ഇസ്‌റാഈല്‍ തലസ്ഥാനമാറ്റം: ട്രംപ് ചവിട്ടി താഴ്ത്തുന്നത് ഫലസ്തീന്‍ സ്വപ്നം

Posted on: December 7, 2017 9:04 am | Last updated: December 7, 2017 at 10:45 am

ജറുസലേം: പതിറ്റാണ്ടുകളായി അനീതിയുടെ കൈപ്പുനീര്‍ കുടിക്കാന്‍ വിധിക്കപ്പെട്ട ഫലസ്തീന്‍ ജനതക്കും അവര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്ന അറബ് രാജ്യങ്ങളുടെയും സ്വപ്‌നങ്ങള്‍ക്കേറ്റ പ്രഹരമാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പുതിയ നീക്കം. ജറുസലമിനെ തലസ്ഥാനമായി തങ്ങള്‍ക്കൊരു രാജ്യം വേണമെന്ന കാലങ്ങളായുള്ള ഫലസ്തീന്‍ സമൂഹത്തിന്റെ ന്യായമായ അവകാശത്തിനും ആഗ്രഹത്തിനും മുകളില്‍ അധികാരത്തിന്റെ ചവിട്ടടി പതിപ്പിക്കാനാണ് ട്രംപും ഇസ്‌റാഈലും ശ്രമിക്കുന്നത്.
ഇസ്‌റാഈലിന്റെ തലസ്ഥാനം ടെല്‍അവീവില്‍ നിന്ന് ജറുസലമിലേക്ക് മാറ്റുകയെന്നത് കേവലമൊരു അധികാര കേന്ദ്രത്തിന്റെ സ്ഥാനചലനമായി കണക്കാക്കാനാകില്ല. ഫലസ്തീന്‍ രാജ്യമെന്ന സ്വപ്‌നത്തെ പൂര്‍ണമായും തച്ചുടക്കുന്നതിന്റെ ആദ്യ പടിയാണിത്. അതാകട്ടെ കടുത്ത മുസ്‌ലിംവിരുദ്ധനും ഫലസ്തീനിനെതിരെ തിരഞ്ഞെടുപ്പ് പ്രചാരണ കാലം തൊട്ടേ വിവാദ പ്രസ്താവന നടത്തിയ യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നേതൃത്വത്തിലാണ്. 1995 മുതല്‍ യു എസ് പ്രസിഡന്റുമാര്‍ നടപ്പാക്കാതെ മാറ്റിവെച്ച പ്രഖ്യാപനമാണ് ഇപ്പോള്‍ ട്രംപ് നടത്തുന്നത്.
ഇസ്‌റാഈല്‍ തലസ്ഥാനവും യു എസ് എംബസിയും ജറുസലേമിലേക്ക് മാറ്റാന്‍ അമേരിക്ക തീരുമാനിച്ചത് മുതല്‍ ഫലസ്തീനില്‍ വ്യാപകമായ പ്രക്ഷോഭം നടക്കുകയാണ്. ഫലസ്തീന്‍ പതാകയുമേന്തി ആയിരക്കണക്കിനാളുകള്‍ ജറുസലേമിലും സമീപ നഗരങ്ങളിലും പ്രക്ഷോഭം നടത്തി. തലസ്ഥാന മാറ്റം അംഗീകരിക്കാനാകില്ലെന്ന് ഹമാസ് അടക്കമുള്ള സംഘടനകള്‍ വ്യക്തമാക്കി.
അന്താരാഷ്ട്ര സമ്മര്‍ദങ്ങളെയും അറബ് രാജ്യങ്ങളുടെ പ്രതിഷേധങ്ങളെയും വകവെക്കാതെയാണ് വിവാദ നടപടിയുമായി അമേരിക്ക മുന്നോട്ടുപോകുന്നത്. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍, തുര്‍ക്കി പ്രസിഡന്റ് ത്വയ്യിബ് ഉര്‍ദുഗാന്‍, ഫ്രാന്‍സിസ് മാര്‍പ്പാപ്പ, ഫലസ്തീന്‍ അതോറിറ്റി പ്രസിഡന്റ് മഹ്മൂദ് അബ്ബാസ്, ഹമാസ് നേതാവ് ഇസ്മാഈല്‍ ഹനിയ്യ്, ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മെയ്, വിദേശകാര്യ സെക്രട്ടറി ബോറിസ് ജോണ്‍സണ്‍ തുടങ്ങിയവര്‍ ട്രംപിന്റെ നീക്കത്തില്‍ പ്രതിഷേധം അറിയിച്ചിട്ടുണ്ട്.
നിലവിലെ സ്ഥിതി തുടരണമെന്നും മുഴുവന്‍ ജനങ്ങളുടെയും അവകാശം മാനിച്ച് ചര്‍ച്ചയിലൂടെ പ്രശ്‌നം പരിഹരിക്കണമെന്നും ഫ്രാന്‍സിസ് മാര്‍പ്പാപ്പ ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക പ്രഖ്യാപനം നടക്കുന്നതിന് മുമ്പ് ഫ്രഞ്ച് പ്രസിഡന്റ് ട്രംപുമായി ടെലിഫോണ്‍ ചര്‍ച്ച നടത്തിയിരുന്നു. തീരുമാനത്തില്‍ നിന്ന് പിന്തിരിയണമെന്ന് അദ്ദേഹം ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. എന്നാല്‍, മക്രോണിന്റെ ആവശ്യം ട്രംപ് അംഗീകരിച്ചിട്ടില്ലെന്നാണ് വൈറ്റ് ഹൗസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന.
ട്രംപിന്റെ നീക്കത്തിനെതിരെ തുര്‍ക്കി ശക്തമായി രംഗത്തുണ്ട്. ജറുസലമിനെ ഇസ്‌റാഈല്‍ തലസ്ഥാനമാക്കാനുള്ള നീക്കം മുസ്‌ലിംകള്‍ക്കുള്ള ചുവപ്പ് നാടയാണെന്നാണ് ഉര്‍ദുഗാന്‍ പ്രതികരിച്ചത്. ജറുസലം വിഷയത്തിലെ ബ്രിട്ടീഷ് നയം മാറിയില്ലെന്ന് തെരേസ മെയ് വ്യക്തമാക്കി.
പശ്ചിമേഷ്യന്‍ സമാധാന ശ്രമങ്ങള്‍ക്കേറ്റ പ്രഹരമാണ് ട്രംപിന്റെ പ്രഖ്യാപനമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. ജറുസലേമിലേക്ക് ഇസ്‌റാഈല്‍ തലസ്ഥാനം മാറുന്നതോടെ അറബ് രാജ്യങ്ങളുടെയും ബ്രിട്ടനടക്കമുള്ള യൂറോപ്യന്‍ രാജ്യങ്ങളുടെയും നേതൃത്വത്തിലുള്ള സമാധാന ചര്‍ച്ച അസ്ഥാനത്താകും. ഫലസ്തീനിലെ ഹമാസും ഫതഹും ഒരുമിച്ച് നീങ്ങാന്‍ തീരുമാനിച്ച സാഹചര്യത്തില്‍ ജറുസലേം പ്രശ്‌നം ജനകീയ രോഷമായി മാറാനും സാധ്യത കൂടുതലാണെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വ്യക്തമാക്കുന്നു.