ഡി എച്ച് എക്ക് കീഴില്‍ അര്‍ബുദ ചികിത്സക്ക് പുതിയ ഇന്‍ഷുറന്‍സ് പദ്ധതി

Posted on: December 11, 2017 5:23 pm | Last updated: December 11, 2017 at 5:23 pm

ദുബൈ: ദുബൈ നിര്‍ബന്ധ ഇന്‍ഷുറന്‍സ് പരിരക്ഷാ പദ്ധതിയുടെ കീഴില്‍ പുതിയ ഇന്‍ഷുറന്‍സ് സൗകര്യമൊരുക്കി ദുബൈ ഹെല്‍ത് അതോറിറ്റി. മൂന്ന് വിധത്തിലുള്ള അര്‍ബുദ രോഗങ്ങളുടെ നിര്‍ണയവും പരിരക്ഷയും ഉള്‍പെടുത്തിയിട്ടുള്ള ഇന്‍ഷുറന്‍സ് പദ്ധതിയാണ് ഡി എച് എ അവതരിപ്പിച്ചത്. ഡി എച് എ ഫണ്ടിംഗ് ഡിപാര്‍ട്‌മെന്റിന് കീഴില്‍ ആരംഭിച്ച പദ്ധതിക്ക് ബസ്മ എന്നാണ് നാമകരണം ചെയ്തിരിക്കുന്നത്.

സ്തനാര്‍ബുദം, തൊണ്ടയിലെ അര്‍ബുദം, ഉദരത്തെ ബാധിക്കുന്ന അര്‍ബുദങ്ങള്‍ എന്നിവയുടെ നിര്‍ണയവും രോഗ പ്രതിരോധവും പുതിയ ഇന്‍ഷുറന്‍സ് പദ്ധതിയുടെ കീഴില്‍ ഉള്‍പെടും. ലോകോത്തര നിലവാരത്തില്‍ ഉന്നതമായ ആരോഗ്യ പരിരക്ഷ ഉറപ്പുവരുത്തുന്നതിന് യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമിന്റെ നിര്‍ദേശമനുസരിച്ചാണ് പുതിയ പദ്ധതികള്‍ ഏര്‍പെടുത്തിയതെന്ന് ഡി എച്ച് എ ചെയര്‍മാന്‍ ഹുമൈദ് അല്‍ ഖതാമി പറഞ്ഞു.