ഇസ്‌റാഈല്‍ തലസ്ഥാന മാറ്റം ഫലസ്തീനില്‍ പ്രതിഷേധാഗ്നി പടരുന്നു

Posted on: December 9, 2017 12:00 am | Last updated: December 9, 2017 at 12:00 am
വെസ്റ്റ് ബേങ്കില്‍ നടന്ന പ്രക്ഷോഭത്തിനിടെ നിസ്‌കാരം നിര്‍വഹിക്കുന്ന ഫലസ്തീന്‍ പൗരന്‍

വെസ്റ്റ് ബേങ്ക്: ഇസ്‌റാഈല്‍ തലസ്ഥാനം ടെല്‍ അവീവില്‍ നിന്ന് ജറുസലമിലേക്ക് മാറ്റാനുള്ള പ്രകോപനപരമായ തീരുമാനത്തില്‍ പ്രതിഷേധിച്ച് ഗാസയിലും വെസ്റ്റ് ബാങ്കിലും പ്രക്ഷോഭം കത്തുന്നു. ആയിരക്കണക്കിനാളുകള്‍ തെരുവില്‍ അണിനിരന്നതോടെ ഫലസ്തീന്‍ നഗരങ്ങളില്‍ പ്രതിഷേധാഗ്നി പടര്‍ന്നു. സ്ത്രീകളും കുട്ടികളുമടക്കം ഇസ്‌റാഈല്‍, യു എസ് വിരുദ്ധ പ്രക്ഷോഭത്തിനായി തെരുവിലിറങ്ങിയിട്ടുണ്ട്. ഫലസ്തീന്‍ ജനതയുടെ രോഷ പ്രകടനങ്ങള്‍ അടിച്ചമര്‍ത്താനാണ് ഇസ്‌റാഈല്‍ സര്‍ക്കാര്‍ ശ്രമിക്കുന്നത്. പ്രക്ഷോഭകര്‍ക്ക് നേരെ പോലീസ് ക്രൂരമായ ആക്രമണങ്ങള്‍ അഴിച്ചുവിട്ടു. ഒരാള്‍ കൊല്ലപ്പെട്ടു 200 ഓളം പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഇവരില്‍ ഗുരുതരമായി പരുക്കേറ്റ 16 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി വെസ്റ്റ് ബാങ്ക് ആരോഗ്യ വിഭാഗം വക്താക്കള്‍ അറിയിച്ചു. ഇസ്‌റാഈല്‍ സൈന്യവും പ്രക്ഷോഭകരും തമ്മിലുള്ള ഏറ്റുമുട്ടല്‍ പലയിടങ്ങളിലും മണിക്കൂറോളം നീണ്ടു. റാമല്ലയിലെ അല്‍ മനാറ ചത്വരത്തില്‍ നടന്ന കൂറ്റന്‍ റാലിക്ക് നേരെ ഇസ്‌റാഈല്‍ സൈന്യം കണ്ണീര്‍ വാതകവും റബ്ബര്‍ ബുള്ളറ്റും പ്രയോഗിച്ചു. വെസ്റ്റ് ബാങ്കിലെ ഹെബ്രോണ്‍, നാബ്ലസ്, ജെനിന്‍, തുല്‍കാരെം, ജെറിശോ എന്നിവിടങ്ങളില്‍ കൂറ്റന്‍ റാലികള്‍ സംഘടിപ്പിച്ചു.
ഗാസയിലുണ്ടായ ഏറ്റുുട്ടലില്‍ നാല് ഫലസ്തീന്‍ പൗരന്മാര്‍ക്ക് പരുക്കേറ്റിട്ടുണ്ടെന്നാണ് ഔദ്യോഗിക വൃത്തങ്ങളില്‍ നിന്ന് ലഭിക്കുന്ന വിവരം. പ്രക്ഷോഭകര്‍ക്ക് നേരെ സൈന്യം നിറയൊഴിച്ചതായി ഫലസ്തീന്‍ വാര്‍ത്താ ഏജന്‍സിയായ വഫ റിപ്പോര്‍ട്ട് ചെയ്തു.

അതേസമയം, ജറുസലമിലും വെസ്റ്റ് ബാങ്കിലും കൂടുതല്‍ സൈന്യത്തെ നിയോഗിച്ച് ഇസ്‌റാഈല്‍ സംഘര്‍ഷ ഭീഷണി ഉയര്‍ത്തി. പുരാതന നഗരമായ ജറുസലമില്‍ നൂറ് കണക്കിന് പോലീസുകാരെ കൂടുതലായി നിയോഗിച്ചിട്ടുണ്ട്.

ഇസ്‌റാഈലിന്റെ തലസ്ഥാന മാറ്റം അംഗീകരിച്ച യു എസ് തീരുമാനത്തെ ലോകരാജ്യങ്ങള്‍ ശക്തമായ ഭാഷയിലാണ് എതിര്‍ത്തത്. അന്താരാഷ്ട്ര സമൂഹത്തിന്റെ പിന്തുണ ലഭിച്ചതോടെ ഫലസ്തീനിലെ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടിയായ ഹമാസും ഫതഹും ജനകീയ പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്. ഗാസ മുനമ്പില്‍ ഫതഹും ഹമാസുമായി നിലനില്‍ക്കുന്ന തര്‍ക്കം പരിഹരിക്കാനുള്ള ശ്രമവും ഊര്‍ജിതമായി നടക്കുന്നുണ്ട്.

അമേരിക്കയുടെ പ്രഖ്യാപനം ഫലസ്തീനികള്‍ക്കെതിരായ യുദ്ധപ്രഖ്യാപനമാണെന്ന് ഹമാസ് നേതാവ് ഇസ്മാഈല്‍ ഹനിയ വ്യക്തമാക്കി. ഡൊണാള്‍ഡ് ട്രംപിന്റെ തീരുമാനം ഇസ്‌റാഈല്‍ – ഫലസ്തീന്‍ സമാധാന പ്രക്രിയയെ കൊന്നുകളഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സിയോണിസ്റ്റ് സൈന്യത്തിനെതിരെ ജനങ്ങള്‍ വിപ്ലവത്തിനിറങ്ങുമെന്നും മുസ്‌ലിം ക്രിസ്ത്യന്‍ വിശ്വാസികള്‍ക്കെതിരായ വെല്ലുവിളിയാണ് യു എസ് തീരുമാനത്തിലൂടെ ഉണ്ടായതെന്നും ഹനിയ കൂട്ടിച്ചേര്‍ത്തു.

ജനകീയ പ്രക്ഷോഭത്തെ തുടര്‍ന്ന് ഫലസ്തീനില്‍ മൂന്ന് ദിവസത്തെ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. നഗരങ്ങളില്‍ കടകമ്പോളങ്ങള്‍ അടഞ്ഞുകിടന്നു. മൂന്ന് ദിവസത്തേക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി നല്‍കിയിട്ടുണ്ട്.

അതേസമയം, ലോകരാജ്യങ്ങളുടെ പ്രതിഷേധം വകവെക്കാതെ ജറുസലം വിഷയത്തിലെ നിലപാടിലുറച്ച് നില്‍ക്കുകയാണ് ഡൊണാള്‍ഡ് ട്രംപ്. മുന്നറിയിപ്പുകളെ മാനിക്കുന്നില്ലെന്ന് ട്രംപ് വ്യക്തമാക്കി. എന്നാല്‍, നിലവിലെ സാഹചര്യത്തില്‍ അമേരിക്കയുമായി യാതൊരു നയതന്ത്ര ബന്ധവും പുലര്‍ത്തില്ലെന്ന് ഫലസ്തീന്‍ അതോറിറ്റി വക്താക്കള്‍ അറിയിച്ചു.