മുന്നറിയിപ്പ് സംവിധാനങ്ങളും പൊതുസമൂഹവും

കേരളത്തില്‍ ഉണ്ടായിട്ടുള്ളതിനേക്കാള്‍ കഠിനമായ പ്രകൃതിദുരന്തങ്ങള്‍ നേരിടേണ്ടി വന്നിട്ടുള്ള വിദേശ രാജ്യങ്ങളിലെല്ലാം തന്നെ അപകടത്തിനിരകളാവുന്നവരുടെ എണ്ണം കുറവായിരുന്നു എന്നതിന്റെ പ്രധാന കാരണങ്ങളിലൊന്ന് അവിടെയുള്ള പൊതു ജനങ്ങള്‍ ഭരണകൂടത്തെയും ഉദ്യോഗസ്ഥരുടെ നിര്‍ദേശങ്ങളെയും മാനിക്കാന്‍ തയ്യാറായിരുന്നു എന്നതാണ്. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പ് വരുത്തുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍ ഒട്ടേറെ മുന്നറിയിപ്പുകളും നിബന്ധനകളും നിര്‍ദേശങ്ങളുമെല്ലാം നല്‍കാറുണ്ടെങ്കിലും അവ പാലിക്കുന്നവരെ പോലെ തന്നെ അവഗണിക്കുന്നവരും ധാരാളമുള്ള സംസ്ഥാനമാണ് കേരളം.
Posted on: December 13, 2017 6:25 am | Last updated: December 12, 2017 at 11:28 pm

ഏതൊരു ജീവന്റെയും സുഗമമായ നിലനില്‍പ്പിന് കാലാവസ്ഥയിലുണ്ടാവുന്ന മാറ്റങ്ങള്‍ തിരിച്ചറിയാനാവുക എന്നത് ഏറെ പ്രധാനം തന്നെയാണ്. അതോടൊപ്പം കാലാവസ്ഥയിലുണ്ടായിക്കൊണ്ടിരിക്കുന്നതും ഉണ്ടാവാനിരിക്കുന്നതുമായ കാര്യങ്ങെളസംബന്ധിച്ച് ബന്ധപ്പെട്ടവര്‍ നല്‍കുന്ന മുന്നറിയിപ്പുകളും നിര്‍ദേശങ്ങളും അനുസരിച്ച് പ്രവര്‍ത്തിക്കുക എന്നതും പ്രധാനപ്പെട്ടത് തന്നെ. ഏതൊരു ജീവന്റെയും സുഗമമായ നിലനില്‍പ്പിന് കാലാവസ്ഥയിലുണ്ടാവുന്ന മാറ്റങ്ങള്‍ തിരിച്ചറിയാനാവുക എന്നത് ഏറെ പ്രധാനം തന്നെയാണ്. അതോടൊപ്പം കാലാവസ്ഥയിലുണ്ടായിക്കൊണ്ടിരിക്കുന്നതും ഉണ്ടാവാനിരിക്കുന്നതുമായ കാര്യങ്ങെളസംബന്ധിച്ച് ബന്ധപ്പെട്ടവര്‍ നല്‍കുന്ന മുന്നറിയിപ്പുകളും നിര്‍ദേശങ്ങളും അനുസരിച്ച് പ്രവര്‍ത്തിക്കുക എന്നതും പ്രധാനപ്പെട്ടത് തന്നെ.
കാലാവസ്ഥയിലുണ്ടായിക്കൊണ്ടിരിക്കുന്ന വ്യതിയാനങ്ങള്‍ യഥാസമയം ജനങ്ങളെ അറിയിക്കുന്നതിന് വേണ്ടി പ്രവര്‍ത്തിച്ച് കൊണ്ടിരിക്കുന്ന സ്ഥാപനമാണ് ഭാരത സര്‍ക്കാറിന്റെ കാലാവസ്ഥാ പഠന വകുപ്പിന് കീഴിലുള്ള തിരുവനന്തപുരം കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.

തിരുവിതാംകൂര്‍ മഹാരാജാവായിരുന്ന സ്വാതി തിരുനാള്‍ 1836 ലാണ് തിരുവനന്തപുരം നിരീക്ഷണാലയം സ്ഥാപിച്ചത്. 1837 ല്‍ അന്നത്തെ തിരുവിതാംകൂര്‍ വ്യാപാര പ്രതിനിധിയായിരുന്ന ജോണ്‍ കാല്‍ഡെകോട്ട് മേധാവിയായി ഈ സ്ഥാപനം പ്രവര്‍ത്തനമാരംഭിച്ചു. ബഹിരാകാശ / അന്തരീക്ഷ നിരീക്ഷണങ്ങള്‍ക്ക് അനുയുക്തമായ രീതിയിലാണ് ഈ സ്ഥാപനം രൂപകല്‍പ്പന ചെയ്തിരുന്നത്.ഇന്ത്യയില്‍ തന്നെ ഇത്തരത്തിലുള്ള ആദ്യത്തെ നിരീക്ഷണാലയമാണ് തിരുവനന്തപുരത്തേത്. 1852 മുതല്‍ 1865 വരെ നിരീക്ഷണാലയത്തിന്റെ മേധാവിയായിരുന്ന സ്‌കോട്ടിഷ് ശാസ്ത്രജ്ഞനായിരുന്ന ജോണ്‍ അലന്‍ ബ്രൗണ്‍, എഫ് ആര്‍ എസ്, ഭൗമ കാന്തികതയെ പറ്റി പഠിക്കുന്നതിനായി നിരീക്ഷണങ്ങള്‍ ആരംഭിച്ചു. ഈ സ്ഥാപനത്തില്‍ നിന്നാണ് 1853 ല്‍ കാലാവസ്ഥാ നിരീക്ഷണാലയം രൂപപ്പെട്ടത്. പിന്നീട് 1927ല്‍ ഈ നിരീക്ഷണാലയം, കാലാവസ്ഥാ / അന്തരീക്ഷ വൈജ്ഞാനിക വിഭാഗം, ബഹിരാകാശ പഠന വിഭാഗം എന്നിങ്ങനെ രണ്ടായി വിഭജിക്കുകയുണ്ടായി.

ഇതേ വര്‍ഷം തന്നെ, ഭാരത സര്‍ക്കാര്‍ കാലാവസ്ഥാ പഠന വിഭാഗത്തെ ക്ലാസ് ഒന്ന് കാലാവസ്ഥാ നിരീക്ഷണാലയമായി അംഗീകരിച്ചു. ഇതിനെ തുടര്‍ന്ന് തിരുവനന്തപുരം നിരീക്ഷണാലയത്തില്‍ നിന്നു ലഭിക്കുന്ന വിവരങ്ങള്‍, പൂനെ കേന്ദ്രത്തിലേക്ക് കാലാവസ്ഥാ പ്രവചനത്തിനായി അയച്ചു കൊടുക്കാന്‍ തുടങ്ങി. 1928 മുതല്‍ കാറ്റിന്റെ വേഗതയും ദിശയും അളക്കുന്നതിനായി പൈലറ്റ് ബലൂണുകള്‍ ഉപയോഗിക്കാന്‍ തുടങ്ങി. 1951 ല്‍ കാലാവസ്ഥാ പഠന വിഭാഗത്തെ ഭാരത സര്‍ക്കാര്‍ ഏറ്റെടുത്തു. 1956 മുതലാണ് റേഡിയോ തരംഗ ദൈര്‍ഘ്യമുപയോഗിച്ച് പ്രവര്‍ത്തിക്കുന്ന പരിശോധനാ യന്ത്രങ്ങള്‍ ഉപയോഗിച്ച് തുടങ്ങിയത്. അവയുപയോഗിച്ച് കാലാവസ്ഥാ പ്രവചനം ആരംഭിച്ചത് 1963 ലാണ്. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം എന്ന പദവിയിലേക്ക് നിരീക്ഷണാലയത്തെ 1973 ലാണ് ഉയര്‍ത്തിയത്.കേരളം, ലക്ഷദ്വീപ് പ്രദേശങ്ങളുടെ ചുമതലയാണ് ഈ കേന്ദ്രത്തിനുള്ളത്. കൃഷി, ജലസേചനം, വ്യോമയാനം തുടങ്ങിയ കാലാവസ്ഥാ സംവേദിയായ മേഖലകളുടെ മെച്ചപ്പെട്ട പ്രവര്‍ത്തനത്തിനായി വ്യോമപരവും അല്ലാത്തതുമായ കാലാവസ്ഥാ പ്രവചനം നടത്തുക എന്നത് കേന്ദ്രത്തിന്റെ പ്രവര്‍ത്തന പരിധിയില്‍പ്പെടുന്നു. സംസ്ഥാനത്തിനകത്തും ചുറ്റുപാടുകളിലും സംഭവിക്കുന്ന കനത്ത മഴ, ഇടിമിന്നലുകള്‍, കൊടുങ്കാറ്റുകള്‍ തുടങ്ങിയ ജീവനും സ്വത്തിനും മാരകമായേക്കാവുന്ന തീവ്ര കാലാവസ്ഥാ പ്രതിഭാസങ്ങളെ പറ്റിയുള്ള മുന്നറിയിപ്പുകള്‍ നല്‍കുന്നതും  സ്ഥാപനത്തിന്റെ ചുമതലയാണ്.

തിരുവനന്തപുരം കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തില്‍ നിന്നും ദിനംപ്രതി മുന്നറിയിപ്പുകള്‍ ലഭിച്ച് കൊണ്ടിരിക്കുന്ന മേഖലയാണ് മത്സ്യബന്ധന മേഖല. ശക്തമായ മഴയോ കാറ്റോ അവരണ്ടും കൂടിയോ ഉണ്ടാവാനിടയുള്ള സാഹചര്യങ്ങളില്‍ മത്സ്യബന്ധനത്തിന് പുറപ്പെടുന്നവര്‍ കടലില്‍ പോവരുതെന്ന് മുന്നറിയിപ്പുകള്‍ നല്‍കാറുണ്ടെങ്കിലും മത്സ്യബന്ധന തൊഴിലാളികള്‍ അത്തരം മുന്നറിയിപ്പുകളെ വകവെക്കാതെ ഉള്‍ക്കടലിലേക്ക് പുറപ്പെടാറാണ് പതിവ്. എന്നാല്‍, കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്‍കിയ വിവരങ്ങള്‍ തങ്ങള്‍ക്ക് മേല്‍ യാഥാര്‍ഥ്യമായി ഭവിക്കുന്ന സന്ദര്‍ഭങ്ങളില്‍ സര്‍ക്കാറിനെയും കാലാവസ്ഥാ വിഭാഗത്തെയും കുറ്റപ്പെടുത്തുന്നതിനും അവര്‍ തന്നെയാണ് മുന്നിട്ടിറങ്ങാറുള്ളത്.

മുന്നറിയിപ്പുകള്‍ തൃണവത്കരിക്കുന്നവര്‍ അപകടകരമായ അവസ്ഥയിലകപ്പെടുന്ന സന്ദര്‍ഭങ്ങളില്‍ അവരെ സുരക്ഷിത സ്ഥാനങ്ങളിലെത്തിക്കുന്നതിന് സര്‍ക്കാറിനുണ്ടാവാറുള്ള സാമ്പത്തിക ബാധ്യതയും ഉദ്യോഗസ്ഥരു ടെ കഠിനാധ്വാനവും എത്രത്തോളമാണെന്ന് മനസ്സിലാക്കാന്‍ തയ്യാറാവാറില്ല എന്നതാണ് വാസ്തവം.ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പ് വരുത്തുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍ ഗതാഗത മേഖലയിലും ഒട്ടേറെ മുന്നറിയിപ്പുകളും  നിബന്ധനകളും നിര്‍ദേശങ്ങളുമെല്ലാം നല്‍കാറുണ്ടെങ്കിലും അവ പാലിക്കുന്നവരെ പോലെ തന്നെ അവഗണിക്കുന്നവരും ധാരാളമുള്ള സംസ്ഥാനമാണ് കേരളം.
സീറ്റ് ബെല്‍റ്റ് ധരിക്കുക ,ഹെല്‍മറ്റ് ഉപയോഗിക്കുക, മദ്യപിച്ചു വാഹനം ഓടിക്കാതിരിക്കുക തുടങ്ങിയ മുന്നറിയിപ്പുകളെ ലംഘിച്ച് അപകടത്തില്‍ പെടുന്നവരെ ചികിത്സാ കേന്ദ്രങ്ങളിലെത്തിക്കുന്നതോടൊപ്പം തന്നെ അവര്‍ക്കെതിരായി ശിക്ഷാ നടപടികളും സ്വീകരിക്കാറുണ്ടെന്നിരിക്കെ സുരക്ഷാ മുന്നറിയിപ്പുകള്‍ അവഗണിച്ച് കൊണ്ട് മത്സ്യബന്ധനത്തിന് പുറപ്പെടുന്നവര്‍ക്കെതിരായി നടപടികള്‍ സ്വീകരിക്കാന്‍ നിയമപാലകര്‍ തയ്യാറല്ല. ഇതാണ് ആ മേഖലയിലെ അപകടങ്ങള്‍ വര്‍ധിക്കാന്‍ കാരണമായിക്കൊണ്ടിരിക്കുന്നത്.

കേരളത്തില്‍ ഉണ്ടായിട്ടുള്ളതിനേക്കാള്‍ കഠിനമായ പ്രകൃതിദുരന്തങ്ങള്‍ നിരവധി തവണ നേരിടേണ്ടി വന്നിട്ടുള്ള വിദേശ രാജ്യങ്ങളിലെല്ലാം തന്നെ അപകടത്തിനിരകളാവുന്നവരുടെ എണ്ണം കുറവായിരുന്നു എന്നതിന്റെ പ്രധാന കാരണങ്ങളിലൊന്ന് അവിടെയുള്ള പൊതു ജനങ്ങള്‍ ഭരണകൂടത്തെയും ഉദ്യോഗസ്ഥരുടെ നിര്‍ദേശങ്ങളെയും മാനിക്കാന്‍ തയ്യാറായിരുന്നു എന്നത് തന്നെയാണ്. കരയിലേക്ക് ഇരച്ച് കയറുന്ന തിരമാലകളുടെ രൗദ്രഭാവം കടലിനോട് ചേര്‍ന്ന് നിന്ന് മൊബൈലില്‍ പകര്‍ത്തി ആനന്ദിക്കുന്നവരും ഒഴുക്കില്‍ പെട്ട് കാണാതായവരെ രക്ഷപ്പെടുത്തുന്നതിനു വേണ്ടിയുള്ള ശ്രമങ്ങളിലേര്‍പ്പെട്ടവരെ കാണുന്നതിന് പാലത്തിന്റെ കൈവരികളില്‍ കയറി ഇരിക്കുന്നവരും ഏറെ പ്രയാസങ്ങള്‍ സൃഷ്ടിക്കുന്നത് സുരക്ഷാ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കാണ്. ബോധവത്കരണത്തേക്കാളുപരിയായി ചില സന്ദര്‍ഭങ്ങളിലെങ്കിലും നടപടികളാണ് പ്രയോജനകരമാവുക എന്ന് തിരിച്ചറിഞ്ഞ് അപകട മേഖലകളില്‍ നിന്നെന്ന പോലെ അപകടകരമായ സാഹചര്യങ്ങളിലും കാഴ്ചക്കാരായി തിങ്ങി കൂടുന്നവരെ അകറ്റി നിര്‍ത്താന്‍ ബന്ധപ്പെട്ട ഭരണകൂടങ്ങള്‍ നടപടികള്‍ സ്വീകരിക്കേണ്ടതുണ്ട്.