സിറിയന്‍ ദൗത്യം റഷ്യ അവസാനിപ്പിക്കുന്നു

Posted on: December 12, 2017 12:10 am | Last updated: December 11, 2017 at 11:13 pm

ദമസ്‌കസ്: സിറിയയില്‍ പ്രസിഡന്റ് ബശര്‍ അല്‍ അസദിന് വേണ്ടി റഷ്യന്‍ സൈന്യം നടത്തുന്ന സായുധ ഇടപെടല്‍ അവസാനിപ്പിക്കുന്നു. സിറിയയിലെ റഷ്യന്‍ സൈനിക കേന്ദ്രം സന്ദര്‍ശിക്കാനെത്തിയ പ്രസിഡന്റ് വഌദ്മിര്‍ പുടിനാണ് ഇക്കാര്യം വ്യക്തമാക്കിയത്. ആറ് വര്‍ഷത്തിലധികമായി സിറിയയില്‍ നടക്കുന്ന ആഭ്യന്തര കലാപത്തില്‍ സിറിയന്‍ സൈന്യത്തിനൊപ്പമാണ് റഷ്യ നിലനിന്നത്. സിറിയക്ക് വേണ്ടി യു എന്നിലും അന്താരാഷ്ട്ര സമൂഹത്തിനിടയിലും റഷ്യ നിരന്തരം വാദിക്കുകയും ചെയ്തിരുന്നു.

സിറിയയില്‍ നിന്ന് തീവ്രവാദികളെ പൂര്‍ണമായും തുരത്തിയ സാഹചര്യത്തിലാണ് സൈന്യത്തിന്റെ പിന്മാറ്റമെന്ന് റഷ്യന്‍ ദേശീയ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍, സിറിയന്‍ വിഷയത്തിലെ അന്താരാഷ്ട്ര സമ്മര്‍ദവും ആഭ്യന്തര പ്രശ്‌നം ചര്‍ച്ചയിലൂടെ പരിഹരിക്കാനുള്ള ശ്രമത്തിന്റെയും ഭാഗമായാണ് റഷ്യയുടെ നിര്‍ണായക തീരുമാനമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാണിച്ചു. സിറിയന്‍ സൈന്യത്തിന് പിന്തുണയുമായി വിമത, തീവ്രവാദി കേന്ദ്രങ്ങളില്‍ വ്യോമാക്രമണം ശക്തമാക്കിയ സാഹചര്യത്തിലാണ് റഷ്യയുടെ പിന്മാറ്റം. റഷ്യന്‍ സൈന്യത്തിന്റ നേതൃത്വത്തില്‍ നടക്കുന്ന വ്യോമാക്രമണത്തില്‍ ഇതിനകം നിരവധി സാധാരണക്കാര്‍ കൊല്ലപ്പെട്ടിട്ടുണ്ട്.

സിറിയന്‍ ആഭ്യന്തര കലാപം കൊടുമ്പിരികൊള്ളുന്ന കാലത്ത് 2015 സെപ്തംബറിലാണ് റഷ്യ സിറിയയില്‍ സൈനിക ഇടപെടല്‍ ആരംഭിച്ചത്. സിറിയന്‍ സര്‍ക്കാറിനും സൈന്യത്തിനുമെതിരെ ആക്രമണം നടത്തുന്ന വിമതര്‍, ഇസില്‍, അല്‍ നുസ്‌റ തുടങ്ങിയ തീവ്രവാദി സംഘടനകള്‍ക്കെതിരെയാണ് റഷ്യ പ്രധാനമായും വ്യോമാക്രമണം നടത്തിയത്.