Connect with us

Kerala

ജിഷ വധക്കേസ്: അമീറുള്‍ ഇസ്‌ലാം കുറ്റക്കാരന്‍; ശിക്ഷ നാളെ

Published

|

Last Updated

കൊച്ചി: കേരളം ഞെട്ടിച്ച ജിഷ വധക്കേസില്‍ പ്രതി അമീറുള്‍ ഇസ്‌ലാം കുറ്റക്കാരന്‍. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് വിധി പറഞ്ഞത്. ശിക്ഷ നാളെ വിധിക്കും.

ഐപിസി 449, 342, 376, 301 വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്. കൊലപാതകം, മരണകാരണമായ ബലാത്സംഗം, അതിക്രമിച്ച് കയറല്‍, അന്യായമായി തടഞ്ഞുവെക്കല്‍ എന്നീ കുറ്റങ്ങള്‍ പ്രതി ചെയ്തതായി കോടതി കണ്ടെത്തി. എന്നാല്‍, പട്ടികവര്‍ഗ പീഡന നിരോധന നിയമവും തെളിവ് നശിപ്പിക്കലും നിലനില്‍ക്കില്ലെന്ന് കോടതി വ്യക്തമാക്കി.

ദൃക്‌സാക്ഷികള്‍ ഇല്ലാത്ത കൊലപാതകത്തില്‍ ഡിഎന്‍എ പരിശോധനയുടെ ഫലമാണ് നിര്‍ണായകമായത്. അസം സ്വദേശിയായ അമീറുള്‍ ഇസ്ലാമാണ് കേസിലെ ഏക പ്രതി.വിധി കേള്‍ക്കുന്നതിനായി പ്രതി അമീറുള്‍ ഇസ്‌ലാമിനെ കോടതിയില്‍ എത്തിച്ചിരുന്നു. ജിഷയുടെ അമ്മ രാജേശ്വരിയും കോടതിയിലെത്തിയിരുന്നു.

2016 ഏപ്രില്‍ 28ന് രാത്രി എട്ട് മണിയോടെയാണ് പെരുമ്പാവൂരിലെ വീട്ടിനുള്ളില്‍ ജിഷയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. മാര്‍ച്ച് 14നാണ് കേസിലെ വിചാരണ നടപടികള്‍ ആരംഭിച്ചത്. ആദ്യം അടച്ചിട്ട കോടതിമുറിയില്‍ തുടങ്ങിയ വിചാരണ 74 ദിവസം നീണ്ടുനിന്നു. പിന്നീട് 18 ദിവസം അന്തിമ വാദവും നടന്നു. ജിഷയുടെ അയല്‍വാസിയായ സ്ത്രീയാണ് കേസിലെ പ്രധാന സാക്ഷി. കൊലക്ക് ശേഷം ജിഷയുടെ വീട്ടില്‍ നിന്ന് അമീറുള്‍ ഇറങ്ങിപ്പോകുന്നത് കണ്ടുവെന്നാണ് ഇവരുടെ സാക്ഷി മൊഴി.

2016 സെപ്തംബര്‍ 17നാണ് പ്രത്യേക അന്വേഷണ സംഘം കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. കൊലപാതകം, ബലാത്സംഗം, ദളിത് പീഡനം എന്നീ വകുപ്പുകളാണ് ചുമത്തിയത്. 195 സാക്ഷിമൊഴികളുടെ അടിസ്ഥാനത്തിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. 125 ശാസ്ത്രീയ പരിശോധനാ രേഖകളും എഴുപത് തൊണ്ടിമുതലും കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്.

Latest