മലയാറ്റൂര്‍ മണപ്പാട്ടുചിറയില്‍ ബോട്ട് സവാരി ഉടന്‍ ആരംഭിക്കും

Posted on: December 10, 2017 11:29 am | Last updated: December 10, 2017 at 11:29 am

കാലടി: മലയാറ്റൂര്‍ മണപ്പാട്ടുചിറയുടെ ഉടമസ്ഥാവകാശ തര്‍ക്കത്തിന് പരിഹാരമായി. തടാകത്തില്‍ നിലച്ചുപോയ ബോട്ട് സവാരി ഉടന്‍ ആരംഭിക്കും.

മണപ്പാട്ടുചിറയില്‍ പഞ്ചായത്ത് ലേലം ചെയ്തു നല്‍കിയ ബോട്ട് സര്‍വീസ് തുടരുന്നതിനിടയില്‍ പഞ്ചായത്തും ജലസേചന വകുപ്പും തമ്മില്‍ തര്‍ക്കത്തെത്തുടര്‍ന്ന് നിര്‍ത്തി വക്കുകയായിരുന്നു. അറ്റകുറ്റപണികളും മുടങ്ങിയതോടെ ബോട്ട് തുരുമ്പെടുത്ത് നശിച്ചു.

മലയാറ്റൂര്‍ നീലീശ്വരം പഞ്ചായത്തും ഇറിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റും തമ്മിലായിരുന്നു തര്‍ക്കം. കാലാകാലങ്ങളിലായി പഞ്ചായത്ത് ലേലം വിളിച്ച് നല്‍കിയിരുന്ന ബോട്ടിംഗും, മീന്‍ വളര്‍ത്തലും, പാര്‍ക്കിംഗ് ഗ്രൗണ്ടും ഇറിഗേഷന്റെ തര്‍ക്കത്തെതുടര്‍ന്ന് നിര്‍ത്തി വച്ചിരിക്കുകയായിരുന്നു. ഇത് സംബന്ധിച്ച കേസ് കോടതിയിലാണ്. ടൂറിസം സാധ്യതകളെ മുന്‍നിര്‍ത്തി റോജി എം ജോണ്‍ എം എല്‍ എയുടെ നേതൃത്വത്തില്‍ ജില്ലാ കലക്ടറുടെ സാന്നിധ്യത്തിന്‍ കൂടിയ യോഗത്തില്‍ പാര്‍ക്കിംഗ് ഗ്രൗണ്ടും, അനുബന്ധ കെട്ടിടങ്ങളും, മീന്‍ വളര്‍ത്തലും പഞ്ചായത്തിന്റെ മേല്‍ നോട്ടത്തിലും, ബോട്ടിംഗ് ഡി എം സി, ഇറിഗേഷന്‍, ഡി ടി പി സി ഇവയുടെ നേതൃത്വത്തിലും ലേലം ചയ്തു നല്‍കും. ഇതില്‍ നിന്നും കിട്ടുന്ന വരുമാനം 10ശതമാനം ഡി ടി പി സിയും, 10ശതമാനം ഇറിഗേഷനും, ബാക്കി 80ശതമാനം തുക മണപ്പാട്ടുചിറയുടെ അനുബന്ധ സൗകര്യങ്ങള്‍ക്കുമായി വിനിയോഗിക്കാനുമാണ് തീരുമാനം.

120 ഏക്കറോളം വിസ്തൃതിയുള്ള തടാകമാണ് മണപ്പാട്ടുചിറ. നിരവധി വിനോദ സഞ്ചാരികളാണ് ഇവിടെ എത്തിയിരുന്നത്. ബോട്ട് സവാരി ഇല്ലാതായതോടെ വിനോദ സഞ്ചാരികളുടെ ഒഴുക്കും നിലച്ചിരിക്കുകയായിരുന്നു. ഉടന്‍ മറ്റ് അടിസ്ഥാന സൗകര്യങ്ങള്‍ കൂടി പൂര്‍ത്തിയാക്കിയാല്‍ പ്രാദേശിക ടൂറിസം മാത്രമല്ല, ആതിരപ്പിള്ളി വാഴച്ചാല്‍ മലയാറ്റൂര്‍ കോടനാട് പാണിയേലി ടൂറിസത്തിന് വന്‍ സാധ്യതയാണുള്ളത്.
കെ ടി ഡി സി സ്ഥലത്ത് സഞ്ചാരികള്‍ക്ക് താമസിക്കുന്നതിനായി ആരംഭിച്ച ഹോട്ടല്‍ പ്രവര്‍ത്തനം നിലച്ചിരുന്നു. കൂടുതല്‍ അലങ്കാര ലൈറ്റുകളും ശുചിമുറി സൗകര്യങ്ങളും ആയാല്‍ നിരവധി പേര്‍ക്ക് ഒരേസമയം സമയം ചെലവഴിക്കാനാകും. കുട്ടികളുടെ പാര്‍ക്കും കളിക്കോപ്പുകളും എത്തിയാല്‍ സായാഹ്നങ്ങളില്‍ കുടുംബസമേതം വരുന്നവര്‍ക്കും മലയാറ്റൂര്‍ പ്രിയങ്കരമാകും. പ്രഭാത നടത്തത്തിനും വ്യായാമത്തിനും യോഗക്കും ആവശ്യമായ സൗകര്യങ്ങളുണ്ടായാല്‍ ആ നിലയിലും നിരവധിപേര്‍ എത്തും. നിലവില്‍ നിരവധി പേര്‍ മലയാറ്റൂരിനെ പ്രഭാത വ്യായാമത്തിന് തിരഞ്ഞെടുക്കുന്നുണ്ട്.

അനുബന്ധ സൗകര്യങ്ങള്‍ മുന്‍ ചര്‍ച്ചകളുടെ ഭാഗമായി എടുത്ത തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ ഉടന്‍ പൂര്‍ത്തിയാക്കണം. ചിറയില്‍ മാലിന്യം തള്ളുന്നത് തടയാനും പോലിസിന്റെ സാന്നിദ്ധ്യം ഉറപ്പു വരുത്താനും കഴിഞ്ഞാല്‍ മലയാറ്റൂര്‍ വിനോദ സഞ്ചാരികളുടെ ഇഷ്ട കേന്ദ്രമാകും.