ഓഖി: മരിച്ചവരുടെ കുടുംബങ്ങള്‍ക്കുള്ള ധനസഹായം ഒരുമിച്ചു നല്‍കുമെന്ന് മുഖ്യമന്ത്രി

Posted on: December 13, 2017 12:04 pm | Last updated: December 13, 2017 at 3:40 pm

തിരുവനന്തപുരം: ഓഖി ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബത്തിനുള്ള 20 ലക്ഷം രൂപ ഒരുമിച്ച് നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ധനസഹായത്തിനായി ഓഫീസുകള്‍ കയറിയിറങ്ങേണ്ടെന്നും ഉദ്യോഗസ്ഥര്‍ ദുരിതബാധിതരുടെ വീടുകളിലെത്തി നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

മരണപ്പെട്ടവരുടെ ആശ്രിതരായി മാതാപിതാക്കളുണ്ടെങ്കില്‍ 20 ലക്ഷം രൂപയില്‍ അഞ്ച് ലക്ഷം രൂപയും അവിവാഹിതരായ പെണ്‍കുട്ടികള്‍ ഉണ്ടെങ്കില്‍ അവരുടെ വിവാഹ ആവശ്യങ്ങള്‍ക്കായി അഞ്ച് ലക്ഷം രൂപയും മാറ്റിവെക്കും. ബോട്ടും വള്ളവും നഷ്ടമായവര്‍ക്കും ധനസഹായം ഉടന്‍ ലഭ്യമാക്കുമെന്നും വീട് നഷ്ടമായവര്‍ക്ക് അനുയോജ്യമായ സ്ഥലത്ത് വീട് വച്ച് നല്‍കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കാണാതായവര്‍ക്കായി തിരച്ചില്‍ തുടരാമെന്ന് പ്രതിരോധ മന്ത്രി നിര്‍മല സീതാരാമന്‍ അറിയിച്ചിട്ടുണ്ട്. 1843 കോടി രൂപയുടെ കേന്ദ്രസഹായം തേടിയിട്ടുണ്ടെന്നും ഇതിനായി വേഗത്തില്‍ റിപ്പോര്‍ട്ട് തയാറാക്കാന്‍ വകുപ്പ് സെക്രട്ടറിമാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് എല്ലാവരും സംഭാവന ചെയ്യണമെന്ന് മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു. സര്‍ക്കാര്‍ ജീവനക്കാര്‍ മൂന്ന് ദിവസത്തെ ശമ്പളവും തൊഴിലാളികള്‍ ഒരു ദിവസത്തെ വേതനവും നല്‍കണമെന്ന് മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു. പെന്‍ഷന്‍കാരും സംഭാവന ചെയ്യണം.
മന്ത്രിമാര്‍ ഒരുമാസത്തെ ശമ്പളം ദുരിതാശ്വാസനിധിയിലേക്ക് നല്‍കിയെന്നും മുഖ്യമന്ത്രി അറിയിച്ചു.