‘നിങ്ങളെക്കുറിച്ചോര്‍ത്ത് ലജ്ജിക്കുന്നു’; മന്‍മോഹനെതിരെ ആരോപണമുന്നയിച്ച മോദിക്കെതിരെ ശരത് പവാര്‍

Posted on: December 13, 2017 1:35 pm | Last updated: December 13, 2017 at 1:35 pm

നാഗ്പൂര്‍: ഗുജറാത്ത് തിരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ പാക്കിസ്ഥാനി നേതാക്കളുമായി രഹസ്യയോഗം ചേര്‍ന്നെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആരോപണത്തെ രൂക്ഷമായി വിമര്‍ശിച്ച് എന്‍സിപി നേതാവ് ശരത് പവാര്‍. ഇത്തരമൊരു ആരോപണമുന്നയിച്ച നരേന്ദ്ര മോദിയെക്കുറിച്ചോര്‍ച്ച് ലജ്ജിക്കുന്നുവെന്ന് ശരത് പവാര്‍ പറഞ്ഞു.

ലോകത്തിലൊരാളും മുന്‍ പ്രധാനമന്ത്രിയുടെ സത്യസന്ധതയെ സംശയിച്ചിട്ടില്ല. അങ്ങനെയുള്ള മന്‍മോഹന്‍ സിംഗിനെതിരെ ഇത്തരമൊരു ആരോപണമുന്നയിച്ച മോദിയെക്കുറിച്ച് ലജ്ജിക്കുന്നുവെന്നായിരുന്നു ശരദ് പവാറിന്റെ പ്രതികരണം. നാഗ്പൂരിലെ എന്‍സിപിയുടെ ജന്‍ആക്രോശ് ഹല്ല ബോല്‍ റാലിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു പവാര്‍.

ഗുജറാത്തിലെ തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കവേയാണ് മോദി ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ചത്. പാക്കിസ്ഥാനി നേതാക്കളുമായി കോണ്‍ഗ്രസ് നേതൃത്വം നടത്തിയ കൂടിക്കാഴ്ചക്ക് പിന്നാലെയാണ് മണിശങ്കര്‍ അയ്യര്‍ തന്നെ നീചന്‍ എന്ന് വിശേഷിപ്പിച്ചതെന്നും മോദി ആരോപിച്ചിരുന്നു. മണിശങ്കര്‍ അയ്യരുടെ വസതിയില്‍ നടന്ന കൂടിക്കാഴ്ച സംബന്ധിച്ച് മാധ്യമങ്ങളില്‍ റിപ്പോര്‍ട്ട് വന്നിട്ടുണ്ടെന്നും പാക്കിസ്ഥാന്‍ ഹൈക്കമ്മീഷണര്‍, പാക് മുന്‍ വിദേശകാര്യ മന്ത്രി, ഇന്ത്യയുടെ മുന്‍ ഉപരാഷ്ട്രപതി, മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് എന്നിവരാണ് ആ യോഗത്തില്‍ പങ്കെടുത്തതെന്നും മോദി ആരോപിച്ചിരുന്നു.