ദുരഭിമാനക്കൊല: ആറ് പ്രതികള്‍ക്ക് വധശിക്ഷ

Posted on: December 13, 2017 12:40 am | Last updated: December 12, 2017 at 11:17 pm

ചെന്നൈ: ദുരഭിമാനക്കൊല കേസില്‍ തമിഴ്‌നാട്ടില്‍ ആറ് പ്രതികള്‍ക്ക് കോടതി വധശിക്ഷ വിധിച്ചു. 2016ല്‍ തിരുപ്പൂരില്‍ കൊല്ലപ്പെട്ട ശങ്കര്‍ എന്ന യുവാവിന്റെ ഭാര്യാപിതാവ് ചിന്നസ്വാമി ഉള്‍പ്പെടെയുള്ള പ്രതികള്‍ക്കാണ് പ്രാദേശിക കോടതി വധശിക്ഷ വിധിച്ചത്. കേസില്‍ ഒരു പ്രതിക്ക് ജീവപര്യന്തവും മറ്റൊരാള്‍ക്ക് അഞ്ച് വര്‍ഷം തടവും വിധിച്ചിട്ടുണ്ട്. ശങ്കറിന്റെ ഭാര്യ എസ് കൗസല്യയുടെ മാതാവ് എസ് അന്നലക്ഷ്മിയെയും മറ്റ് രണ്ട് പ്രതികളെയും കുറ്റവിമുക്തരാക്കുകയും ചെയ്തു.

കഴിഞ്ഞ മാര്‍ച്ചിലാണ് വ്യത്യസ്ത സമുദായത്തില്‍പ്പെട്ട ശങ്കര്‍- കൗസല്യ ദമ്പതികള്‍ ഉടുമല്‍പ്പേട്ടില്‍ ആക്രമണത്തിനിരയായത്. മാരകായുധങ്ങളുമായെത്തിയ ഒരു സംഘം ഇവര്‍ക്ക് നേരെ ആക്രമണം നടത്തുകയായിരുന്നു. ഇവരെ ആക്രമിക്കാന്‍ കൗസല്യയുടെ പിതാവ് ചിന്നസ്വാമി വാടക ഗുണ്ടകളെ ഏര്‍പ്പെടുത്തുകയായിരുന്നുവെന്നാണ് കോടതിയില്‍ പ്രോസിക്യൂഷന്‍ വാദിച്ചത്. യുവതിയുടെ രക്ഷിതാക്കളും ബന്ധുക്കളും ഉള്‍പ്പെടെ 11 പേരെ പ്രതിചേര്‍ത്താണ് അന്വേഷണം നടത്തിയ പോലീസ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.

പ്രതികള്‍ ശിക്ഷാ വിധിക്കെതിരെ മേല്‍ക്കോടതിയെ സമീപിച്ചാല്‍ ഏതറ്റം വരെയും കേസുമായി മുന്നോട്ടുപോകുമെന്ന് കൊല്ലപ്പെട്ട ശങ്കറിന്റെ ഭാര്യ കൗസല്യ പ്രതികരിച്ചു.