കണ്ണൂരില്‍ ടൂറിസ്റ്റ് ബസ് പുഴയിലേക്ക് മറിഞ്ഞ് മൂന്ന് മരണം

Posted on: December 12, 2017 8:19 am | Last updated: December 12, 2017 at 2:16 pm

കണ്ണൂര്‍: തലശ്ശേരി പെരിങ്ങത്തൂരിന് സമീപം ടൂറിസ്റ്റ് ബസ് പുഴയിലേക്ക് മറിഞ്ഞ് മൂന്ന് പേര്‍ മരിച്ചു. കൂത്തുപറമ്പ് സ്വദേശി പ്രജിത്ത്, ജിതേഷ്, പ്രേമലത എന്നിവരാണ് മരിച്ചത്. ഡ്രൈവര്‍ കതിരൂര്‍ സ്വദേശി ദേവദാസിനെ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ബംഗളൂരുവില്‍ നിന്ന് തലശ്ശേരിയിലേക്ക് വരികയായിരുന്ന ലാമ ബസാണ് അപകടത്തില്‍പെട്ടത്. പെരിങ്ങത്തൂര്‍ പാലത്തിന്റെ കൈവരി തകര്‍ത്ത് ബസ് പുഴയിലേക്ക് മറിയുകയായിരുന്നു. രാവിലെ 5.45ഓടെയായിരുന്നു അപകടം.

പുഴയില്‍ നിന്ന് ബസ് ഉയര്‍ത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. രക്ഷാപ്രവര്‍ത്തനത്തിനായി അഗ്നിശമന സേന സ്ഥലത്ത് എത്തിയിട്ടുണ്ട്. അപകടത്തെ തുടര്‍ന്ന് ഇതുവഴിയുള്ള ഗതാഗതം തടസ്സപ്പെട്ടു.