Connect with us

Kerala

മലപ്പറം പാസ്‌പോര്‍ട്ട് ഓഫീസ് പുനഃസ്ഥാപിച്ച് ഉത്തരവിറങ്ങി

Published

|

Last Updated

മലപ്പുറം: മലപ്പുറം റീജണല്‍ പാസ്‌പോര്‍ട്ട് ഓഫീസിന്റെ പ്രവര്‍ത്തനം പുന:സ്ഥാപിച്ചു. ഇതുമായി ബന്ധപ്പെട്ട ഉത്തരവ് ഇന്നലെ കേന്ദ്ര വിദേശകാര്യ മന്ത്രാലയം പുറപ്പെടുവിച്ചു. ഡിസംബര്‍ 31 വരെ കെട്ടിടത്തിന്റെ ലീസ് പുതുക്കാനും ഉത്തരവായി. ശക്തമായ പ്രതിഷേധത്തെ തുടര്‍ന്നാണ് തീരുമാനം പിന്‍വലിക്കാന്‍ മന്ത്രാലയം തയ്യാറായത്.

2006 ലാണ് പാസ്‌പോര്‍ട്ട് ഓഫീസ് പ്രവര്‍ത്തനം ആരംഭിച്ചത്. ഇക്കഴിഞ്ഞ നവംബര്‍ 30നാണ് ചെലവ് ചുരുക്കലിന്റെ ഭാഗമായി മലപ്പുറം മേഖലാ പാസ്‌പോര്‍ട്ട് ഓഫീസ് കോഴിക്കോട് ഓഫീസില്‍ ലയിപ്പിച്ചത്. ഈ തീരുമാനമാണ് ഇപ്പോള്‍ മാറ്റിയിരിക്കുന്നത്. ഇന്ത്യയില്‍ തന്നെ ഏറ്റവും വരുമാനമുള്ള പാസ്‌പോര്‍ട്ട് ഓഫീസായിരുന്നു മലപ്പുറത്തേത്. ദിവസം 1300 ഓളം അപേക്ഷകള്‍ വരികയും 22,000 പാസ്‌പോര്‍ട്ടുകള്‍ വിതരണം നടക്കുകയം ചെയ്യുന്ന ഈ ഓഫീസ് 2016-17 വര്‍ഷത്തില്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം രാജ്യത്തെ ബി ഗ്രേഡ് പാസ്‌പോര്‍ട്ട് ഓഫീസുകളില്‍ രണ്ടാം സ്ഥാനത്തായിരുന്നു. ഏറ്റവും ജനസംഖ്യയുള്ള ജില്ലയും ഇന്ത്യയില്‍ നിന്ന് വിദേശത്ത് ഏറെ പേര്‍ ജോലി തേടി പോകുന്ന ജില്ലയും കൂടിയാണ് മലപ്പുറം. 2006 ല്‍ ഇ അഹമ്മദ് വിദേശകാര്യ മന്ത്രിയായിരുന്നപ്പോള്‍ തുടങ്ങിയ മലപ്പുറം പാസ്‌പോര്‍ട്ട് ഓഫീസില്‍ തുടക്കത്തില്‍ പാലക്കാട് ജില്ലയും ഉള്‍പ്പെട്ടിരുന്നെങ്കിലും പിന്നീട് എറണാകുളത്തേക്ക് മാറ്റി. നിലവില്‍ കോഴിക്കോട് മേഖലാ ഓഫീസിന് കീഴില്‍, കാസര്‍കോട്, വയനാട്, കണ്ണൂര്‍ ജില്ലകളുമുണ്ട്.

നവംബറിലെ ലയനത്തിന്റെ ഭാഗമായി ജില്ലയിലെ ഓഫീസ് സാമഗ്രികളും ജീവനക്കാരും കോഴിക്കോട് ഓഫീസിലേക്ക് മാറിയിരുന്നു. ലയന തീരുമാനം പിന്‍വലിച്ചതോടെ വരും ദിവസങ്ങളില്‍ ഇവയെല്ലാം തിരിച്ചെത്തിക്കാന്‍ അധികൃതരുടെ ഭാഗത്ത് നിന്ന് നടപടികളുണ്ടാകും.

 

Latest