കേരളം കാത്തിരിക്കുന്നു; ജിഷയുടെ ഘാതകന്റെ വിധിക്കായി

Posted on: December 12, 2017 9:23 am | Last updated: December 12, 2017 at 12:12 pm

കൊച്ചി: ദേശീയതലത്തില്‍ തന്നെ ചര്‍ച്ചയായ ജിഷ വധക്കേസിന്റെ വിധിക്ക് ഇന്ന് കേരളം ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്. നാടകീയതകള്‍ നിറഞ്ഞുനിന്നതായിരുന്നു ജിഷ വധക്കേസ്. അതിനാല്‍, കേസിന്റെ വിധിയില്‍ ആന്റിക്ലൈമാക്‌സുണ്ടാകുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. സംസ്ഥാന രാഷ്ട്രീയത്തെ തന്നെ പിടിച്ചുകുലുക്കിയ കേസായതിനാല്‍ പോലീസും, പ്രോസിക്യൂഷനും കരുതലോടെയാണ് മുന്നോട്ട് നീങ്ങിയത്.

സംസ്ഥാനത്തെ ഞെട്ടിച്ചുകൊണ്ട് 2016 ഏപ്രില്‍ 28 നാണ് പെരുമ്പാവൂരില്‍ ദളിത് വിദ്യാര്‍ഥിനിയായ ജിഷ കൊല്ലപ്പെട്ടത്. ഡല്‍ഹി നിര്‍ഭയ കൊലപാതകത്തിനോട് സാദൃശ്യമുണ്ടായിരുന്നു ജിഷയുടെ കൊലപാതകത്തിന്. കൊലപാതകത്തിന്റെ ക്രൂരത വ്യക്തമാക്കുന്ന പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തായതോടെ ജിഷ വധക്കേസ് ദേശീയതലത്തില്‍ തന്നെ ചര്‍ച്ചയായി. സംസ്ഥാനത്തെ നിയമസഭാ തിരഞ്ഞെടുപ്പിനോടടുത്ത് നടന്ന സംഭവം രാഷ്ട്രീയ വാഗ്വാദങ്ങള്‍ക്ക് വഴിമരുന്നിട്ടു. ഉമ്മന്‍ചാണ്ടി സര്‍ക്കാറിനെ പ്രതിരോധത്തിലാക്കി എല്‍ ഡി എഫ് ജിഷ വധക്കേസ് സംസ്ഥാനതലത്തില്‍ തന്നെ പ്രചരണായുധമാക്കിയിരുന്നു. എന്നാല്‍, പെരുമ്പാവൂരില്‍ ജിഷ വധക്കേസ് സി പി എമ്മിന് തിരിച്ചടിയായി. സിറ്റിംഗ് എം എല്‍ എ സാജുപോളിനെതിരെ ഇത് കടുത്ത വിമര്‍ശനത്തിനിടയാക്കി. സാജുപോളിന്റെ പരാജയത്തിനും ഇതിടയാക്കി. അസാധരണ കൊലപാതകമായിരുന്നിട്ടും ജിഷയുടെ മൃതദേഹം പോലീസ് തിരക്കിട്ട് സംസ്‌കരിച്ചതുമുതലാണ് കേസന്വേഷണം വിവാദത്തിലേക്ക് വഴിമാറിയത്.

കേസന്വേഷണത്തിനായി പോലീസ് സ്വീകരിച്ച മാര്‍ഗങ്ങള്‍ പൊതുസമൂഹത്തില്‍ നിന്നുവരെ വിമര്‍ശനങ്ങള്‍ക്കിടയാക്കി. പ്രതിയുടേതെന്ന് പോലീസ് കരുതിയ ചെരുപ്പുകള്‍ പൊതുസ്ഥലത്ത് പ്രദര്‍ശിപ്പിച്ചുവരെ അന്വേഷണം നടത്തി. പ്രതി ഇതര സംസ്ഥാനക്കാരനാണെന്ന നിഗമനത്തിലായിരുന്നു ഇത്. പൊതുജനങ്ങളില്‍ നിന്നും വിവരങ്ങള്‍ ശേഖരിക്കാന്‍ ഇന്‍ഫര്‍മേഷന്‍ ബോക്‌സുകള്‍ സ്ഥാപിച്ചിരുന്നു.
എന്നാല്‍, പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെയാണ് കേസിന്റെ നിര്‍ണായക ഘട്ടം തുടങ്ങിയത്. കേസന്വേഷണം എ ഡി ജി പി. ബി സന്ധ്യക്ക് കൈമാറിയ സര്‍ക്കാര്‍ ഡി ജി പി. ടി പി സെന്‍കുമാറിനെ പോലീസ് മേധാവി സ്ഥാനത്തുനിന്നും നീക്കുകയും ചെയ്തു. തുടര്‍ന്നു നടന്ന അന്വേഷണത്തിലാണ് അമിറുല്‍ ഇസ്‌ലാം പിടിയിലായത്.

കൊലപാതകത്തിന് ശേഷം നാട്ടിലേക്ക് കടന്ന അമിറുലയിലേക്ക് പോലീസ് അന്വേഷണമെത്തിയതും പിടികൂടിയതും നാടകീയമായിട്ടായിരുന്നു. കാഞ്ചീപുരത്തെ ഒരു കമ്പനിയില്‍ ജോലി ചെയ്തിരുന്ന അമിറുലിനെ തിരിച്ചറിയാന്‍ പോലീസ് ദിവസങ്ങളോളം വേഷം മാറിനിന്നു. നിരവധി തൊഴിലാളികളെ നിരീക്ഷിച്ചാണ് പോലീസ് അമീറുലിലേക്കെത്തിയത്. പോലീസിനോട് കുറ്റംസമ്മതിച്ച അമിറുല്‍ കോടതിയില്‍ പ്രതി തന്റെ സുഹൃത്താണെന്ന് പറഞ്ഞതോടെ കേസ് വീണ്ടും നാടകീയമായി. തന്റെ തന്നെ പേരിനോട് സാദൃശ്യമുള്ള സുഹൃത്താണ് ജിഷയെ കൊന്നതെന്നായിരുന്നു അമിറുലിന്റെ വാദം. കേസില്‍ അമീറുല്‍ നിരപരാധിയാണെന്ന് വാദിച്ച് സഹോദരന്‍ ബദറുല്‍ ഇസ്‌ലാമും രംഗത്തെത്തി. രഹസ്യമൊഴിയില്‍ ഒന്നും പറയാത്ത പേര് വിചാരണഘട്ടത്തില്‍ ഉയര്‍ത്തിയതിനെ പോലീസ് മുഖവിലക്കെടുത്തിട്ടില്ല.
വിധി ഇന്ന് വരാനിരിക്കെ പ്രതിഭാഗത്തിന്റെ ഈ നീക്കം കേസിനെ ബാധിച്ചിട്ടില്ലെന്ന വിലയിരുത്തലിലാണ് സര്‍ക്കാര്‍.