Connect with us

Editorial

കോണ്‍ഗ്രസ് സഖ്യവും പി ബി നിലപാടും

Published

|

Last Updated

“പഠിച്ചതൊന്നും മറക്കുകില്ല, പുതിയതൊന്നും പഠിക്കുകയുമില്ല” എന്ന ചൊല്ലാണ് കോണ്‍ഗ്രസുമായുള്ള സഹകരണത്തെ സംബന്ധിച്ച സി പി എം പോളിറ്റ് ബ്യൂറോ തീരുമാനം ഓര്‍മപ്പെടുത്തുന്നത്. ബി ജെ പിയെ പ്രതിരോധിക്കാനാണെങ്കില്‍പ്പോലും കോണ്‍ഗ്രസുമായി യാതൊരു ബന്ധവും വേണ്ടെന്നാണ് പി ബിയുടെ തീരുമാനം. സാഹചര്യങ്ങള്‍ക്കനുസരിച്ച് തിരഞ്ഞെടുപ്പില്‍ അടവുനയങ്ങള്‍ വേണമെന്ന ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നിലപാട് കാരാട്ടിന്റെ നേതൃത്വത്തില്‍ പി ബിയിലെ ഭൂരിപക്ഷം അംഗങ്ങളും തള്ളുകയായിരുന്നു. രണ്ട് മാസം മുമ്പ് പി ബിയില്‍ ഇതുസംബന്ധിച്ച ചര്‍ച്ച വന്നപ്പോള്‍ ഇതേക്കുറിച്ച് തീരുമാനമെടുക്കാതെ പിരിയുകയും രണ്ടുപക്ഷത്തിന്റെയും നിലപാടുകള്‍ സമന്വയിപ്പിച്ച് പുതിയ രാഷ്ട്രീയപ്രമേയം തയ്യാറാക്കാന്‍ വീണ്ടും പൊളിറ്റ്ബ്യൂറോയെ ചുമതലപ്പെടുത്തുകയുമായിരുന്നു. ആ പ്രമേയത്തിലാണിപ്പോള്‍ വീണ്ടും ഒരു തീരുമാനമാകാതെ പിരിഞ്ഞത്. എങ്കിലും ഭൂരിപക്ഷത്തിന്റെ അഭിപ്രായത്തോടൊപ്പം പി ബി തള്ളിക്കളഞ്ഞ യെച്ചൂരിയുടെ നിലപാടും കൊല്‍ക്കത്തയില്‍ ചേരുന്ന കേന്ദ്ര കമ്മിറ്റിയില്‍ വെക്കാന്‍ പി ബി തീരുമാനിച്ചിട്ടുണ്ട്. തത്കാലത്തേക്കെങ്കിലും കോണ്‍ഗ്രസ് ബന്ധത്തിന്റെ വാതില്‍ അടച്ചിട്ടില്ലെന്ന സൂചനയായാണ് ഇതിനെ നിരീക്ഷകര്‍ കാണുന്നത്.

കാരാട്ടും സി പി എം കേരള ഘടകവും ഒരു ഭാഗത്തും യെച്ചൂരിയുടെ കീഴില്‍ ബംഗാള്‍ ഘടകം മറു ഭാഗത്തും നിലയുറപ്പിച്ചുള്ള ആശയ ഭിന്നതയാണ് ഇപ്പോള്‍ സി പി എമ്മില്‍ നടക്കുന്നത്. ബി ജെ പിയാണ് മുഖ്യശത്രുവെന്നും മോദി സര്‍ക്കാറിന്റെ തണലില്‍ ബി ജെ പി ദേശീയ തലത്തില്‍ കൂടുതല്‍ ശക്തിപ്രാപിച്ചു കൊണ്ടിരിക്കെ അവരെ ചെറുക്കാന്‍ കോണ്‍ഗ്രസ് കൂടി ഉള്‍ക്കൊള്ളുന്ന വിശാലസഖ്യം ആവശ്യമാണെന്നുമാണ് യെച്ചൂരിയുടെ നിലപാട്. അതേസമയം കോണ്‍ഗ്രസിന്റ നവലിബറല്‍ നയവും അപകടകരമാണെന്നാണ് കാരാട്ടിന്റെയും സി പി എം കേരള ഘടകത്തിന്റെയും പക്ഷം. ബി ജെ പി ഒരു ഫാസിസ്റ്റ് പാര്‍ട്ടിയല്ല, കടുത്ത വലതുപക്ഷ നിലപാടുള്ള സ്വേച്ഛാധിപത്യ സ്വഭാവമുള്ള കക്ഷിയാണെന്നും കാരാട്ട് അഭിപ്രായപ്പെടുന്നു. ജനാധിപത്യസംവിധാനങ്ങളെ നിരാകരിക്കുന്നു എന്നതോ മതേതരത്വത്തെ വെല്ലുവിളിക്കുന്നു എന്നതോ ഫാസിസമാകില്ലെന്നാണ് അദ്ദേഹം പറഞ്ഞത്.
ബംഗാള്‍ ഘടകത്തെയും കേരളത്തെയും രണ്ട് പക്ഷത്താക്കിയത് അതാത് സംസ്ഥാനത്തിന്റെ രാഷ്ട്രീയ സാഹചര്യങ്ങളാണ്. ബംഗാളില്‍ പാര്‍ട്ടിയുടെ നില ഇന്ന് അതീവ ദുര്‍ബലമാണ്. സി പി എമ്മിനെയും കോണ്‍ഗ്രസിനെയും ബഹുദൂരം പിന്നിലാക്കി മമതാ ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസ് അവിടെ കൂടുതല്‍ കരുത്ത് നേടിക്കൊണ്ടിരിക്കയാണ്. തൃണമൂലാണ് ബംഗാളില്‍ സി പി എമ്മിന് മുമ്പിലെ പ്രധാന വിലങ്ങുതടി. കോണ്‍ഗ്രസിനും അവിടെ മുഖ്യശത്രു തൃണമൂലാണ്. കേരളത്തില്‍ സി പി എമ്മിന്റെ കരുത്തിന് ഇപ്പോഴും കാര്യമായ കോട്ടം സംഭവിച്ചിട്ടില്ല. ദേശീയ തലത്തില്‍ കോണ്‍ഗ്രസുമായി പാര്‍ട്ടി സഖ്യത്തിലാവുകയാണെങ്കില്‍ സംസ്ഥാനത്ത് കോണ്‍ഗ്രിനോടുള്ള നയത്തില്‍ മാറ്റം വരുത്തേണ്ടി വരുമെന്നും പാര്‍ട്ടിയുടെ രാഷ്ട്രീയ അടിത്തറ അത് ദുര്‍ബലമാക്കിയേക്കുമെന്നുമാണ് സംസ്ഥാന നേതൃത്വം ആശങ്കിക്കുന്നത്.

പ്രാദേശിക താത്പര്യങ്ങളേക്കാള്‍ ദേശീയ താത്പര്യങ്ങള്‍ക്കാണ് സി പി എം മുന്‍ഗണന നല്‍കേണ്ടത്. ഫാസിസ്റ്റ് ശക്തികള്‍ രാജ്യത്ത് പിടിമുറുക്കിക്കൊണ്ടിരിക്കുകയും ദേശീയ തലത്തില്‍ മതേതര വിശ്വാസികള്‍ കോണ്‍ഗ്രസിനെ ഉറ്റുനോക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ സഖ്യത്തെ തള്ളിപ്പറയുന്നത് ആത്മഹത്യാ പരമായിരിക്കും. നവലിബറല്‍ നയങ്ങളെ പിന്തുടരുന്നുവെന്ന പേരില്‍ കോണ്‍ഗ്രസിനെ മാറ്റിനിര്‍ത്തുന്ന സി പി എമ്മും ആ നയത്തിലേക്ക് തന്നെയാണ് നീങ്ങിക്കൊണ്ടിരിക്കുന്നതെന്ന വസ്തുത വിസ്മരിക്കരുത്. പശ്ചിമ ബംഗാളില്‍ ബുദ്ധദേവ് ഭട്ടാചാര്യയുടെ നേതൃത്വത്തില്‍ സി പി എം സര്‍ക്കാര്‍ കോണ്‍ഗ്രസിനേക്കാള്‍ വേഗത്തിലായിരുന്നു നവലിബറല്‍ നയങ്ങളെ വാരിപ്പുണര്‍ന്നത്. നന്ദിഗ്രാമില്‍ കോര്‍പറേറ്റുകള്‍ക്ക് നിലമൊരുക്കാനായിരുന്നല്ലോ ജനങ്ങളെ കുടിയിറക്കിയതും കര്‍ഷകര്‍ക്ക് നേരെ നിറയൊഴിച്ചതും.

ഈ സാഹചര്യത്തില്‍ സാമ്പത്തിക നയങ്ങളുടെ പേരില്‍ ഇനിയും കോണ്‍ഗ്രസിനെ ആക്ഷേപിക്കുന്നതും അപ്പേരില്‍ അവരുമായി അകലം പാലിക്കണമെന്നു പറയുന്നതും ന്യായീകരണമര്‍ഹിക്കാത്തതാണ്. അടിയന്തരാവസ്ഥക്കാലത്ത് “ഇന്ദിരാ ഫാസിസ”ത്തെ ചെറുക്കാന്‍ വര്‍ഗീയ കക്ഷികളുമായി പോലും സഹകരിക്കാന്‍ സന്നദ്ധമായ സി പി എമ്മിന് ഇപ്പോള്‍ വര്‍ഗീയ ഫാസിസത്തെ ചെറുക്കുന്നതിന് കോണ്‍ഗ്രസുമായി സഹകരിക്കുന്നതില്‍ അസാംഗത്യം തോന്നേണ്ടതുണ്ടോ?