ഉയര്‍ന്ന ഫീസ് വാങ്ങുന്നതില്‍ അഭിഭാഷകര്‍ സ്വയം നിയന്ത്രണം കൊണ്ടുവരണം: വി എസ്

Posted on: December 10, 2017 11:27 am | Last updated: December 10, 2017 at 11:27 am

കൊച്ചി: കോടതികളില്‍ ഉയര്‍ന്ന ഫീസ് വാങ്ങുന്നതില്‍ അഭിഭാഷകര്‍ സ്വയം നിയന്ത്രണം കൊണ്ടുവരണമെന്ന് ഭരണപരിഷ്‌കരണ കമ്മീഷന്‍ ചെയര്‍മാന്‍ വി എസ് അച്യുതാനന്ദന്‍. അഭിഭാഷകര്‍ അമിതഫീസ് ഈടാക്കുന്നത് തടയാന്‍ നിയമനിര്‍മ്മാണം കൊണ്ടുവരണമെന്നാണ് സുപ്രീം കോടതി അഭിപ്രായപ്പെട്ടത്. എന്നാല്‍ നിയമനിര്‍മാണത്തിന് കാത്തുനില്‍ക്കാതെ അഭിഭാഷകര്‍ സ്വയം നിയന്ത്രണമേര്‍പ്പെടുത്തുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. എറണാകുളത്ത് കൃഷ്ണയ്യര്‍ മൂവ്‌മെന്റിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ജസ്റ്റിസ് കൃഷ്ണയ്യര്‍ അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു വി എസ് അച്യുതാനന്ദന്‍.

വാഹനപകടത്തില്‍ മരിച്ചവരുടെ കുടുംബത്തിന് കിട്ടുന്ന നഷ്ടപരിഹാര തുകയില്‍ വരെ കൈയ്യിട്ടുവാരുന്ന അഭിഭാഷകരുണ്ട്. ഇത്തരം കാര്യങ്ങളില്‍ അടിയന്തര ഇടപെടലാണ് വേണ്ടത്. സോളാര്‍ കേസില്‍ ഹൈക്കോടതിയില്‍ വാദിക്കാന്‍ സുപ്രീം കോടതി അഭിഭാഷകനെ കൊണ്ടുവരാന്‍ ശ്രമിച്ചിരുന്നു. അന്ന് കോടതിയില്‍ വാദിക്കാന്‍ മാത്രം 60 ലക്ഷം രൂപയും ചെലവുകള്‍ ഉള്‍പ്പെടെ മൊത്തം 85 ലക്ഷം രൂപയുമാണ് വക്കീല്‍ ആവശ്യപ്പെട്ടത്. വക്കീലന്മാരുടെ പേരും പെരുമയും നോക്കി കേസുകള്‍ ഒത്തുതീര്‍പ്പാക്കുന്ന പ്രവണതയുണ്ട്. ഇത് അവസാനിപ്പിക്കണം. സംസ്ഥാനത്തെ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന ക്യാന്‍സര്‍ റിസര്‍ച്ച് സെന്ററായിരിക്കണം കൊച്ചിയിലുള്ളത്. ഇതായിരിക്കും ജസ്റ്റീസ് വി ആര്‍ കൃഷ്ണയ്യര്‍ക്കുള്ള ഏറ്റവും ശ്രേഷ്ഠമായ സ്മാരകമെന്ന് വി എസ് പറഞ്ഞു. ജനാധിപത്യത്തിന്റെ മൂന്ന് തൂണുകളിലും ഒരേപോലെ സജീവമായി നിന്ന വ്യക്തിത്തമായിരുന്നു കൃഷ്ണയ്യരുടെത്. മനുഷ്യനോടും അവരുടെ ജീവിതപ്രശ്‌നങ്ങളോടും ഒട്ടിനിന്നാണ് കൃഷ്ണയ്യര്‍ പ്രവര്‍ത്തിച്ചത്. രാഷ്ട്രീയം, മതം, വര്‍ഗീയത തുടങ്ങിയ ഏതു വിഷയത്തിലും കൃഷ്ണയ്യര്‍ പറയുന്ന വാക്കുകളില്‍ ജനാധിപത്യബോധത്തിന്റെ നേര്‍രേഖകള്‍ കാണാന്‍ കഴിയും. കൃഷ്ണയ്യര്‍ക്ക് സമനമായ ഒരാളെ മലയാളികള്‍ക്ക് ചൂണ്ടിക്കാണിക്കാനാകില്ലെന്നും വി എസ് പറഞ്ഞു.

ജുഡീഷ്യറിയിലേക്ക് മനുഷ്യത്തം കൊണ്ടുവന്ന ന്യായാധിപനാണ് കൃഷ്ണയ്യരെന്ന് ചടങ്ങില്‍ സംസാരിച്ച കോണ്‍ഗ്രസ് നേതാവ് വി എം സുധീരന്‍ പറഞ്ഞു. മാതൃകാ മന്ത്രിയും മാതൃകാ ന്യായാധിപനുമായിരുന്നു അദ്ദേഹം. സാധാരണക്കാരനെ ജുഡീഷ്യറിയോടടുപ്പിച്ച നിര്‍ഭയനായ ന്യായാധിപനായിരുന്നു. ഇന്ന് നിയമനിര്‍മാണ സഭകളില്‍ മികച്ച വാദപ്രതിവാദങ്ങള്‍ ഇല്ലാതായിരിക്കുകയാണ്. സഭാസ്തംഭനങ്ങള്‍ കൂടിവരുന്നു. മിടുക്കരായ ജനപ്രതിനിധികള്‍ക്ക് പോലും കഴിവ് പ്രകടിപ്പിക്കാന്‍ കഴിയാതെ വരികയാണന്നും സുധീരന്‍ പറഞ്ഞു. സി പി ഐ നേതാവ് ബിനോയ് വിശ്വം, ഹൈബി ഈഡന്‍ എം എല്‍ എ, പ്രൊഫ. എം കെ സാനു, മുന്‍ കലക്ടര്‍ കെ ആര്‍ വിശ്വംഭരന്‍ പങ്കെടുത്തു. ചടങ്ങില്‍ ജസ്റ്റസ് വി ആര്‍ കൃഷ്ണയ്യര്‍ സ്മാരക പുരസ്‌കാരം ഡോ. കെ ആര്‍ വനജ, ഡോ. റീം ശംസുദ്ദീന്‍, ജോബി മാത്യു എന്നിവര്‍ വി എസ്സില്‍ നിന്ന് ഏറ്റുവാങ്ങി.