രാമജന്മഭൂമിയുമായി പിന്നെയുമവര്‍ വരുന്നുണ്ട്‌

മണ്ഡല്‍ അനുകൂല തരംഗത്തെ നേരിടാന്‍ അഡ്വാനി നടത്തിയ രഥയാത്ര വി പി സിംഗ് മന്ത്രിസഭയെ അട്ടിമറിക്കാനുള്ള കൗശലത്തില്‍ നിന്നാണെങ്കില്‍ ഇന്ന് സുപ്രീം കോടതിയില്‍ കേസ് വന്നിരിക്കെ ഉഡുപ്പിയിലെ ഹിന്ദു ധര്‍മ സംസദില്‍ വീണ്ടും അയോധ്യാ വിഷയം എടുത്തിടുന്നത് മറ്റൊരു രാഷ്ട്രീയ സാഹചര്യത്തിലാണ്. വന്‍ വാഗ്ദാനങ്ങള്‍ നല്‍കി അധികാരത്തില്‍ വന്ന മോദിയുടെ സര്‍ക്കാറിനെതിരെ ജനരോഷം ശക്തിപ്പെടുന്നുണ്ട്. ഇത്തരം കലുഷിതാവസ്ഥകള്‍ തങ്ങളുടെ നിലനില്‍പ്പിനെ തന്നെ പ്രതികൂലമാക്കി മാറ്റും എന്ന തിരിച്ചറിവ് ആര്‍ എസ് എസിന്റെ ബൗദ്ധിക നേതൃത്വത്തിനുണ്ട്. ഇത്തരം പ്രതിസന്ധികള്‍ അസ്ഥിവാരം ഇളക്കാതിരിക്കണമെങ്കില്‍ ഫാസിസ്റ്റ്‌വത്കരണ നയങ്ങള്‍ തീവ്രമാക്കണം.1984ലും 85ലും നടന്ന ഇതുപോലുള്ള ധര്‍മസംസദുകളിലാണ് അയോധ്യയടക്കമുള്ളവ 'മോചിപ്പിക്കാനുള്ള' ആഹ്വാനം നല്‍കിയത്. അതാണ് പിന്നീട് മസ്ജിദ് തകര്‍ക്കുന്നതിലേക്ക് എത്തി ച്ചേരുന്നത്.
Posted on: December 7, 2017 6:30 am | Last updated: December 6, 2017 at 11:27 pm

ഉഡുപ്പിയില്‍ ദിവസങ്ങള്‍ക്ക് മുമ്പ് നടന്ന ഹിന്ദു ധര്‍മ സംസദില്‍ ആര്‍ എസ് എസ് നേതാവ് മോഹന്‍ ഭാഗവതും വി എച്ച് പി നേതാവ് പ്രവീണ്‍ തൊഗാഡിയയും തങ്ങളുടെ തീവ്രഹിന്ദുത്വ നിലപാടുകള്‍ വീണ്ടും പ്രഖ്യാപിച്ചിരിക്കുകയാണ്. 2019 ആകുമ്പോഴേക്കും അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണം ആരംഭിക്കുമെന്നും 25 വര്‍ഷം മുമ്പ് കൊടിയുയര്‍ത്തിയവരുടെ മാര്‍ഗ നിര്‍ദേശത്തില്‍ അതേ കല്ലുകള്‍ ഉപയോഗിച്ച് തന്നെയായിരിക്കും പൂര്‍ത്തീകരിക്കുകയെന്നുമാണ് ഇവരെ ഉദ്ധരിച്ച് പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. രാജ്യത്തിന്റെ ഭരണഘടനയും ജനാധിപത്യ പാരമ്പര്യങ്ങളും അല്ല; തങ്ങളെ നയിക്കുന്നതെന്നും വംശീയവും മതപരവുമായ തത്വ സംഹിതകളാണ് രാജ്യം ഭരിക്കേണ്ടത് എന്ന ഫാസിസത്തിന്റെ വെല്ലുവിളി തന്നെയാണ് ഈ ധര്‍മ സംസദില്‍ മുഴങ്ങിക്കേട്ടത്.

1857-ലെ ഒന്നാം സ്വാതന്ത്ര്യ സമരത്തോളം കാലദൈര്‍ഘ്യമുള്ളതാണ് ബാബരി മസ്ജിദ് രാമ ജന്മഭൂമി പ്രശ്‌നം. മതസൗഹാര്‍ദത്തിനും ജനങ്ങളുടെ സമരതീക്ഷ്ണതക്കും മാതൃകയായിരുന്നു ഔധ് എന്ന നാട്ടുരാജ്യത്തില്‍ പെട്ട ഇന്നത്തെ ഫൈസാബാദും അയോധ്യയും. ജനങ്ങളുടെ ഈ ഐക്യം ബ്രിട്ടീഷുകാര്‍ക്കുണ്ടാക്കിയ തല വേദനയില്‍ നിന്നായിരുന്നു ബാബരി പ്രശ്‌നം ഉടലെടുത്തത്. മോണ്ട്‌ഗോമറി മാര്‍ട്ടിന്‍ എന്ന ബ്രിട്ടീഷ് ഉദ്യോഗസ്ഥനാണ് തെറ്റായ ചരിത്രം എഴുതി ഔധില്‍ ആദ്യമായി ഭിന്നിപ്പിന്റെ വിത്ത് പാകുന്നത്. അവിടെ രാമക്ഷേത്രം ഉണ്ടായിരുന്നുവെന്നും അത് ബാബറുടെ നേതൃത്വത്തില്‍ മുസ്‌ലിംകള്‍ തകര്‍ത്താണ് ബാബരി മസ്ജിദ് ഉണ്ടാക്കിയതെന്നുമുള്ള കെട്ടുകഥ അദ്ദേഹം പടച്ചുണ്ടാക്കി. വിദ്യാഭ്യാസപരമായും സാംസ്‌കാരികമായും പിന്നാക്കം നില്‍ക്കുന്ന സമൂഹത്തില്‍ അത്തരം കഥകളുണ്ടാക്കുന്ന സാമൂഹികമായ മുറിവുകള്‍ ആഴത്തിലുള്ളതായിരിക്കും. അത് ഇരുപതാം നൂറ്റാണ്ട് ആകുമ്പോഴേക്കു തന്നെ പല ചെറിയ സംഭവങ്ങളിന്മേലെ വര്‍ഗീയ കലാപങ്ങളായി മറ്റെവിടേക്കാളും ഇവിടെ പ്രകടമായി. സാമ്രാജ്യത്വം അതിന്റെ കൊളോണിയല്‍ താത്പര്യാര്‍ഥം പല രാജ്യങ്ങളിലും ചെയ്തത് പോലെ ഇവിടെയും വര്‍ഗീയതയെയാണ് തുറന്ന് വിട്ടത്.
ആ വിഭജനമാണ് 1949 ആഗസ്ത് 22ന് അര്‍ധരാത്രിയില്‍ ബാബരി മസ്ജിദിനകത്ത് രാമ വിഗ്രഹം കൊണ്ട് വെക്കുന്നതിലേക്ക് എത്തിയത്. ബോധപൂര്‍വമായ ആസൂത്രണത്തിന്റെ പുറത്തായിയിരുന്നു രാമവിഗ്രഹം അവിടെ കൊണ്ടുവെക്കപ്പെട്ടതെന്ന് തൊട്ടടുത്ത പ്രഭാതത്തില്‍ തന്നെ ഒരു കൂട്ടം ഹിന്ദുത്വവാദികള്‍ രാംലാലയെ സന്ദര്‍ശിക്കാന്‍ പൂജാദ്രവ്യങ്ങളുമായി വന്നതില്‍ നിന്നും മനസ്സിലാക്കാവുന്നതാണ്. അത് പിന്നീട് ആയിരങ്ങളുടെ സാന്നിധ്യമായി ഒരു വന്‍ വൈകാരിക പ്രചാരണമാണ് അഴിച്ചുവിട്ടത്. ഈ സംഭവത്തെ കുറിച്ച് അയോധ്യ കൊത്ത്‌വാലിയിലെ പോലീസ് സ്‌റ്റേഷനില്‍ തയ്യാറാക്കിയ എഫ് ഐ ആറില്‍ മാതാ പ്രസാദ് എന്ന പോലീസ് ഉദ്യോഗസ്ഥന്‍ ഇങ്ങനെ രേഖപ്പെടുത്തി: ”കാലത്തു എട്ട് മണിയോടുകൂടി ഞാന്‍ സ്ഥലത്തെത്തിയപ്പോള്‍ അമ്പതിനും അറുപതിനും ഇടക്കുള്ള ആളുകള്‍ ബാബരി മസ്ജിദിനു പുറത്തുള്ള മതിലിന്റെ പൂട്ട് തകര്‍ത്തോ മതില്‍ ചാടിയോ അകത്തു പ്രവേശിക്കുകയും ഭഗവാന്റെ വിഗ്രഹം പള്ളിക്കുള്ളില്‍ സ്ഥാപിക്കുകയും ചെയ്തതായി അറിഞ്ഞു. അകത്തും പുറത്തുമുള്ള ചുമരില്‍ ചായം കൊണ്ട് രാമന്റെയും സീതയുടെയും മറ്റും ചിത്രങ്ങള്‍ അവര്‍ വരച്ചു. അപ്പോള്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ഹാന്‍സ് രാജ് അവരോട് അവ മായ്ക്കാനും വിഗ്രഹം മാറ്റാനും ആവശ്യപ്പെട്ടെങ്കിലും അനുസരിച്ചില്ല. കൂടുതല്‍ പോലീസ് എത്തുന്നതിനു മുമ്പേ തന്നെ അവര്‍ പള്ളിക്കകത്ത് പ്രവേശിച്ചിരുന്നു. തുടര്‍ന്ന് ജില്ലാ ഭരണാധികാരികള്‍ രംഗത്തെത്തുകയും ആവശ്യമായ ക്രമീകരങ്ങള്‍ നടപ്പാക്കുകയും ചെയ്തു. അതിനാല്‍ തന്നെ അയ്യായിരത്തിനും ആറായിരത്തിനും ഇടക്ക് ഭക്തന്മാര്‍ നാമജപവുമായി മസ്ജിദിന് മുന്നില്‍ തടിച്ചുകൂടിയെങ്കിലും അനിഷ്ട സംഭവങ്ങളൊന്നുമുണ്ടായില്ല. രാംദാസ്, രാംശക്തിദാസ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് അന്‍പതിലേറെ പേര്‍ മസ്ജിദിന് അകത്തു കയറി അതിന്റെ വിശുദ്ധി നഷ്ടപ്പെടുത്തിയത്.”

വര്‍ഷങ്ങളായി ജനങ്ങള്‍ ആരാധിച്ചു പോന്ന ഒരു ആരാധനാലയത്തില്‍ അതിക്രമിച്ച് കടന്നാല്‍ അത് ക്രിമിനല്‍ കുറ്റമാണ്. സ്വാതന്ത്ര്യാനന്തരം നടന്ന ഈ സംഭവത്തിന്‍മേല്‍ കേസെടുത്ത് നിയമം നടപ്പാക്കുകയാണ് യു പി സര്‍ക്കാര്‍ അന്ന് ചെയ്യേണ്ടിയിരുന്നത്. എന്നാല്‍, അന്നത്തെ ഫൈസാബാദ് കലക്ടറായിരുന്ന കെ കെ നായര്‍ ഡിസംബര്‍ 29 ആകുമ്പോഴേക്കും ഹിന്ദുത്വ ശക്തികള്‍ക്ക് അനുകൂലമായി തീരുമാനമെടുക്കുകയും പള്ളിയിലെ ഇമാമിനെ അവിടെ പ്രവേശിക്കരുതെന്ന് ഉത്തരവിടുകയും ചെയ്ത് ബാബ്‌രി മസ്ജിദ് പൂട്ടിക്കുകയാണ് ചെയ്തത്. പ്രത്യുപകാരമായി ആര്‍ എസ് എസ് ചെയ്തത് ഇദ്ദേഹത്തിന് ജനസംഘത്തിന്റെ പേരില്‍ പാര്‍ലിമെന്റില്‍ സീറ്റ് തരപ്പെടുത്തിക്കൊടുക്കുകയായിരുന്നു).
പിന്നീട് ഈ പ്രശ്‌നം ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ മുന്നില്‍ എത്തുകയും നെഹ്‌റു അത് മുസ്‌ലിംകള്‍ക്ക് വിട്ടുകൊടുക്കാന്‍ യു പി സര്‍ക്കാറിനോട് അഭ്യര്‍ഥിക്കുകയും ചെയ്തു. എന്നാല്‍, ഇതിനെ മറികടക്കാന്‍ 1950 ജനുവരി 10ന് ഗോപാല്‍സിംഗ് വിശാരദ് എന്നയാള്‍ ഹിന്ദു വര്‍ഗീയ ശക്തികള്‍ക്ക് അനുകൂലമായി അവിടുത്തെ ഒരു കോടതിയില്‍ നിന്നും വിധി സമ്പാദിക്കുകയുണ്ടായി. അതേസമയം ഫൈസാബാദിലെ ജില്ലാ കോടതിയില്‍ സമര്‍പ്പിച്ച മറുപടിയില്‍ ജില്ലാ മജിസ്‌ട്രേറ്റ് ജെ എന്‍ ഉഗ്ര പറഞ്ഞത്, ബാബറി മസ്ജിദ് എന്നറിയപ്പെടുന്ന സ്ഥലം മുസ്‌ലിംകള്‍ ആരാധനക്ക് ഉപയോഗിക്കുന്ന സ്ഥലമാണെന്നും അതൊരിക്കലും ശ്രീരാമ ചന്ദ്രജിയുടെ ക്ഷേത്രമായി ഉപയോഗിച്ചില്ലെന്നുമായിരുന്നു. മാത്രവുമല്ല, 1949 ഡിസംബര്‍ 22ന് രാമവിഗ്രഹം ബോധപൂര്‍വവും, തെറ്റായ രീതിയിലും അകത്തു വെക്കുകയാണുണ്ടായതെന്നും മജിസ്‌ട്രേറ്റ് പ്രസ്താവത്തില്‍ കൂട്ടിച്ചേര്‍ക്കുകയും ചെയ്തു. തുടര്‍ന്നുള്ള നാളുകളില്‍ വീണ്ടും കേസുകളും മറു കേസുകളുമായി ഇരു വിഭാഗവും കോടതികളെ സമീപിച്ചു. കേസുകള്‍ അനന്തമായി നീണ്ടുപോയി.

ഇങ്ങനെ നിയമക്കുരുക്കില്‍ പൂട്ടിക്കിടന്ന ബാബരി മസ്ജിദ് പിന്നീട് ദേശീയ ശ്രദ്ധയിലേക്ക് വരുന്നത് 1980 തുകളിലാണ്. രാമജന്മ ഭൂമി ആക്ഷന്‍ കമ്മിറ്റി മസ്ജിദിന്റെ പൂട്ട് തുറക്കാന്‍ ആവശ്യപ്പെട്ട് നടത്തിയ പ്രക്ഷോഭത്തിന്റെയും രഥയാത്രകളുടെയും അന്തരീക്ഷത്തില്‍ രാജീവ് ഗാന്ധിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാര്‍ ഉത്തരേന്ത്യയിലെ ഹിന്ദു വോട്ടുകളില്‍ കണ്ണു വെച്ച് നടത്തിയ രാഷ്ട്രീയ കരുനീക്കങ്ങളുടെ ഫലമായി 1986 ഫെബ്രുവരി ഒന്നിന് ഫൈസാബാദ് ജില്ലാ ജഡ്ജ് കെ എം പാണ്ഡെ ബാബരി മസ്ജിദ് മുസ്‌ലിംകളുടെ കൈയില്‍ നിന്നും ‘മോചിപ്പിച്ച്’ വി എച്ച് പിക്ക് കൈമാറി. ഈ വിധിക്കെതിരെ അപ്പീല്‍ കൊടുക്കാനോ ജുഡീഷ്യറിയുടെ ഹിന്ദുത്വബ്രാഹ്മണിക്കല്‍ നിലപാടിനെതിരെ പ്രതികരിക്കാനോ കോണ്‍ഗ്രസ് നേതൃത്വം തയ്യാറാകാതിരുന്നത് എന്തുകൊണ്ടെന്ന് വ്യക്തമാണല്ലോ? പ്രാഗ്മുതലാളിത്ത മതാത്മക സാമൂഹിക സാഹചര്യവും അത് പിടി മുറുക്കിയിരിക്കുന്ന ജുഡീഷ്യറിയിലെയും ഭരണനേതൃത്വത്തിലെയും ആശയ സ്വാധീനവും സംഘ്പരിവാര്‍ ശക്തികള്‍ക്ക് വളക്കൂറുള്ള മണ്ണൊരുക്കിയ കാഴ്ചയാണ് നാം പിന്നീട് കണ്ടത്.
ഈ വളര്‍ച്ച 1992 ഡിസംബര്‍ ആറ് ആകുമ്പോഴേക്കും അതിന്റെ രൗദ്രഭാവത്തില്‍ പുറത്തെടുത്തു. അന്ന് പ്രധാനമന്ത്രി ആയിരുന്ന നരസിംഹ റാവുവിന്റെ കുറ്റകരമായ അനാസ്ഥ ബാബരി മസ്ജിദ് തകര്‍ക്കപ്പെടുന്നതിലേക്കു കാര്യങ്ങളെ എത്തിച്ചു. ആ ദിവസം തന്നെ ബാബരി മസ്ജിദിനോടൊപ്പം 22 ചെറിയ പള്ളികളും 150 ദര്‍ഗകളും 270 മുസ്‌ലിം വീടുകളും കര്‍സേവകര്‍ തകര്‍ത്തിട്ടുണ്ടെന്നാണ് ഔദ്യോഗിക കണക്കുകള്‍. സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും വലിയ കുറ്റകൃത്യമായിരുന്നു അത്. പതിറ്റാണ്ടുകളോളം മുസ്‌ലിംകള്‍ ഉപയോഗിച്ചുപോന്ന ബാബരി മസ്ജിദ് തകര്‍ക്കപ്പെടുന്നതിന് കാര്‍മികത്വം കൊടുത്ത എല്‍ കെ അഡ്വാനി, ഉമാഭാരതി, മുരളീ മനോഹര്‍ ജോഷി, ഋത്വംബര എന്നിവര്‍ കുറ്റകൃത്യത്തിന് ജയിലില്‍ അടക്കപ്പെട്ടില്ല. അവര്‍ക്കെതിരെ ഇവിടുത്തെ നീതിന്യായ സംവിധാനങ്ങളും ഭരണ നേതൃത്വവും നടപടികള്‍ സ്വീകരിക്കുന്നതിന് പകരം ഈ സംഘ്പരിവാര്‍ നേതാക്കന്മാരെ കുറ്റവിമുക്തമാക്കുന്നതാണ് നാം കണ്ടത്. വസ്തു നിഷ്ഠവും നീതിയുക്തവുമായി പെരുമാറേണ്ട ജുഡീഷ്യറി വൈകാരികതയിലാണ് പലപ്പോഴും ഈ വിഷയത്തില്‍ ഇടപെട്ടിട്ടുള്ളത്. ആ ഒരു പ്രതീക്ഷയിലാണ് സംഘ്പരിവാര്‍ നേതൃത്വം ഇപ്പോഴുമുള്ളത്.
കഴിഞ്ഞ മാര്‍ച്ചില്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ജെ എസ് ഖെഹാര്‍ കോടതിയുടെ ഒരു മാധ്യസ്ഥത്തിലൂടെ കൂടിയാലോചനയില്‍ ഈ പ്രശ്‌നത്തില്‍ ഒരു പരിഹാരം അഭ്യര്‍ഥിച്ചു കൊണ്ടുള്ള ഒരു വാര്‍ത്ത വന്നയുടനെ വി എച്ച് പി നേതൃത്വം അതിനെ സ്വാഗതം ചെയ്യുകയുണ്ടായി. ഒരു നിഷ്‌കളങ്കമായ തലത്തിലല്ല ഈ സ്വാഗതം ചെയ്യല്‍. കേന്ദ്രത്തിലും യു പിയിലും സംഘ്പരിവാര്‍ അധികാരം കൈയാളുന്ന സാഹചര്യത്തില്‍ രംഗം അവര്‍ക്കനുകൂലമാക്കി മാറ്റാനാവും എന്നുള്ള ബോധ്യത്തില്‍ നിന്നാണ്. അതോടൊപ്പം വി എച്ച് പി നേതാവും അയോധ്യയിലെ പുരോഹിതനുമായ മഹന്ത് രാംദാസ് പ്രതികരിച്ചത് പക്ഷേ, ”അമ്പലത്തിനു സമീപം പള്ളി പണിയാന്‍ അനുവദിക്കില്ല. മുഗള്‍ ചക്രവര്‍ത്തിയായ ബാബറിന് വേണ്ടി പള്ളി പണിത അദ്ദേഹത്തിന്റെ ജനറലായിരുന്ന മിര്‍ബാഖിയുടെ ഖബറിടം അഞ്ചു കിലോമീറ്ററുകള്‍ക്കകലെ ഫൈസാബാദിലെ ഷാഹീന്‍വ ഗ്രാമത്തിലാണ്. അവിടെ വേണമെങ്കില്‍ പള്ളി പണിയാം. ഇത് സമ്മതിച്ചാല്‍ മുസ്‌ലിംകളുമായി ചര്‍ച്ചയാവാം” എന്നായിരുന്നു.
ജുഡീഷ്യറിയെയും നീതിന്യായ സംവിധാനങ്ങളെയും നോക്കുകുത്തിയാക്കുകയും രാജ്യത്തിന്റെ ഭരണം കൈയാളുകയും ചെയ്യുന്ന ഫാസിസത്തിന്റെ അക്രമാസക്തമായ ഇമ്മാതിരി പ്രസ്താവനകള്‍ വരുന്നത് കൃത്യമായ പ്ലാനിംഗില്‍ തന്നെയാണ്. മണ്ഡല്‍ അനുകൂല തരംഗത്തെ നേരിടാന്‍ വി പി സിംഗിന്റെ കാലത്ത് എല്‍ കെ അഡ്വാനി നടത്തിയ രഥയാത്ര ആ മന്ത്രിസഭയെ അട്ടിമറിക്കാനുള്ള കൗശലത്തില്‍ നിന്നാണെങ്കില്‍ ഇന്ന് സുപ്രീം കോടതിയില്‍ കേസ് എത്തിനില്‍ക്കെ ഉഡുപ്പിയിലെ ഹിന്ദു ധര്‍മ സംസദില്‍ വീണ്ടും അയോധ്യാ വിഷയം എടുത്തിടുന്നത് മറ്റൊരു രാഷ്ട്രീയ സാഹചര്യത്തിലാണ്. അതായത് വന്‍ വാഗ്ദാനങ്ങള്‍ നല്‍കി അധികാരത്തില്‍ വന്ന നരേന്ദ്ര മോദിയുടെ സര്‍ക്കാറിനെതിരെ ജനരോഷം ശക്തിപ്പെടുന്നുണ്ട്. മൂന്നര വര്‍ഷമായി അധികാരത്തിലിരിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ ഇന്ത്യയിലെ സമസ്ത മണ്ഡലങ്ങളിലും പ്രതിസന്ധിയാണ് ഉണ്ടാക്കിയിട്ടുള്ളതെന്നു സാമ്പത്തിക സര്‍വേകള്‍ പുറത്തു വിടുന്നു.

വ്യവസായ വളര്‍ച്ചാ നിരക്ക് 7. 4 ശതമാനമുണ്ടായത് നോട്ടു നിരോധനത്തിന് ശേഷം 5 .2 ശതമാനമായി കുറഞ്ഞു. കുത്തകകളുടെ ഒരു ഏകീകൃത വിപണിക്ക് വേണ്ടിയുണ്ടാക്കിയ ജി എസ് ടി നടപ്പാക്കപ്പെട്ടതിനു ശേഷം രണ്ട് ലക്ഷം കോടിയുടെ ഉത്പാദന നഷ്ടമാണ് ഉണ്ടായിരിക്കുന്നതെന്ന് വി
ദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഭക്ഷ്യേതര മേഖലയിലെ വായ്പാ നിക്ഷേപവും ചെറുകിട ഇടത്തരം വ്യവസായങ്ങളിലെ നിക്ഷേപവും കയറ്റുമതി വരുമാനവും ക്രമാതീതമായി കുറഞ്ഞതും രാജ്യത്തിന്റെ സമ്പദ്ഘടനയെ വന്‍ പ്രതിസന്ധിയിലേക്കാണ് നയിക്കാന്‍ പോകുന്നത്. കോര്‍പറേറ്റ് വത്കരണവും നവ ഉദാരനയങ്ങളുമാണ് പ്രതിസന്ധികള്‍ രൂക്ഷമാക്കുന്നത്. അതേസമയം അദാനിയെ പോലുള്ള കോര്‍പറേറ്റുകളുടെ വളര്‍ച്ച 152 ശതമാനമാണ്. ഈ സാഹചര്യത്തില്‍ സംഘ്പരിവാര്‍ കുടുംബത്തിനകത്തു തന്നെ യശ്വന്ത് സിന്‍ഹയെ പോലുള്ളവര്‍ പരസ്യമായി മോദിയുടെ സാമ്പത്തിക നയത്തിനെതിരായി പ്രസ്താവനകളിറക്കുകയാണ്. ഇത്തരം കലുഷിതാവസ്ഥകള്‍ തങ്ങളുടെ നിലനില്‍പ്പിനെ തന്നെ പ്രതികൂലമാക്കി മാറ്റും എന്ന തിരിച്ചറിവ് ആര്‍ എസ് എസിന്റെ ബൗദ്ധിക നേതൃത്വത്തിനുണ്ട്.
പ്രതിസന്ധി തങ്ങളുടെ അസ്ഥിവാരം ഇളക്കാതിരിക്കണമെങ്കില്‍ ഫാസിസ്റ്റ്‌വത്കരണ നയങ്ങള്‍ തീവ്രമാക്കണം അവര്‍ക്ക്. അതിന് ഇവിടെ ഉപയോഗിക്കാന്‍ പോന്ന ഒന്നാണ് ഹിന്ദുത്വ വൈകാരികത. സംഘ്പരിവാര്‍ ശക്തികളുടെ കുടില താത്പര്യങ്ങളുടെ ആഹ്വനം പല ധര്‍മ സംസദുകളിലും ഉണ്ടായിട്ടുണ്ട്. 1984ലും 85ലും നടന്ന ഇതുപോലുള്ള ധര്‍മസംസദുകളിലാണ് അയോധ്യയടക്കമുള്ളവ ‘മോചിപ്പിക്കാനുള്ള’ ആഹ്വാനം ഉണ്ടായത്. അതാണ് പിന്നീട് ബാബരി മസ്ജിദ് തകര്‍ക്കുന്നതിലേക്ക് എത്തിച്ചേരുന്നത്. അതുകൊണ്ട് തന്നെ ജനാധിപത്യ മതേതര ശക്തികളെ സംബന്ധിച്ചിടത്തോളം ഉഡുപ്പിയില്‍ നടന്ന ധര്‍മസംസദിലെ ആഹ്വാനം ഒരു വെല്ലു വിളി തന്നെയാണ്.