ഖത്വര്‍ ദേശീയദിനാഘോഷങ്ങള്‍ക്ക് നാളെ ആരംഭം

Posted on: December 8, 2017 10:48 pm | Last updated: December 8, 2017 at 10:48 pm

ദോഹ: രാജ്യത്തോടും ഭരണകര്‍ത്താക്കളോടുമുള്ള ജനതയുടെ ഐക്യം വിളംബരം ചെയ്ത് ദേശീയ ദിനാഘോഷങ്ങള്‍ക്ക് നാളെ തുടക്കം. ദേശീയ ആഘോഷ സമിതിയുടെ ആഭിമുഖ്യത്തിലുള്ള ഔദ്യോഗിക ആഘോഷ പരിപാടികള്‍ക്കാണ് നാളെ തുടക്കം കുറിക്കുന്നത്. ദര്‍ബ് സാഇയിലാണ് പ്രധാന ആഘോഷങ്ങള്‍ നടക്കുന്നത്. വിവിധ സാംസ്‌കാരിക പരിപാടികളോടെയാണ് ആഘോഷം നടക്കുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിവിധ വിഭാഗങ്ങളുടെയും സ്ഥാപനങ്ങളുടെയും ആഭിമുഖ്യത്തില്‍ ആഘോഷം നടക്കും.

ദര്‍ബ് സാഇയില്‍ നടക്കുന്ന ആഘോഷത്തിലും ദേശീയ സ്ഥാപനങ്ങളും പങ്കുചേരും. നാളെ മുതല്‍ 20 വരെയാണ് ആഘോഷം നടക്കുക. ദര്‍ബ് സാഇയില്‍ നടക്കുന്ന ആഘോഷങ്ങളില്‍ പൊതുജനങ്ങളോടും പങ്കുചേരാന്‍ ഖത്വര്‍ ഫൗണ്ടേഷന്‍ ആവശ്യപ്പെട്ടു. ആഘോഷങ്ങള്‍ക്കായി ഖത്വര്‍ ഫൗണ്ടേഷന്റെ ടെന്റ് ദര്‍ബ് സാഇയില്‍ സജ്ജീകരിക്കും. ഖത്വര്‍ പതാകയുടെ വര്‍ണങ്ങളില്‍ അലങ്കരിച്ച കൂടാരത്തിലെത്തുന്ന സന്ദര്‍ശകര്‍ക്ക് ഖത്വര്‍ ഫൗണ്ടേഷന്റെ പ്രവര്‍ത്തനങ്ങള്‍ മനസ്സിലാക്കാന്‍ അവസരമുണ്ടാകും. സഹിഷ്ണുത, ആദരവ്, ഔദാര്യം എന്നിവ മുന്‍നിര്‍ത്തിയുള്ള പ്രചാരവും ടെന്റില്‍ ഉണ്ടായി. വിദ്യാഭ്യാസ ടെലിവിഷന്‍ ത്രിഡി പരമ്പരായ സിറാജ് അടിസ്ഥാനപ്പെടുത്തി ഖത്വര്‍ ഫൗണ്ടേഷന്‍ കൂടാരത്തില്‍ വിനോദ പരിപാടികളും നടക്കും. ദേശീയ വായനാ പ്രചാരണമുള്‍പ്പെടെ യുവാക്കളെ ആകര്‍ഷിക്കുന്ന പരിപാടികളും നടക്കും.

രാജ്യത്തെ സംബന്ധിച്ച് പ്രധാന സന്ദര്‍ഭമാണ് ദേശീയദിനാഘോഷമെന്ന് ഖത്വര്‍ ഫൗണ്ടേഷന്‍ ചീഫ് കമ്യൂണിക്കേഷന്‍ ഓഫീസര്‍ മായന്‍ സബീബ് പറഞ്ഞു. പ്രീ യൂനിവേഴ്‌സിറ്റി എജുക്കേഷന്‍, ഹയര്‍ എജുക്കേഷന്‍, സയന്‍സ് ആന്‍ഡ് റിസര്‍ച്ച്, കമ്യൂണിറ്റി ഡവലപ്‌മെന്റ് തുടങ്ങിയ ഖത്വര്‍ ഫൗണ്ടേഷന്റെ പ്രധാന പ്രവര്‍ത്തന മേഖലകളില്‍ കേന്ദ്രീകരിച്ചാണ് ടെന്റിന്റെ സജ്ജീകരണം. ടെന്റില്‍ ഖത്വര്‍ ഫൗണ്ടേഷന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന ഖത്വര്‍ ഗ്രീന്‍ ബില്‍ഡിംഗ് കൗണ്‍സില്‍, ഖത്വര്‍ മ്യൂസിക് അക്കാദമി, ഖത്വര്‍ നാഷനല്‍ ലൈബ്രറി, ഖത്വര്‍ ഡിബേറ്റ് എന്നിവയും ടെന്റില്‍ പ്രവര്‍ത്തിക്കും. രാവിലെ എട്ടു മുതല്‍ ഉച്ചക്ക് 12 വരെയും ഉച്ച കഴിഞ്ഞ് നാലു മുതല്‍ രാത്രി 12 വരെയുമാണ് ദര്‍ബ് സാഇയില്‍ ആഘോഷ പരിപാടികള്‍ നടക്കുക.