Connect with us

Gulf

അമ്പത് എ 321 നിയോ വിമാനങ്ങള്‍ക്ക് ഖത്വര്‍ എയര്‍വേയ്‌സ്- എയര്‍ബസ് കരാര്‍

Published

|

Last Updated

എയര്‍ബസ്, ഖത്വര്‍ എയര്‍വേയ്‌സ് സി ഇ ഒമാര്‍ കരാര്‍ കൈമാറുന്നു 

ദോഹ: എയര്‍ ബസിന്റെ 50 എ 321 നിയോ എ സി എഫ് വിമാനങ്ങള്‍ വാങ്ങാന്‍ ഖത്വര്‍ എയര്‍വേയ്‌സ് കരാര്‍ ഒപ്പിട്ടു. നേരത്തേ ഓര്‍ഡര്‍ ചെയ്ത എ 320 നിയോ വിമാനങ്ങളുടെ ശേഷി ഉയര്‍ത്തിയാണ് പുതിയ ഓര്‍ഡര്‍ എന്ന് ഖത്വര്‍ എയര്‍വേയ്‌സ് വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ താനിയുടെയും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണിന്റെയും സാന്നിധ്യത്തില്‍ ഖത്വര്‍ എയര്‍വേയ്‌സ് സി ഇ ഒ അക്ബര്‍ അല്‍ ബാകിര്‍, എയര്‍ബസ് സി ഇ ഒ ഫാബ്രിസ് ബ്രിജിയര്‍ എന്നിവരാണ് കരാറില്‍ ഒപ്പുവെച്ചത്. ഫ്രഞ്ച് പ്രസിഡന്റിന്റെ ദോഹ സന്ദര്‍ശനത്തോടനുബന്ധിച്ചായിരുന്നു സുപ്രധാനമായ കരാര്‍.

എയര്‍ബസില്‍ നിന്നും അമ്പതു വിമാനങ്ങള്‍ ഒന്നിച്ചു വാങ്ങുന്നത് കമ്പനിയുടെ കാര്യക്ഷമതയും അധികശേഷിയുമാണ് ബോധ്യപ്പെടുത്തുന്നത്. 2011ല്‍ നല്‍കിയ ഓര്‍ഡര്‍ പുതുക്കിയാണ് പുതിയ കരാര്‍. 2019 മുതലാണ് കരാര്‍ അനുസരിച്ച് എ 320 നിയോ വിമാനങ്ങള്‍ എത്തിത്തുടങ്ങുക. 6.35 ബില്യന്‍ ഡോളറാണ് വിമാനങ്ങള്‍ക്കായി ഖത്വര്‍ എയര്‍വേയ്‌സ് ചെലവിടുന്നത്. കമ്പനിയുടെ ലോകവ്യാപകമായുള്ള സേവന ശൃംഖല വികസിപ്പിക്കുന്നതിന് പുതിയ വിമാനങ്ങള്‍ സഹായിക്കും. അപ്രതീക്ഷിതമായ വളര്‍ച്ചയും വികസനവും നേരിട്ടു കൊണ്ടിരിക്കുന്ന ഘട്ടത്തില്‍ കൂടുതല്‍ കാര്യക്ഷമതക്കായി പുതിയ തലമുറ വിമാനങ്ങള്‍ ആവശ്യമാണെന്ന് ഖത്വര്‍ എയര്‍വേയ്‌സ് സി ഇ ഒ അക്ബര്‍ അല്‍ ബാകിര്‍ പറഞ്ഞു.

ഖത്വര്‍ എയര്‍വേയ്‌സ് തങ്ങളുടെ പ്രധാനപ്പെട്ട അംഗമാണെന്നും പുതിയ കരാര്‍ കമ്പനുയമായുള്ള ബന്ധം ദൃഢപ്പെടുത്തുന്നുവെന്നും എയര്‍ബസ് സി ഇ ഒ അക്ബര്‍ അല്‍ ബാകിര്‍ പറഞ്ഞു. മിഡില്‍ ഈസ്റ്റ് മാര്‍ക്കറ്റില്‍ എയര്‍ബസിന്റെ ശക്തമായ സാന്നിധ്യംകൂടി ഉറപ്പിക്കുന്നതാണ് കരാര്‍ എന്നും അദ്ദേഹം പറഞ്ഞു. 240 പേര്‍ക്ക് സഞ്ചരിക്കാവുന്ന എ 321 വിമാനം എയര്‍ബസ് എ 320 പരമ്പരയിലെ വലിയ വിമാനമാണ്. പുതിയ എന്‍ജിന്‍, എയറോ ഡൈനാമിക് ആധുനികത, കാബിന്‍ നവീകരണം തുടങ്ങിയ സവിശേഷതകളുള്ള വിമാനത്തില്‍ 15 ശതമാനം ഇന്ധനച്ചെലവ് കുറവാണ്. ആധുനിക സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച് നിര്‍മിച്ച വിമാനത്തിന് 95 രാജ്യങ്ങളില്‍ നിന്നായി 5,200 ഓര്‍ഡറുകള്‍ ലഭിച്ചതായി കമ്പനി അറിയിച്ചു.