ജി സി സിയിലെ ചേരിതിരിവ്

Posted on: December 9, 2017 6:52 am | Last updated: December 8, 2017 at 11:54 pm

അംഗരാഷ്ട്രങ്ങള്‍ക്കിടയിലെ ഭിന്നത പരിഹരിച്ച് ഐക്യവും സൗഹൃദവും സ്ഥാപിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ഗള്‍ഫ് സഹകരണ കൗണ്‍സിലിന്റെ (ജി സി സി)38-ാമത് ഉച്ചകോടി കുവൈത്തില്‍ ചേര്‍ന്നത്. രാഷ്ട്രീയ അനിശ്ചിതത്വം കാരണം പല തവണ മാറ്റിവെച്ചതായിരുന്നു യോഗം. എന്നാല്‍, ഡിസംബര്‍ അഞ്ചിനും ആറിനുമായി ചേരാനിരുന്ന കൗണ്‍സില്‍ ഒറ്റ ദിവസം കൊണ്ട് പിരിയുകയും അംഗ രാജ്യങ്ങള്‍ക്കിടയിലെ ഭിന്നത രൂക്ഷമാകുകയുമാണുണ്ടായത്. മാത്രമല്ല, സഊദിയും യു എ ഇയും ചേര്‍ന്ന് ജി സി സിക്ക് ബദലായി പുതിയ സാമ്പത്തിക പങ്കാളിത്ത സഖ്യം പ്രഖ്യാപിച്ചിരിക്കയുമാണ്. 1981ല്‍ രൂപവത്കൃതമായതിന് ശേഷമുള്ള ഏറ്റവും വലിയ പ്രതിസന്ധിയാണ് ജി സി സി ഇപ്പോള്‍ അഭിമുഖീകരിക്കുന്നത്.

ഭീകര പ്രവര്‍ത്തനങ്ങളെ തുണക്കുന്നുവെന്നാരോപിച്ചാണ് ജി സി സി അംഗ രാഷ്ട്രങ്ങളായ സഊദിയും യു എ ഇയും ബഹ്‌റൈനും ഈജിപ്തും ചേര്‍ന്നു കഴിഞ്ഞ ജൂണില്‍ ഖത്വറിനെതിരെ ഉപരോധം ഏര്‍പ്പെടുത്തിയത്. നയം മാറ്റാന്‍ ഖത്വര്‍ സന്നദ്ധമല്ലെങ്കില്‍ ജി സി സി അംഗത്വം മരവിപ്പിക്കണമെന്നും ഈ രാജ്യങ്ങള്‍ ആവശ്യപ്പെടുകയുണ്ടായി. എന്നാല്‍ ആരോപണങ്ങള്‍ വാസ്തവവിരുദ്ധമാണെന്നും അയല്‍ രാഷ്ട്രങ്ങളായ ഇറാനും ഇറാഖുമായി ബന്ധം തുടരുന്നതാണ് ഉപരോധം പ്രഖ്യാപിച്ച രാജ്യങ്ങളെ ചൊടിപ്പിച്ചതെന്നുമാണ് ഖത്വര്‍ പറയുന്നത്.

പേര്‍ഷ്യന്‍ ഗള്‍ഫിന്റെ തീരത്തുള്ള ആറ് രാജ്യങ്ങള്‍ ചേര്‍ന്ന് രൂപവത്കരിച്ച രാജ്യാന്തര സഹകരണ പ്രസ്ഥാനമാണ് ജി സി സി. ഗള്‍ഫ് രാജ്യങ്ങളിലെ സാമ്പത്തിക, സാംസ്‌കാരിക, സാമൂഹിക പുരോഗതിയും സൈനിക രാഷ്ട്രീയ സഹകരണവുമാണ് മുഖ്യലക്ഷ്യം. സഊദി, യു എ ഇ, ഒമാന്‍, കുവൈത്ത്, ഖത്വര്‍, ബഹ്‌റൈന്‍ എന്നിവയാണ് അംഗരാജ്യങ്ങള്‍. അമേരിക്കയുമായി നല്ല ബന്ധം പുലര്‍ത്തുന്ന രാജ്യങ്ങളാണ് ഇവയെല്ലാം. ജോര്‍ദാന്‍, മൊറോക്കോ, യമന്‍ എന്നീ രാജ്യങ്ങളെ കൂടെ സംഘടനയില്‍ ഉള്‍പ്പെടുത്താനുള്ള നീക്കമുണ്ട്. റിയാദ് നഗരത്തിലാണ് സംഘടനയുടെ ആസ്ഥാനം. അംഗ രാജ്യങ്ങളില്‍ കറന്‍സി ഏകീകരിക്കുന്ന നടപടികള്‍ നടന്നുവരികയായിരുന്നു. അതിനിടെയാണ് ഇപ്പോള്‍ പുതിയ പ്രശ്‌നങ്ങളും ചേരിതിരിവും ഉടലെടുത്തത്.

സഊദിയോടും ഖത്വറിനോടും സൗഹൃദം പുലര്‍ത്തുന്ന രാജ്യമാണ് കുവൈത്ത്. പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ തുടക്കം മുതല്‍ അവര്‍ മധ്യസ്ഥശ്രമം നടത്തി വരികയാണ്. ഖത്വറിനെതിരായ നിലപാടിന്റെ ഭാഗമായി ചില രാജ്യങ്ങള്‍ ജി സി സി ഉച്ചകോടി ബഹിഷ്‌കരിക്കുമെന്ന് ഭീഷണി മുഴക്കിയിട്ടും അതെല്ലാം അവഗണിച്ച് ഐക്യശ്രമത്തിന്റെ കൂടി ഭാഗമായാണ് ജി സി സി രാഷ്ട്ര പ്രതിനിധികളെ ഒന്നിച്ചിരുത്തുക എന്ന ലക്ഷ്യത്തില്‍ ഉച്ചകോടിയുമായി കുവൈത്ത് മുന്നോട്ട് പോയത്. ഖത്വര്‍ നയങ്ങളില്‍ മാറ്റം വരുത്തുന്നില്ലെങ്കില്‍ അവര്‍ പങ്കെടുക്കുന്ന ജി സി സി സമ്മിറ്റിലോ സംയുക്ത മീറ്റിംഗുകളിലോ പങ്കെടുക്കില്ലെന്ന് ബഹ്‌റൈന്‍ രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫയാണ് പ്രസ്താവിച്ചത്. പ്രതിസന്ധി ഇന്നത്തെ നിലയില്‍ തുടരുകയാണെങ്കില്‍ ജി സി സി തന്നെ ഇല്ലാതാകുമെന്നും ഏത് ഒറ്റപ്പെടുത്തലുകളും മേഖലയിലെ ചേരിതിരിവും ഗള്‍ഫിന്റെയും അതിലെ ജനതയുടെയും സുരക്ഷിതത്വം തന്നെയും ഇല്ലാതാക്കുമെന്നുമായിരുന്നു കുവൈത്ത് അമീര്‍ ശൈഖ് സബാഹ് അല്‍ അഹ്മദ് അല്‍ സബാഹിന്റെ ഇതിനോടുള്ള പ്രതികരണം.

‘മുല്ലപ്പൂ വിപ്ലവ’ത്തിന്റെ പശ്ചാത്തലത്തില്‍ ഗള്‍ഫ് മേഖലയില്‍ ഉടലെടുത്ത പ്രതിസന്ധിയുടെ തുടര്‍ച്ചയാണ് യഥാര്‍ഥത്തില്‍ ഖത്വറിനെതിരായ ബഹിഷ്‌കരണവും തുടര്‍സംഭവങ്ങളും. 2014 തുടക്കത്തില്‍ ഇന്നത്തേതിന് സമാനമായ പ്രതിസന്ധി മേഖലയില്‍ ഉടലെടുത്തിരുന്നു. സഊദിയും ബഹ്‌റൈനും ആ വര്‍ഷം മര്‍ച്ച് അഞ്ചിന് ഖത്വറില്‍ നിന്നും നയതന്ത്രപ്രതിനിധികളെ പിന്‍വലിച്ചു. തങ്ങളുടെ സുരക്ഷക്കും കെട്ടുറപ്പിനും പ്രത്യാഘാത ങ്ങളുണ്ടാക്കുന്ന മട്ടില്‍ ഇതര രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളില്‍ ദോഹ ഇടപെടുന്നുവെന്നാരോപിച്ചായിരുന്നു ഈ നടപടി. ഏതായാലും ജി സി സിയിലെ ഈ പ്രതിസന്ധി കുറേകൂടി നീണ്ടുപോയേക്കുമെന്നാണ് സാഹചര്യങ്ങള്‍ നല്‍കുന്ന സൂചന. തങ്ങളുടെ വിദേശനയമോ പ്രഖ്യാപിത നിലപാടുകളോ തിരുത്താനാകില്ലെന്ന് ഖത്വര്‍ വ്യക്തമാക്കിയിട്ടുണ്ട്. സഊദിയും യു എ ഇയും വിട്ടുവീഴ്ചക്ക് ഒരുക്കവുമല്ല. അറബ് ലോകത്തിന്റെ തകര്‍ച്ച ആഗ്രഹിക്കുന്ന യു എസ്, ഇസ്‌റാഈല്‍ തുടങ്ങിയവരെയായിരിക്കും പുതിയ സംഭവ വികാസങ്ങള്‍ ഏറെ സന്തോഷിപ്പിക്കുക. യഥാര്‍ഥത്തില്‍ സഊദിയും ചില രാജ്യങ്ങളും ചേര്‍ന്ന് ഖത്വറിനെതിരെ ഉപരോധം പ്രഖ്യാപിച്ചതില്‍ ഡോണാള്‍ഡ് ട്രംപിന്റെ പങ്ക് വ്യക്തമാണ്. ആഗോള നിരീക്ഷകര്‍ ഇക്കാര്യം വിലയിരുത്തിയിട്ടുമുണ്ട്. മേഖലയില്‍ കൂടുതല്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുക എന്ന ചെന്നായയുടെ ബുദ്ധിയാണ് ട്രംപിന്റെ ഉപദേശത്തിന് പിന്നില്‍. അമേരിക്കയോട് ഒട്ടി നില്‍ക്കുന്ന രാജ്യങ്ങള്‍ക്ക് പലപ്പോഴും അതിന്റെ പിന്നിലെ ദുഷ്ട ബുദ്ധിയും അപകടകരമായ മനസ്സിലിരിപ്പും വായിച്ചെടുക്കാന്‍ കഴിയുന്നില്ല.