Gulf
ഫലസ്തീനികള്‍ക്കൊപ്പം; അമേരിക്കക്ക് മുന്നറിയിപ്പുമായി ഖത്വര്‍

ഉപരോധ പ്രതിസന്ധി നേരിടുമ്പോഴും രാഷ്ട്രീയ നിലപാടില്‍ വിട്ടുവീഴ്ചകള്‍ക്ക് സന്നദ്ധമാകാതെ ഖത്വര്‍. ജറുസലേം വിഷയത്തില്‍ അമേരിക്കക്ക് മുന്നറിയിപ്പു നല്‍കാന്‍ സന്നദ്ധമായ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ താനിയുടെയും രാജ്യത്തിന്റെയും നിലപാട് അന്താരാഷ്ട്ര മാധ്യമങ്ങളില്‍ ശ്രദ്ധനേടി. ഫലസ്തീന്‍ ജനതയെ അപകടത്തിലാക്കുന്ന നിലപാടിനെ അനുകൂലിക്കില്ലെന്ന് ആവര്‍ത്തിച്ചു വ്യക്തമാക്കിയ ഖത്വര്‍ ജറുസലേമിനെ ഇസ്രായേല്‍ തലസ്ഥാനമായി അംഗീകരിക്കാനുള്ള തീരുമാനം പ്രത്യാഘാതങ്ങളുടെ പരമ്പരകള്‍ക്ക് വഴിയൊരുക്കുമെന്നാണ് അമേരിക്കക്ക് മുന്നറിയിപ്പു നല്‍കിയത്.
കഴിഞ്ഞ ദിവസം ജറുസലേം വിഷയത്തില്‍ നിലപാട് അറിയിക്കുന്നതിനായി ടോലിഫോണില്‍ വിളിച്ച യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനോട് അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ താനി നേരിട്ടു തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ട്രംപ്, അമീര്‍ ടെലിഫോണ്‍ സംഭാഷണം കഴിഞ്ഞ ദിവസം ഖത്വര്‍ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തിരുന്നു. അമീറിന്റെ നിലപാട് ഖത്വര്‍ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയായും പുറത്തിറക്കി. അമേരിക്കന്‍ നിലപാട് മിഡില്‍ ഈസ്റ്റിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണാക്കും. ഇത് മേഖലയുടെ സുരക്ഷയെയും സ്ഥിരതെയും ബാധിക്കുമെന്നും വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞിരുന്നു. തലസ്ഥാനം മാറ്റാനൊരുങ്ങുന്നതായി വാര്‍ത്ത വന്നപ്പോള്‍ തന്നെ ഖത്വര്‍ അതിനെതിരെ രംഗത്തു വന്നിരുന്നു. ഇസ്രായേലിനെയും ഫലസ്തീനെയും രണ്ടു രാജ്യങ്ങളാക്കിക്കൊണ്ടുള്ള അന്താരാഷ്ട്ര പരിഹാരശ്രമങ്ങളെ ഇല്ലാതാക്കുന്നതാണ് അമേരിക്കന്‍ നീക്കമെന്നു പറഞ്ഞ ഖത്വര്‍ ഫലസ്തീനിലെ സഹോദരങ്ങള്‍ക്കൊപ്പമായിരിക്കും തങ്ങളെന്ന് വ്യക്തമാക്കുകയും ചെയ്തു. 1967ല്‍ ജറുസലേം ആസ്ഥാനമായി പരമാധികാര രാജ്യമായി പ്രഖ്യാപിച്ച ഫലസ്തീനെയാണ് തങ്ങള്‍ അംഗീകരിക്കുന്നതെന്നും വിദേശകാര്യ മന്ത്രാലയം വക്താവ് പറഞ്ഞു.
ഔദ്യോഗിക കണക്കുകള്‍ അനുസരിച്ച് 20,500 ഫലസ്തീനികള്‍ ഖത്വറില്‍ ജീവിക്കുന്നുണ്ട്. ഫലസ്തീന്‍ ജനതക്കും സര്‍ക്കാറിനും പതിവായി സഹായം നല്‍കുന്ന ഖത്വര്‍ ഫലസ്തീന്‍ അതോറിറ്റിക്ക് ഗാസയില്‍ ആസ്ഥാനം പണിയുന്നതിന് സാമ്പത്തിക സഹായം നല്‍കുമെന്ന് ഒക്‌ടോബറില്‍ പ്രഖ്യാപിച്ചിരുന്നു. 2014ലെ ഇസ്രായേല്‍ ആക്രമണത്തില്‍ തകര്‍ന്ന ഗാസയുടെ പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കും ഖത്വര്‍ സഹായങ്ങള്‍ നല്‍കി വരുന്നുണ്ട്.
അമേരിക്കന്‍ നീക്കത്തിനെതിരായ അറബ്‌രാജ്യങ്ങളുടെ പ്രതിരോധത്തിനൊപ്പവും ഖത്വര്‍ ഉണ്ടാകും. തുര്‍ക്കി വിളിച്ചു ചേര്‍ത്ത യോഗത്തില്‍ ഖത്വര്‍ പങ്കെടുക്കും. യു എസിനെ പിന്തിരിപ്പിക്കാന്‍ യോജിച്ച പ്രവര്‍ത്തനവും അമേരിക്കയുമായി യോജിച്ച സംഭാഷണവും വേണമെന്നാണ് കഴിഞ്ഞ ദിവസം ഖത്വര്‍ വിദേശകാര്യ മന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുര്‍റഹ്മാന്‍ അല്‍ താനി അഭിപ്രായപ്പെട്ടത്. അമേരിക്കന്‍ തീരുമാനത്തെ നേരിടാന്‍ അറബ് മുസ്‌ലിം രാജ്യങ്ങള്‍ നയങ്ങള്‍ രൂപപ്പെടുത്തണം. കേവലം പ്രതിഷേധത്തിനപ്പുറമുള്ള പ്രവര്‍ത്തനം ഉണ്ടാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഫലസ്തീനും ഇസ്രായേലിനുമിടയിലുള്ള സമാധാനശ്രമങ്ങള്‍ക്കു നേര്‍ക്കുള്ള വധശിക്ഷയാണിതെന്നും മേഖലയെയാകെ ഇതു ബാധിക്കുമെന്നും ശൈഖ് മുഹമ്മദ് പറഞ്ഞു.