റും.

ഒരു ദിവസം പതിനായിരം പേര്‍ക്ക് കാണാന്‍ കഴിയുന്ന വിധത്തില്‍ പാര്‍ക് വിപുലീകരിക്കുകയും മോടിപിടിപ്പിക്കുകയും ചെയ്യും. പാര്‍കിലേക്കുള്ള വാഹനങ്ങള്‍ക്ക് സഞ്ചരിക്കാനായി പ്രത്യേക പാത ഒരുക്കിയിട്ടുണ്ട്. മൃഗങ്ങള്‍ക്ക് സ്വതന്ത്രമായി സഞ്ചരിക്കാന്‍ കഴിയുന്ന വിധത്തിലാണ് മൃഗശാല രൂപകല്‍പന ചെയ്തത്.
കാട്ടിലാണ് ജീവിക്കുന്നതെന്ന പ്രതീതി ജീവികളില്‍ ജനിപ്പിക്കാന്‍ നിര്‍മാണത്തിലൂടെ ശ്രമിച്ചിട്ടുണ്ട്. ജീവികളുടെ പരിചരണത്തിനായി പരിചയ സമ്പന്നരായ മൃഗ ഡോക്ടര്‍മാരെയും നഗരസഭ നിയമിച്ചുകഴിഞ്ഞു.
ഞായര്‍ മുതല്‍ ശനി വരെ എല്ലാ ദിവസവും രാവിലെ ഒമ്പതു മുതല്‍ രാത്രി ഒമ്പതു വരെ തുറക്കും. ടിക്കറ്റ് നിരക്ക് 85 ദിര്‍ഹമാണ്. കുട്ടികള്‍ക്ക് 30 ദിര്‍ഹം. മൂന്നു വയസിന് താഴെയുള്ളവര്‍ക്കും 60 കഴിഞ്ഞവര്‍ക്കും പ്രവേശനം സൗജന്യം.

 

സിറാജ് ഗൾഫ് എഡിറ്റർ ഇൻ ചാർജ്

Latest