Connect with us

International

ഫലസ്തീന്‍ ജനത യാഥാര്‍ഥ്യമുള്‍ക്കൊള്ളണമെന്ന് നെതന്യാഹു

Published

|

Last Updated

പാരീസ്: ജറുസലമിനെ ഇസ്‌റാഈലിന്റെ തലസ്ഥാനമായി അംഗീകരിച്ച അമേരിക്കയുടെ തീരുമാനം ഫലസ്തീന് ഏറെ വൈകാതെ അംഗീകരിക്കേണ്ടി വരുമെന്ന് ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഫലസ്തീന്‍ ജനത യാഥാര്‍ഥ്യമുള്‍ക്കൊള്ളണമെന്നും അദ്ദേഹം പറഞ്ഞു. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

അതേസമയം, ജറുസലമിനെ ഇസ്‌റാഈലിന്റെ തലസ്ഥാനമായി അംഗീകരിച്ച അമേരിക്കക്കെതിരെ ഫലസ്തീന് പുറത്തേക്കും പ്രക്ഷോഭം വ്യാപിക്കുകയാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രക്ഷോഭം അരങ്ങേറിയിട്ടുണ്ട്. ലോകത്തെ പല മുസ്‌ലിം നേതാക്കളും അമേരിക്കയുടെയും ട്രംപിന്റെയും നിലപാടിനെ കടുത്ത ഭാഷയില്‍ എതിര്‍ത്തതോടെ പ്രക്ഷോഭകര്‍ രംഗത്തെത്തി. അറബ് രാജ്യങ്ങളിലും ഇന്തോനേഷ്യയടക്കമുള്ള ഏഷ്യന്‍ രാജ്യങ്ങളിലും യു എസ്‌വിരുദ്ധ പ്രക്ഷോഭകര്‍ നിരത്തിലിറങ്ങിയിട്ടുണ്ട്.

ഫലസ്തീന്‍ പൗരന്മാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും അമേരിക്കയുടെ പ്രകോപനപരമായ തീരുമാനത്തില്‍ പ്രതിഷേധിച്ചും ലബനാനിലെ യു എസ് എംബസിക്ക് മുമ്പില്‍ ഇന്നലെ കൂറ്റന്‍ പ്രക്ഷോഭം അരങ്ങേറി. ആയിരക്കണക്കിന് ജനങ്ങളാണ് വടക്കന്‍ ബൈറൂത്തിലെ അവ്കാറയിലെ യു എസ് എംബസിക്ക് മുമ്പില്‍ ഉപരോധം തീര്‍ത്തത്. പ്രക്ഷോഭകരെ തുരത്താന്‍ സുരക്ഷ ഉദ്യോഗസ്ഥര്‍ കണ്ണീര്‍ വാതകം പ്രയോഗിച്ചു. എംബസിയിലേക്കും സുരക്ഷാ ഉദ്യോഗസ്ഥരിലേക്കും പ്രക്ഷോഭകര്‍ കല്ലെറിഞ്ഞു. ഏറ്റുമുട്ടലില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ടെന്നാണ് ഔദ്യോഗിക വക്താക്കള്‍ അറിയിച്ചത്.

അതിനിടെ, നാല് ദിവസമായി ഫലസ്തീനില്‍ തുടരുന്ന പ്രക്ഷോഭം കൂടുതല്‍ രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. അമേരിക്കയുടെ ഫലസ്തീന്‍വിരുദ്ധ നിലപാടില്‍ പ്രതിഷേധിച്ച് ഇന്തോനേഷ്യന്‍ തലസ്ഥാനമായ ജക്കാര്‍ത്തയിലെ യു എസ് എംബസിയില്‍ കൂറ്റന്‍ റാലി നടന്നു. ഫലസ്തീന്‍ ഞങ്ങളുടെ ഹൃദയമാണെന്ന മുദ്രാവാക്യം ഉയര്‍ത്തിയായിരുന്നു പ്രക്ഷോഭകര്‍ അണിനിരന്നത്.

ഇന്തോനേഷ്യയിലെ മുസ്‌ലിം നേതാക്കള്‍ യു എസ് നടപടിയില്‍ ശക്തമായ പ്രതിഷേധം അറിയിച്ചിരുന്നു. പതിനായിരങ്ങളാണ് ജക്കാര്‍ത്തയില്‍ യു എസ്‌വിരുദ്ധ പ്രക്ഷോഭത്തിനായി ഒത്തുചേര്‍ന്നത്. തുര്‍ക്കിഷ് നഗരമായ ഇസ്തംബൂളിലും കൂറ്റന്‍ റാലി സംഘടിപ്പിച്ചു. ഫലസ്തീന്‍ പതാകകള്‍ ഉയര്‍ത്തിയായിരുന്നു ഇസ്തംബൂളിലെ പ്രതിഷേധ പ്രകടനം.
സ്വീഡിഷ് നഗരമായ ഗോതെന്‍ബെര്‍ഗിലും പ്രക്ഷോഭം നടന്നതായി റിപ്പോര്‍ട്ടുണ്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ യു എസ്‌വിരുദ്ധ പ്രക്ഷോഭം നടക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്.

---- facebook comment plugin here -----

Latest