Connect with us

Kannur

തീരദേശ ഹൈവേ നിര്‍മാണം നീളും

Published

|

Last Updated

കണ്ണൂര്‍: സംസ്ഥാനത്തെ ഗതാഗത മേഖലയില്‍ വലിയ മാറ്റത്തിന് വഴിയൊരുക്കുന്ന തീരദേശ ഹൈവേയുടെ നിര്‍മാണം ദേശീയ പാതയുടെ നിലവാരത്തിലാക്കാന്‍ ധാരണ. 6,500 കോടി രൂപ ചെലവിട്ട്് നിര്‍മ്മിക്കുന്ന പാത നേരത്തെ നിര്‍ദേശിക്കപ്പെട്ടതില്‍ നിന്ന് വ്യത്യസ്തമായാണ് നിര്‍മിക്കുകയെന്നതിനാല്‍ പദ്ധതി നീണ്ടു പോകുമെന്ന ആശങ്കയും ഇതോടൊപ്പം ബലപ്പെട്ടു.
തീരദേശ ജില്ലകളില്‍ നിലവിലുള്ള റോഡുകള്‍ ബന്ധിപ്പിച്ച് തിരുവനന്തപുരം പൂവാര്‍ മുതല്‍ കാസര്‍കോട് കുഞ്ചത്തൂര്‍ വരെ 657 കിലോമീറ്റര്‍ നീളത്തിലാണ് തീരദേശ പാത നിര്‍മിക്കാന്‍ പദ്ധതിയിട്ടിരുന്നത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകള്‍ വഴിയുള്ള റോഡില്‍ 28 കിലോമീറ്റര്‍ പുതിയ റോഡ് മാത്രമാണ് ഇതിന്റെ ഭാഗമായി നിര്‍മിക്കാന്‍ ആലോചിച്ചിരുന്നത്. നാല് റെയില്‍വേ മേല്‍പാലങ്ങളും 14 പാലങ്ങളും നാല് മേല്‍പാലങ്ങളും ഇതിനോടനുബന്ധിച്ച് നിര്‍മിക്കാനും രൂപരേഖയില്‍ നിര്‍ദേശിച്ചിരുന്നു. തീരപാതയുടെ രൂപരേഖ പൊതുമരാമത്ത് വകുപ്പ് തന്നെയാണ് തയ്യാറാക്കിയത്. പരമാവധി വീടുകളും വ്യാപാര സ്ഥാപനങ്ങളും ഒഴിവാക്കിയും ഭൂമിയേറ്റെടുക്കല്‍ കുറച്ചുമുള്ള വികസന പ്രവര്‍ത്തനമാണ് തീരദേശ ഹൈവേയെന്ന് സര്‍ക്കാര്‍ വ്യക്തമാക്കുകയും ചെയ്തിരുന്നു. ഇതേത്തുടര്‍ന്ന് തീരദേശ പാതക്കായുള്ള സര്‍വേ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കുകയും ചെയ്തിരുന്നു.

നിലവിലുള്ള റോഡുകള്‍ അധികം ഭൂമിയേറ്റെടുക്കാതെ വികസിപ്പിച്ചുകൊണ്ടാണ് ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ധാരണയായിരുന്നത്. ഇതനുസരിച്ച് റോഡിന്റെ ടാര്‍ വീതി അഞ്ചര മീറ്ററും ഇരു ഭാഗത്തുമുള്ള നടപ്പാതക്കും മറ്റുമായി മൂന്ന് മീറ്റര്‍ വീതിയുമാണ് കണക്കാക്കിയിരുന്നത്. ആകെ എട്ടര മീറ്റര്‍ വീതിയുള്ള റോഡ് നിര്‍മാണത്തിന്റെ വിശദമായ പഠന റിപ്പോര്‍ട്ട് സര്‍ക്കാറിന് ബന്ധപ്പെട്ട എന്‍ജിനീയര്‍മാര്‍ സമര്‍പ്പിക്കുകയും ചെയ്തു.
എന്നാല്‍ തീരദേശ ഹൈവേക്ക് 12 മീറ്റര്‍ വീതി തന്നെ നിര്‍ബന്ധമായും വേണമെന്ന് സര്‍ക്കാര്‍ തലത്തില്‍ വീണ്ടും നിര്‍ദേശമുണ്ടാകുകയായിരുന്നു. ഇതുപ്രകാരം ഏഴ് മീറ്റര്‍ ടാര്‍വീതിയും ഇരുഭാഗത്തും ഒന്നര മീറ്റര്‍ വീതം ഷോള്‍ഡറും ഓരോ മീറ്റര്‍ വീതം ഓവുചാലുമടക്കം 12 മീറ്റര്‍ വീതിയാണുണ്ടാകുക. നിലവിലുള്ള റോഡുകള്‍ കൂട്ടിയോജിപ്പിച്ചുണ്ടാക്കുന്ന തീരദേശ പാതക്ക് 12 മീറ്റര്‍ വീതി കര്‍ശനമാക്കിയാല്‍ പലയിടത്തും ഭൂമിയേറ്റെടുക്കേണ്ടി വരുമെന്ന് ബന്ധപ്പെട്ട പൊതുമരാമത്ത് വകുപ്പ് എന്‍ജിനീയര്‍മാര്‍ തന്നെ ചൂണ്ടിക്കാട്ടുന്നുണ്ട്്്. ഇതിനു കാലതാമസമെടുക്കുമെന്നതിനപ്പുറം സ്ഥലമേറ്റെടുക്കലുമായി ബന്ധപ്പെട്ട സാങ്കേതിക കുരുക്കുകളുമുണ്ടായേക്കും. അതു കൊണ്ട് തന്നെ റോഡ് നിര്‍മാണം അനിശ്ചിത കാലത്തേക്ക് നീളാനുള്ള സാധ്യതയുമുണ്ട്.
നേരത്തെ അംഗീകരിച്ച പ്രകാരമാണെങ്കില്‍ ഈ മാസമെങ്കിലും പാതയുടെ നിര്‍മാണം തുടങ്ങാനാകുമെന്നാണ് കണക്ക് കൂട്ടിയിരുന്നത്. ദേശീയ പാതയുടെ നിലവാരത്തില്‍ തീരദേശ പാത നിര്‍മിക്കണമെന്ന പരിഷ്‌കരിച്ച ഉത്തരവ് ഇതുവരെ ബന്ധപ്പെട്ട എന്‍ജിനീയര്‍മാര്‍ക്ക് ലഭിക്കാത്തതും നിര്‍മാണം നീളാന്‍ കാരണമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്്്. കിഫ്ബി മുഖാന്തരം ഫണ്ട് ലഭ്യമാക്കിയാണ് തീരദേശപാത നടപ്പാക്കാന്‍ അംഗീകാരം നല്‍കിയിട്ടുളളത്. ആധുനിക സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചായിരിക്കും നിര്‍മാണമെന്നും സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്്്്്്.
പ്ലാസ്റ്റിക്, റബ്ബര്‍, കയര്‍ ഭൂവസ്ത്രം, കോണ്‍ക്രീറ്റ് എന്നിവ നിര്‍മാണത്തില്‍ ഉപയോഗിക്കാനാണ് ഉദ്ദേശിക്കുന്നത്. പരിസ്ഥിതി സംരക്ഷിക്കും വിധമാണ് പാത തീരുമാനിച്ചിട്ടുള്ളത്. തീരദേശപാത സംസ്ഥാനത്തെ ചെറുതും വലുതുമായ നിരവധി തുറമുഖങ്ങളെ തമ്മില്‍ ബന്ധിപ്പിക്കും. ഭൂവിനിയോഗ ഘടന മാറുന്നതു കൊണ്ട് ഉണ്ടാകുന്ന മെച്ചപ്പെട്ട തൊഴിലവസരങ്ങള്‍, വിനോദസഞ്ചാര വികസനം, ദേശീയ പാതയിലെ ഗതാഗതക്കുരുക്കു കുറക്കുക എന്നിവ സാധ്യമാകുമെന്നും ബന്ധപ്പെട്ടവര്‍ വ്യക്തമാക്കുന്നു.

 

ബ്യൂറോ ചീഫ്, സിറാജ്, കൊച്ചി

Latest