ബേപ്പൂരിലെ ലക്ഷദ്വീപ് ടിക്കറ്റ് കൗണ്ടറില്‍ യാത്രക്കാരുടെ പ്രതിഷേധം

Posted on: December 6, 2017 8:35 pm | Last updated: December 6, 2017 at 11:36 pm

ബേപ്പൂര്‍: ലക്ഷദ്വീപ് കപ്പലിലേക്ക് ടിക്കറ്റ് കൊടുക്കുന്ന കൗണ്ടറിന് മുമ്പില്‍ യാത്രക്കാരുടെ പ്രതിഷേധം. ഇന്ന് പുറപ്പെടുന്ന ‘ചെറിയപാണി’ എന്ന കപ്പലില്‍ ടിക്കറ്റ് കിട്ടുന്നതിനു വേണ്ടിയാണ് കൗണ്ടറിന്റെ മുന്നില്‍ യാത്രക്കാര്‍ രോഷാകുലരായത്. പോര്‍ട്ട് ഓഫീസിനു മുന്നിലെ കൗണ്ടറിലാണ് ചെത്തലത്ത് ദ്വീപ് നിവാസികള്‍ ബഹളംവെച്ചത്. ഓഖി ചുഴലിക്കാറ്റു മൂലം റദ്ദുചെയ്ത ‘മിനിക്കോയ്’ കപ്പലിലെ 110 യാത്രക്കാര്‍ക്കു വേണ്ടിയാണ് ഇന്ന് രാവിലെ എട്ട് മണിക്ക് ബേപ്പൂരില്‍ നിന്ന് ‘ചെറിയപാണി കപ്പല്‍ പുറപ്പെടുന്നത്. എന്നാല്‍ കൊച്ചിയില്‍ നിന്നും മറ്റും ടിക്കറ്റെടുത്ത യാത്രക്കാരും ഇതേ കപ്പലില്‍ കയറുവാന്‍ ശ്രമിച്ചതാണ് കൗണ്ടറിനു മുന്നില്‍ തിരക്കുണ്ടാക്കിയത്.

കൊച്ചിയില്‍ നിന്ന് കഴിഞ്ഞ നാലിന് ചെത്തലത്ത് ദ്വീപിലേക്ക് യാത്ര പുറപ്പെടേണ്ടിയിരുന്ന കോറല്‍ കപ്പലില്‍ പോകേണ്ടവരും ടിക്കറ്റ് റദ്ദായതോടെ എങ്ങനെയെങ്കിലും നാട്ടിലെത്താനുള്ള പെടാപ്പാടില്‍ ടിക്കറ്റിനായി ബേപ്പൂര്‍ ലക്ഷദ്വീപ് പോര്‍ട്ട് ഓഫീസിലെത്തുകയായിരുന്നു. തങ്ങള്‍ക്കും ചെറിയപാണിയില്‍ ടിക്കറ്റ് നല്‍കണമെന്നും ടിക്കറ്റ് റദ്ദായ ദിവസം മുതലുള്ള നഷ്ടപരിഹാരത്തുക അനുവദിക്കണമെന്ന ആവശ്യവും ഉയര്‍ത്തിയായിരുന്നു ഇവരുടെ പ്രതിഷേധം. ബേപ്പൂര്‍ പോലീസ് ഇടപെട്ട് രംഗം ശാന്തമാക്കുകയായിരുന്നു. മിനിക്കോയി കപ്പലില്‍ പുറപ്പെടേണ്ട യാത്രക്കാര്‍ക്ക് ടിക്കറ്റ് നല്‍കിയതിനു ശേഷമേ മറ്റുള്ളവര്‍ക്ക് ടിക്കറ്റ് നല്‍കുകയുള്ളൂവെന്ന് ലക്ഷദ്വീപ് ഷിപ്പിംഗ് അസിസ്റ്റന്റ് ഡയറക്ടര്‍ കുഞ്ഞിക്കോയ അറിയിച്ചു.