Connect with us

Ongoing News

രണ്ടാം ഏകദിനം ഇന്ന് മൊഹാലിയില്‍

Published

|

Last Updated

മൊഹാലി: ധര്‍മശാലയിലെ നാണക്കേടിന് പകരംവീട്ടാന്‍ ഇന്ത്യ ഇറങ്ങുന്നു. ശ്രീലങ്കക്കെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരം ഇന്ന് മൊഹാലിയിലെ പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷന്‍ ഗ്രൗണ്ടില്‍ നടക്കും.
ഇന്ന് ജയിച്ച് പരമ്പര സ്വന്തമാക്കി ടെസ്റ്റ് പരമ്പരയിലെ തോല്‍വിക്ക് മറുപടി നല്‍കാന്‍ ലങ്ക ലക്ഷ്യമിടുമ്പോള്‍ ഇന്ത്യ ഏറെ സമര്‍ദത്തിലാണ് കളത്തിലിറങ്ങുക. വിരാട് കോഹ്‌ലിയുടെ അഭാവത്തില്‍ രോഹിത് ശര്‍മയുടെ കീഴില്‍ ആദ്യ മത്സരത്തിനിറങ്ങിയ ഇന്ത്യ ധര്‍മശാലയില്‍ തകര്‍ന്നടിഞ്ഞിരുന്നു. ഏഴ് വിക്കറ്റിന്റെ വന്‍ തോല്‍വിയാണ് ഇന്ത്യ ഏറ്റുവാങ്ങിയത്.
ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരുടെ ടീം 38.2 ഓവറില്‍ 112ന് ആള്‍ ഔട്ടായത് തലയില്‍ കൈവെച്ചാണ് ധര്‍മശാലയിലെ ക്രിക്കറ്റ് പ്രേമികള്‍ കണ്ടുനിന്നത്. 29 റണ്‍സിന് ഏഴ് വിക്കറ്റ് എന്ന നിലയില്‍ തകര്‍ന്ന ടീമിനെ മൂന്നക്ക സ്‌കോര്‍ കടത്തിയത് മുന്‍ നായകന്‍ ധോണിയുടെ ഒറ്റയാള്‍ പോരാട്ടമായിരുന്നു.

രോഹിത് ശര്‍മ, ശിഖര്‍ ധവാന്‍, ശ്രേയസ് അയ്യര്‍, ദിനേശ് കാര്‍ത്തിക്, മനീഷ് പാണ്ഡെ തുടങ്ങിയ ബാറ്റ്‌സ്മാന്‍മാര്‍ക്ക് ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല. ലങ്കന്‍ ബൗളര്‍മാരുടെ ഉജ്ജ്വല പ്രകടനം ബാറ്റ്‌സ്മാന്‍മാരെ വെള്ളം കുടിപ്പിച്ചിരുന്നു. ലക്മാലും മാത്യൂസും തിസര പെരേരയും ധനഞ്ജയയുമടങ്ങുന്ന ബൗളിംഗ് നിര മികച്ച ഫോമിലാണെന്നത് ലങ്കയുടെ അത്മവിശ്വാസം വര്‍ധിപ്പിക്കുന്നു. ആദ്യ മത്സരത്തില്‍ ടീമില്‍ ഇടം നേടാതെ പോയ അജിങ്ക്യ രഹാനെയെ ഇന്ന് കളത്തിലിറക്കുമെന്നാണ് സൂചന. മധ്യനിരയ്ക്ക് കരുത്ത് പകരാന്‍ രഹാനെയുടെ സാന്നിധ്യം കൊണ്ട് കഴിയും. കുല്‍ദീപ് യാദവിന് പകരം അക്‌സര്‍ പട്ടേലിനെയും തിരിച്ചുവിളിച്ചേക്കും.

പേസ് ബൗളര്‍മാരെ പിന്തുണക്കുന്ന പിച്ചാണ് മൊഹാലിയിലേത്. അതിനാല്‍, ധര്‍മശാലയിലേതുപോലെ ടോസ് നിര്‍ണായകമാകും. കഴിഞ്ഞ വര്‍ഷം ന്യൂസിലാന്‍ഡിനെതിരായ ഏകദിനത്തില്‍ വീണ 13 വിക്കറ്റുകളില്‍ എട്ടും വീഴ്ത്തിയത് പേസര്‍മാരാണ്. അന്ന് ന്യൂസിലാന്‍ഡ് മുന്നോട്ടുവെച്ച 286 റണ്‍സ് വിജയലക്ഷ്യം വിരാട് കോഹ്‌ലിയുടെ സെഞ്ച്വറിയുടെയും (154) ധോണിയുടെ അര്‍ധ സെഞ്ച്വറിയുടെയും (80) മികവില്‍ ഇന്ത്യ മറികടക്കുകയായിരുന്നു.
സാധ്യതാ ടീം ഇന്ത്യ: രോഹിത് (നായകന്‍), ധവാന്‍, അയ്യര്‍, കാര്‍ത്തിക്ക്, പാണ്ഡെ, ധോണി, ഹാര്‍ദിക്, ഭുവനേശ്വര്‍, അക്‌സര്‍/ കുല്‍ദീപ്, ബുംറ, ചാഹല്‍.
ശ്രീലങ്ക: ഗുണതിലക, തരംഗ, തിരമന്നെ, മാത്യൂസ് , ഡിക് വെല്ല, ഗുണരത്‌നെ, പെരേര, പതിരാന, ലക്മല്‍, ധനഞ്ജയ, പ്രദീപ്.