ബാബരി മസ്ജിദും ന്യായാസനങ്ങളും

ബാബരി മസ്ജിദിനുള്ളില്‍ സ്ഥാപിച്ച വിഗ്രഹങ്ങളില്‍ ആരാധന നടത്താന്‍ രാജീവ് ഗാന്ധി പ്രധാനമന്ത്രിയായിരിക്കെ, അനുവാദം നല്‍കിയത് ജനാധിപത്യ വ്യവസ്ഥകള്‍ ലംഘിച്ചായിരുന്നു. കോടതിയില്‍ കേസ് നിലനില്‍ക്കെ, സര്‍ക്കാര്‍ എന്തുകൊണ്ട് ഇങ്ങനെ തീരുമാനിക്കുന്നുവെന്ന ചോദ്യം നീതിന്യായ സംവിധാനത്തിന് മുന്നില്‍ ഗൗരവത്തില്‍ എത്തിയോ? മസ്ജിദ് തകര്‍ക്കപ്പെട്ട് കാല്‍ നൂറ്റാണ്ട് പിന്നിടുമ്പോള്‍ ഇതേ അലംഭാവം തുടരുകയാണ്. തകര്‍ത്തവരോ അതിന് ഗൂഢാലോചന നടത്തിയവരോ ഇതുവരെ വിചാരണ നേരിട്ടിട്ടില്ല. അലഹബാദ് കോടതി റദ്ദാക്കിയ, ഗൂഢാലോചനക്കുറ്റം പുനഃസ്ഥാപിച്ച് വിചാരണ ആരംഭിക്കാന്‍ നിര്‍ദേശിച്ച സുപ്രീം കോടതി, മസ്ജിദ് നിലനിന്ന ഭൂമി മൂന്നായി വിഭജിക്കണമെന്ന അലഹബാദ് ഹൈക്കോടതി വിധിക്കുമേല്‍ സമര്‍പ്പിക്കപ്പെട്ട അപ്പീല്‍ വേഗത്തില്‍ പരിഗണിക്കാന്‍ നിശ്ചയിക്കുന്നു. ഭൂമിയുടെ ഉടസ്ഥാവകാശം സംബന്ധിച്ച സിവില്‍ കേസിലാണോ ആ കേസ് നിലനില്‍ക്കെ, ബാബരി മസ്ജിദ് തകര്‍ക്കുകയും അതിന് ഗൂഢാലോചന നടത്തുകയും ചെയ്തുവെന്ന ക്രിമിനല്‍ കേസിലാണോ ആദ്യം തീര്‍പ്പുണ്ടാകേണ്ടത്?
Posted on: December 11, 2017 9:25 am | Last updated: December 11, 2017 at 9:25 am

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമെന്നാണ് ഇന്ത്യന്‍ യൂണിയനുള്ള മഹിമ. പ്രത്യേക സാഹചര്യങ്ങളിലൊഴികെ, അഞ്ചാണ്ട് കൂടുമ്പോള്‍ നടക്കുന്ന തെരഞ്ഞെടുപ്പ് പ്രക്രിയ ജനാധിപത്യത്തിന്റെ ആഘാഷമായി വിശേഷിപ്പിക്കപ്പെടുകയും ചെയ്യുന്നു. ജനാധിപത്യ സംവിധാനത്തിന് മേല്‍ക്കൈ ലഭിക്കും വിധത്തിലാണ് ഭരണ നിര്‍വഹണം, നിയമ പാലനം, നീതിന്യായ നിര്‍വഹണം തുടങ്ങിയ വിഭാഗങ്ങളൊക്കെ വിഭാവനം ചെയ്യപ്പെട്ടിരിക്കുന്നത്. ഭരണഘടന വിഭാവനം ചെയ്യുന്ന ജനാധിപത്യ സംവിധാനത്തിനും അതുറപ്പു നല്‍കുന്ന മൗലികാവകാശത്തിനും വിരുദ്ധമാകുംവിധത്തില്‍ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍ പ്രവര്‍ത്തിച്ചാല്‍ അത് തിരുത്താനുള്ള അവകാശം നീതിന്യായ സംവിധാനത്തിനുണ്ട്. ആ അവകാശം പോലും ജനാധിപത്യ സമ്പ്രദായത്തെ ശക്തിപ്പെടുത്താന്‍ ഉദ്ദേശിച്ചുള്ളതാണെന്ന് വിശാലമായ അര്‍ഥത്തില്‍ പറയാം.

ആസൂത്രിതമായ ഈ സംവിധാനത്തില്‍ വിശ്വാസം അര്‍പ്പിക്കാന്‍ ജനത്തെ പ്രേരിപ്പിക്കും വിധത്തിലാണോ ഇവയുടെ പ്രവര്‍ത്തനമെന്ന ചോദ്യമാണ് ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ട് കാല്‍ നൂറ്റാണ്ട് പിന്നിടുമ്പോള്‍ ഉയരുന്നത്. കാല്‍ നൂറ്റാണ്ട് തികഞ്ഞതുകൊണ്ട് ഈ വിഷയം പ്രധാനമായി ഉന്നയിക്കപ്പെടുന്നുവെന്ന് മാത്രം. മഹാത്മാഗാന്ധിയുടെ വധം, ജീവിക്കാനുള്ള അവകാശം പോലും ഇല്ലാതാക്കപ്പെട്ട അടിയന്തരാവസ്ഥ, ഇന്ദിരാ ഗാന്ധിയുടെ കൊലപാതകത്തെത്തുടര്‍ന്ന് അരങ്ങേറിയ സിഖ് വംശഹത്യാ ശ്രമം, ഗുജറാത്ത് വംശഹത്യാ ശ്രമമുള്‍പ്പെടെ രാജ്യത്ത് അരങ്ങേറിയ ആസൂത്രിതമായ വര്‍ഗീയ അതിക്രമങ്ങള്‍ ഒക്കെ ഇതേ ചോദ്യം ഉന്നയിക്കുന്നുണ്ട്. ഇതുവരെ, അഭിമുഖീകരിക്കപ്പെടാത്ത, ഇനി അഭിമുഖീകരിക്കുമെന്ന് പ്രതീക്ഷയില്ലാത്ത ചോദ്യങ്ങള്‍. അതുണ്ടാക്കുന്ന അതൃപ്തി, സാമൂഹിക അന്തരീക്ഷത്തെ ഏത് വിധത്തില്‍ ബാധിക്കുന്നുണ്ടെന്ന ആലോചന ഭരണാധികാരികളില്‍ ഉണ്ടാകുന്നില്ല. ഉണ്ടാകുന്നുണ്ടെങ്കില്‍ തന്നെ, അധികാരം ലക്ഷ്യമിട്ടുള്ള രാഷ്ട്രീയ നീക്കങ്ങളെ ഏത് വിധത്തില്‍ ബാധിക്കുമെന്ന പരിഗണന മുന്നില്‍വെച്ച് കൈകാര്യം ചെയ്യപ്പെടുകയും അനീതിയുടെ നിലനില്‍പ്പ് ഉറപ്പാക്കപ്പെടുകയും ചെയ്യുകയാണ്.
ബാബരി മസ്ജിദിനുള്ളില്‍ അതിക്രമിച്ച് കടന്ന് വിഗ്രഹങ്ങള്‍ സ്ഥാപിക്കുമ്പോള്‍ ഉത്തര്‍ പ്രദേശ് (അന്ന് യുനൈറ്റഡ് പ്രൊവിന്‍സ്) ഭരിച്ചിരുന്നത് കോണ്‍ഗ്രസായിരുന്നു. വിഗ്രഹങ്ങള്‍ നീക്കി, പഴയ സ്ഥിതി പുനസ്ഥാപിക്കണമെന്ന അന്നത്തെ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ നിര്‍ദേശം ഗോവിന്ദ് വല്ലഭ് പന്തിന്റെ നേതൃത്വത്തില്‍ അധികാരത്തിലിരുന്ന സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കിയില്ല. വോട്ടര്‍മാരില്‍ ഭൂരിപക്ഷം വരുന്ന ഹിന്ദുക്കളുടെ അതൃപ്തി ഏറ്റുവാങ്ങാന്‍ അവിടത്തെ കോണ്‍ഗ്രസ് നേതൃത്വം തയ്യാറല്ലായിരുന്നു. അല്ലെങ്കില്‍ കോണ്‍ഗ്രസിനുള്ളില്‍ ഹിന്ദു വികാരം പങ്കുവെച്ചിരുന്ന നേതാക്കള്‍, രാജ്യം ഇനിയങ്ങോട്ട് മുന്നോട്ടുപോകേണ്ടത് ഹിന്ദുത്വ പാതയിലാണെന്ന് ഉറപ്പിച്ചിരുന്നു. ഇത് സംബന്ധിച്ച് രജിസ്റ്റര്‍ ചെയ്ത കേസ് എവിടെയുമെത്തിയില്ല. അത് മുന്നോട്ടുകൊണ്ടുപോകേണ്ടെന്ന് അന്നത്തെ ‘ജനാധിപത്യ സര്‍ക്കാര്‍’ തീരുമാനിച്ചു. പിന്നീടങ്ങോട്ട്, ബാബരി മസ്ജിദ് നിലനിന്നിരുന്ന സ്ഥലം രാമജന്മഭൂമിയാണെന്ന പ്രചാരണം ആര്‍ എസ് എസും പരിവാര്‍ സംഘടനകളും മുന്നോട്ടുകൊണ്ടുപോയി.

ബാബരി മസ്ജിദിനുള്ളില്‍ സ്ഥാപിച്ച വിഗ്രഹങ്ങളില്‍ ആരാധന നടത്താന്‍ രാജീവ് ഗാന്ധി പ്രധാനമന്ത്രിയായിരിക്കെ, അനുവാദം നല്‍കിയത് ജനാധിപത്യ വ്യവസ്ഥകള്‍ ലംഘിച്ചായിരുന്നു. കോടതിയില്‍ കേസ് നിലനില്‍ക്കെ, സര്‍ക്കാര്‍ എന്തുകൊണ്ട് ഇങ്ങനെ തീരുമാനിക്കുന്നുവെന്ന ചോദ്യം നീതിന്യായ സംവിധാനത്തിന് മുന്നില്‍ ഗൗരവത്തില്‍ എത്തിയോ? 1992ല്‍ ബാബരി മസ്ജിദ് നിലനിന്ന സ്ഥലത്ത് കര്‍സേവ പ്രഖ്യാപിച്ച സംഘ പരിവാറിനും, അതിന് അനുവാദം നല്‍കിയ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സര്‍ക്കാറിനും മസ്ജിദിന് കേടുപാടുണ്ടാകില്ലെന്ന് പരമോന്നത കോടതിയില്‍ ഉറപ്പ് നല്‍കിയവര്‍ക്കും (അന്ന് ഉത്തര്‍ പ്രദേശ് ഭരിച്ചിരുന്ന കല്യാണ്‍ സിംഗ് സര്‍ക്കാര്‍ ഉള്‍പ്പെടെ) ഡിസംബര്‍ ആറിന് പള്ളി പൊളിച്ചതില്‍ ഉത്തരവാദിത്തമില്ലേ എന്ന ചോദ്യം രാഷ്ട്രീയമായി മാത്രമാണ് ഉന്നയിക്കപ്പെട്ടത്. ജനാധിപത്യ സമ്പ്രദായത്തിന്റെ സുപ്രധാന സ്തംഭങ്ങളിലൊന്നായ നീതിന്യായ സംവിധാനത്തിന് അതൊരു ഗൗരവപ്പെട്ട ചോദ്യമായില്ല. ഭരണഘടനയുടെ ഭാഗമായ മതനിരപേക്ഷ സ്വഭാവത്തെ ഇല്ലാതാക്കും വിധത്തിലുള്ള പ്രവൃത്തിക്ക് നേതൃത്വം നല്‍കിയവരും അവരെ അതിന് നിയോഗിച്ച സംഘടനകളും ആ കുറ്റത്തിന് ശിക്ഷിക്കപ്പെടേണ്ടവരാണെന്ന തോന്നല്‍ ആര്‍ക്കുമുണ്ടായില്ല. തങ്ങള്‍ക്ക് നല്‍കിയ ഉറപ്പ് ലംഘിക്കപ്പെട്ടതിന് ഉത്തരവാദികളായവരെ നിയമമനുശാസിക്കും വിധത്തില്‍ കൈകാര്യം ചെയ്യണമെന്ന നിര്‍ബന്ധം നീതിന്യായ സംവിധാനത്തിനുമുണ്ടായില്ല.
മസ്ജിദ് തകര്‍ക്കപ്പെട്ട് കാല്‍ നൂറ്റാണ്ട് പിന്നിടുമ്പോള്‍ ഇതേ അലംഭാവം തുടരുകയാണ്. ബാബരി മസ്ജിദ് തകര്‍ത്തവരോ അതിന് ഗൂഢാലോചന നടത്തിയവരോ ഇതുവരെ വിചാരണ നേരിട്ടിട്ടില്ല. അലഹബാദ് കോടതി റദ്ദാക്കിയ, ഗൂഢാലോചനക്കുറ്റം പുനഃസ്ഥാപിച്ച് വിചാരണ ആരംഭിക്കാന്‍ നിര്‍ദേശിച്ച സുപ്രീം കോടതി, ബാബരി മസ്ജിദ് നിലനിന്ന ഭൂമി മൂന്നായി വിഭജിക്കണമെന്ന അലഹബാദ് ഹൈക്കോടതി വിധിക്കുമേല്‍ സമര്‍പ്പിക്കപ്പെട്ട അപ്പീല്‍ വേഗത്തില്‍ പരിഗണിക്കാന്‍ നിശ്ചയിക്കുന്നു.

ഭൂമിയുടെ ഉടസ്ഥാവകാശം സംബന്ധിച്ച സിവില്‍ കേസിലാണോ ആ കേസ് നിലനില്‍ക്കെ, ബാബരി മസ്ജിദ് തകര്‍ക്കുകയും അതിന് ഗൂഢാലോച നനടത്തുകയും ചെയ്തുവെന്ന ക്രിമിനല്‍ കേസിലാണോ ആദ്യം തീര്‍പ്പുണ്ടാകേണ്ടത്? ഈ പ്രക്രിയയിലൂടെ രാജ്യത്തിന്റെ സാമൂഹിക ശരീരത്തില്‍ ഉണ്ടാക്കിയ വലിയ ആഘാതം, അതിലൂടെ സൃഷ്ടിക്കപ്പെട്ട വര്‍ഗീയ ധ്രുവീകരണം മുതലെടുത്ത് അധികാരം പിടിച്ചവര്‍ പിന്നീടങ്ങോട്ട് കാട്ടിക്കൂട്ടിയ (കൂട്ടുന്ന) മനുഷ്യത്വ വിരുദ്ധമായ പ്രവൃത്തികള്‍ മുന്നിലിരിക്കെ ഈ ചോദ്യം കൂടുതല്‍ പ്രസക്തമാണ്. രാജ്യത്തിന്റെ മതനിരപേക്ഷ സ്വഭാവത്തെ അട്ടിമറിക്കും വിധത്തില്‍ പ്രവര്‍ത്തിച്ച സംഘടനകളും വ്യക്തികളും അതിന് കണക്ക് പറയാന്‍ ബാധ്യസ്ഥരാണെന്ന തോന്നല്‍ പിന്നീട് അധികാരത്തിലെത്തിയ, രാഷ്ട്രീയ സംവിധാനങ്ങള്‍ക്കൊന്നുമുണ്ടായതുമില്ല. കാല്‍ നൂറ്റാണ്ട് പിന്നിട്ടിട്ടും ബാബരി മസ്ജിദ് തകര്‍ത്തവരും അതിന് ഗൂഢാലോചന നടത്തിയവരും വിചാരണക്കൂട്ടിലെത്താത്തതിന് അതുകൂടി കാരണമാണല്ലോ?

രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയെ വെടിവെച്ച് കൊന്ന കേസില്‍ നാഥുറാം ഗോഡ്‌സെയും നാരായണ്‍ ആപ്‌തെയും വധശിക്ഷക്ക് വിധിക്കപ്പെട്ടു. ഗൂഢാലോചനക്ക് നാല് പേരും ശിക്ഷിക്കപ്പെട്ടു. വീര്‍ സവര്‍ക്കര്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ക്കെതിരെ ഗൂഢാലോചനക്കുറ്റം തെളിയിക്കപ്പെട്ടില്ല. ഈ വ്യക്തികള്‍ക്ക് ഊര്‍ജമായി പ്രവര്‍ത്തിച്ച സംഘടന നീതിന്യായ സംവിധാനത്തിന് മുന്നില്‍ പ്രതിസ്ഥാനത്തുണ്ടായതുമില്ല. ഗാന്ധി വധത്തിന്റെ പേരില്‍ നിരോധിക്കപ്പെട്ട രാഷ്ട്രീയ സ്വയം സേവക് സംഘ് (ആര്‍ എസ് എസ്) പിന്നീട് നിരോധം നീക്കപ്പെട്ട് സര്‍വ സ്വാതന്ത്ര്യത്തോടെയും പ്രവര്‍ത്തിക്കുകയും ഇന്ന് രാജ്യ ഭരണത്തെ നിയന്ത്രിക്കുന്ന ശക്തിയായി മാറുകയും ചെയ്തു. ഈ സംഘടനയുടെ പങ്ക് സ്ഥാപിച്ചെടുക്കാന്‍ പാകത്തിലുള്ള തെളിവ് നീതിന്യായ സംവിധാനത്തിന് ലഭിച്ചിട്ടുണ്ടാകില്ല. പക്ഷേ, അവരുടെ പങ്ക് രാഷ്ട്രീയമായി മനസ്സിലാക്കാന്‍ പ്രയാസമേ ഉണ്ടായിരുന്നില്ല. എന്നിട്ടും അത് സ്ഥാപിക്കപ്പെടണമെന്ന നിര്‍ബന്ധ ബുദ്ധി ഭരണത്തിന് നേതൃത്വം നല്‍കിയവര്‍ക്കുണ്ടായിരുന്നില്ല, കേസന്വേഷിച്ച പോലീസ് സംവിധാനത്തിനുമുണ്ടായിരുന്നില്ല. ആര്‍ എസ് എസ്സിന്റെ രാഷ്ട്രീയമാണ് ഭാവിയില്‍ രാജ്യത്തിന്റേത് എന്ന് വിശ്വസിച്ചിരുന്ന സര്‍ദാര്‍ വല്ലഭ് ഭായ് പട്ടേല്‍ ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള ഉപപ്രധാനമന്ത്രിയായിരിക്കെ ജനാധിപത്യം ആ വഴിക്ക് നീങ്ങിയില്ലെങ്കിലേ അത്ഭുതമുള്ളൂ. അതങ്ങനെ നീങ്ങരുതെന്ന നിര്‍ബന്ധ ബുദ്ധി കാട്ടാന്‍ പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ ലാല്‍ നെഹ്‌റുവിനോ കോണ്‍ഗ്രസ് പാര്‍ട്ടിക്കോ സാധിച്ചില്ല. ഭൂരിപക്ഷത്തിന്റെ ഹിതമെന്നാല്‍ ഭൂരിപക്ഷ മതത്തിന്റെ ഹിതമാണെന്ന ലളിത രാഷ്ട്രീയമാണ് അവരെ നയിച്ചിട്ടുണ്ടാകുക. ആ ജനാധിപത്യമാണ് ദശകങ്ങള്‍ക്കിപ്പുറം നടപ്പാക്കപ്പെടുന്നത്.
ഭരണഘടന ഉറപ്പുനല്‍കുന്ന അടിസ്ഥാന അവകാശങ്ങളൊക്കെ റദ്ദാക്കപ്പെട്ട അടിയന്തരാവസ്ഥയ്ക്ക് ശേഷം, അതിലേക്ക് നയിച്ച രാഷ്ട്രീയ തീരുമാനമെടുത്തവരും ആ തീരുമാനത്തിന്റെ മറവില്‍ ജനത്തെ ഹിംസിച്ചവരും ശിക്ഷിക്കപ്പെടണമെന്ന തോന്നല്‍ രാഷ്ട്രീയ – നിയമ പാലന – നീതിന്യായ നേതൃത്വത്തിനുണ്ടായില്ല. ജനങ്ങളുടെ ശിക്ഷയേറ്റുവാങ്ങിയ ഇന്ദിരാഗാന്ധി, പകരം വന്നവരുടെ കഴിവുകേടിന്റെ മറവില്‍ അധികാരത്തില്‍ തിരിച്ചെത്തുകയും അടിയന്തരാവസ്ഥയുടെ നാളുകളില്‍ അരങ്ങേറിയ ക്രൂരതകളുടെയൊക്കെ കറ കഴുകിക്കളയുകയുംചെയ്തു. അവരുടെ വധത്തെത്തുടര്‍ന്ന് ആയിരക്കണക്കിന് സിഖുകാരുടെ ജീവനെടുത്ത, നുറുക്കണക്കിന് സ്ത്രീകള്‍ ബാലാത്സംഗത്തിന് ഇരയാക്കപ്പെട്ട കൊടും ക്രൂരത അരങ്ങേറി. 33 വര്‍ഷം പിന്നിടുമ്പോള്‍ ഒരാളെപ്പോലും ശിക്ഷിക്കാനാകാതെ നില്‍ക്കുന്നു നമ്മുടെ ജനാധിപത്യം. ഗുജറാത്തിലെ വംശഹത്യാ ശ്രമമുള്‍പ്പെടെ രാജ്യത്ത് നടത്തിയ വര്‍ഗീയ ആക്രമണങ്ങളുടെ സ്ഥിതിയും ഭിന്നമല്ല. കൊലക്കത്തിക്ക് ഇരയായവരുടെ എണ്ണവുമായി താരതമ്യം ചെയ്യുമ്പോള്‍ തുലോംതുച്ഛമാണ് ശിക്ഷിക്കപ്പെട്ടവരുടെ എണ്ണം.

കാലഗണനകൊണ്ട് ഇപ്പോള്‍ പ്രസക്തമായ ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ട സംഭവത്തിലേക്ക് തിരികെ വന്നാല്‍, 1992 ഡിസംബര്‍ ആറിന് രാത്രിയില്‍ അയോധ്യയില്‍ മസ്ജിദിനോട് ചേര്‍ന്നുള്ള പ്രദേശങ്ങളില്‍ അരങ്ങേറിയ കൊടിയ ക്രൂരതകള്‍ ജനാധിപത്യത്തിന്റെ സ്തംഭങ്ങളിലൊന്നിന്റെയും പരിഗണനയില്‍പ്പോലും വന്നില്ല. കുറഞ്ഞത് 17 ജീവനുകള്‍ അന്ന് രാത്രി ഇല്ലാതാക്കപ്പെട്ടു. ബി ജെ പിയുടെ ഭാരവാഹിയായിരുന്ന, കര്‍സേവ നടക്കുമ്പോള്‍ അതിന് പിന്തുണയുമായി സ്ഥലത്തുണ്ടായിരുന്ന ന്യൂനപക്ഷ വിഭാഗക്കാരനെപ്പോലും വെറുതെവിട്ടില്ല, അക്രമികളായ കര്‍സേവകര്‍. ഇവയിലൊന്നും എഫ് ഐ ആര്‍ പോലും രജിസ്റ്റര്‍ ചെയ്യപ്പെട്ടില്ല ജനാധിപത്യ രാജ്യത്ത്. ഇതുവരെയുള്ള ജനാധിപത്യത്തില്‍ കഴിയാത്തത്, ഇനിയുള്ള ജനാധിപത്യത്തില്‍ പ്രതീക്ഷിക്കുകയേ വേണ്ട.

ഭരണഘടനാദത്തമായ അധികാരാവകാശങ്ങള്‍ സംരക്ഷിക്കപ്പെടുന്ന, എല്ലാവര്‍ക്കും തുല്യമായ അന്തസ്സോടെ ജീവിക്കാന്‍ അവസരം ഉറപ്പാക്കുന്ന ജനാധിപത്യമായിരുന്നില്ല, ഇന്ത്യന്‍ യൂണിയനില്‍ ഒരു കാലത്തും. ജനത്തെ ഭിന്നിപ്പിച്ച് രാഷ്ട്രീയാധികാരം ഉറപ്പാക്കുന്ന ജനാധിപത്യമായിരുന്നു. ബ്രിട്ടീഷുകാരുടെ ഭിന്നിപ്പിച്ച് ഭരിക്കല്‍, വ്യവസ്ഥാപിതമാക്കിയ ജനാധിപത്യം. അതിനെ കുറേക്കൂടി വിശാലമാക്കിയ നൃശംസതയ്ക്കാണ് കാല്‍ നൂറ്റാണ്ട് പ്രായമായിരിക്കുന്നത്. രാജ്യ ജനസംഖ്യയില്‍ ഇരുപത് ശതമാനത്തോളം വരുന്ന ഒരു വിഭാഗത്തെ ഭയത്തിന്റെയും സംശയത്തിന്റെയും നിഴലിലാക്കിയ, ജനാധിപത്യ സംവിധാനങ്ങളില്‍ അവര്‍ക്കുണ്ടായിരുന്ന വിശ്വാസ്യത ഇല്ലാതാക്കിയ നൃശംസത. അത് പരിഹരിക്കാനുള്ള ഉത്തരവാദിത്തം നമ്മുടെ ജനാധിപത്യത്തിലെ സ്തംഭങ്ങള്‍ കാണിക്കുമോ? സ്വാതന്ത്ര്യാനന്തര ചരിത്രം നമ്മെ അവിശ്വാസിയാക്കുന്നു. വര്‍ത്തമാനകാലത്തെ വിധേയജീവിതം കൂടുതല്‍ അവിശ്വാസിയാക്കുന്നു.