Connect with us

National

അഭിഭാഷകരുടെ ഫീസ് : നിയന്ത്രണം വേണമെന്ന് സുപ്രീംകോടതി

Published

|

Last Updated

ന്യൂഡല്‍ഹി: നീതിനിര്‍വഹണ സംവിധാനത്തില്‍ അഭിഭാഷകര്‍ വാങ്ങുന്ന ഫീസ് ഉള്‍പ്പെടെയുള്ള കാര്യങ്ങളിലെ ധാര്‍മികതയുടെ ലംഘനത്തിനെതിരെയും നിയമ സേവനം ഉറപ്പു വരുത്തുന്നതിന് വേണ്ടിയും പുതിയ സംവിധാനമുണ്ടാക്കേണ്ടിയിരിക്കുന്നുവെന്ന് സുപ്രീംകോടതി. നിശ്ചയിച്ച തുകയുടെ ഷെയര്‍ നല്‍കാതിരുന്ന കക്ഷിക്കെതിരെ ഒരു അഭിഭാഷകന്‍ സമര്‍പ്പിച്ച ഹരജിയിലാണ് ജസ്റ്റിസുമാരായ എകെ ഗോയല്‍, യുയു ലളിത് എന്നിവരടങ്ങിയ ബഞ്ച് ശ്രദ്ധേയമായ നിരീക്ഷണം നടത്തിയത്.
കോടതിയുടെ നിരീക്ഷണത്തിന് പിന്നാലെ അഭിഭാഷകന്‍ ഹരജി പിന്‍വലിക്കാന്‍ തയ്യാറായെങ്കിലും തൊഴില്‍ പരമമായ ദുരുപയോഗമാണ് നടത്തിയതെന്ന് കാണിച്ച് ബഞ്ച് പിന്‍വലിക്കാനുള്ള അവസരം നിഷേധിച്ചു. അഭിഭാഷകര്‍ വാങ്ങുന്ന ഫീസിന് നിയന്ത്രണം കൊണ്ടുവരാന്‍ നിയമനിര്‍മ്മാണം നടത്തണമെന്ന് കേന്ദ്രസര്‍ക്കാരിനോട് സുപ്രീംകോടതി ആവശ്യപ്പെടുകയും ചെയ്തു.

അഭിഭാഷകര്‍ കേസിനായി വലിയ ഫീസ് ആവശ്യപ്പെടുമ്പോള്‍ പാവപ്പെട്ടവര്‍ക്ക് നീതി ലഭിക്കാന്‍ ബുദ്ധിമുട്ട് നേരിടുന്നുവെന്ന ഉത്കണ്ഠ പ്രകടിപ്പിച്ചാണ് സുപ്രീംകോടതിയുടെ നിര്‍ദേശം.സുപ്രീംകോടതിയുടെ തന്നെ വിവിധ വിധികളും ലോ കമ്മീഷന്‍ റിപ്പോര്‍ട്ടുകളും എടുത്തു പറയുകയും ചെയ്തു. നീതിപൂര്‍വ്വമാക്കാന്‍ നിയമനിര്‍മാണം നടത്തേണ്ട സമയം അതിക്രമിച്ചുവെന്നും കോടതി അഭിപ്രായപ്പെട്ടു. പണമില്ലാത്തതിനാല്‍ മികച്ച അഭിഭാഷകരില്‍ നിന്നും പാവപ്പെട്ടവര്‍ക്ക് നീതി നിഷേധിക്കുന്ന സാഹചര്യമുണ്ടാകരുതെന്നും പറഞ്ഞു.
അവര്‍ക്ക് കോടതി നല്‍കുന്ന ധനസഹായത്തിന്റെ വിഹിതം ആവശ്യപ്പെടുന്നത് കോടതി അലക്ഷ്യമാണെന്നും കോടതി അഭിപ്രായപ്പെട്ടു. നീതിന്യായ സംവിധാനത്തില്‍ അഭിഭാഷക ജോലിക്കുള്ള സുപ്രധാന സ്ഥാനമുണ്ട്. ഇത്തരം നടപടികള്‍ നിലനില്‍ക്കുമ്പോള്‍ നീതി എങ്ങനെ സംരക്ഷിക്കപ്പെടുമെന്നും സുപ്രീംകോടതി ചോദിച്ചു. ലോ കമ്മീഷന്‍ അഭിഭാഷകരുടെ മേഖലയില്‍ നിയന്ത്രണ സംവിധാനം വേണമെന്ന നിര്‍ദ്ദേശം വെച്ചതും കോടതി ഓര്‍മിപ്പിച്ചു.

 

Latest