മുസ്തഫ തൈക്കണ്ടി പ്രവാസ ജീവിതം അവസാനിപ്പിച്ച് മടങ്ങുന്നു

Posted on: December 6, 2017 7:33 pm | Last updated: December 6, 2017 at 7:33 pm

ദുബൈ: ദുബൈ മലയാളികള്‍ക്കിടയില്‍ ഏറെ സാമൂഹിക പ്രവര്‍ത്തനം നടത്തിയ കണ്ണൂര്‍ സ്വദേശി മുസ്തഫ തൈക്കണ്ടി 42 വര്‍ഷത്തെ പ്രവാസം ജീവിതം അവസാനിപ്പിച്ച് നാടണയുന്നു.

ഇത്രയും വര്‍ഷത്തെ ദുബൈ ജീവിതത്തെക്കുറിച്ച് പറയുമ്പോള്‍ അദ്ദേഹം ഏറെ സന്തോഷവാനാണ്. 1975ല്‍ അമ്മാവന്‍ ദുബൈയിലെ ഒരു പ്രമുഖ കമ്പനിയിലേക്കുള്ള വിസ നല്‍കി. ആ വിസയുമായി ബോംബയിലെത്തി. അവിടുന്ന് കപ്പല്‍ വഴിയായിരുന്നു മൂന്ന് ദിവസത്തെ യാത്രകൊണ്ട് ദുബൈ പോര്‍ട്ട് റാശിദില്‍ ഇറങ്ങിയത്. അമ്മാവനോടൊപ്പം നേരെ മുറിയിലേക്ക് വരുന്ന വഴി അന്നത്തെ ദേരയും നായിഫ് റോഡും കണ്ടത് ഇന്നോര്‍ത്തെടുക്കുമ്പോള്‍ ദുബൈ നഗരത്തിന്റെ വളര്‍ച്ച അതിശീഘ്രമായിരുന്നുവെന്ന് മുസ്തഫ പറയുന്നു. വിസ അടിച്ചു കമ്പനിയില്‍ ഓഫീസ് ബോയ് ആയി ജോലിക്ക് കയറി. പിന്നീട് സെയില്‍സിലും സ്റ്റോര്‍ കീപ്പറായും അവസാന 15 വര്‍ഷം ഇപ്പോള്‍ പിരിയുന്നത് വരെയും മര്‍ച്ചന്റൈസറായും ജോലി ചെയ്തു. സാമൂഹിക പ്രവര്‍ത്തനം ആദ്യ കാലത്ത് ചന്ദ്രിക റീഡേഴ്‌സ് ഫോറത്തിലും പിന്നീട് കെ എം സി സിയിലും പ്രവര്‍ത്തിച്ചു. കെ എം സി സി സ്ഥാപിക്കുന്നതിലും നിര്‍ണായക പങ്കാണ് താനും പരേതനായ തൃക്കരിപ്പൂരിലെ വി എന്‍ പി അബ്ദുര്‍റഹ്മാനും കെ വി ഹാഷിമും വഹിച്ചതെന്ന് പറയുന്നു.

ലീഗ്, അഖിലേന്ത്യാലീഗ് യോജിപ്പിനുശേഷം കെ എം സി സി പ്രവര്‍ത്തനത്തില്‍ നിന്നും മാറിനിന്നു. പിന്നീട് ബാബരി മ
സ്ജിദ് പ്രശ്‌നത്തില്‍ സേട്ടു സാഹിബ് ലീഗ് വിട്ടപ്പോള്‍ ദുബൈയില്‍ ഖാഇദെമില്ലത്ത് കള്‍ചറല്‍ ഫോറം രൂപീകരിക്കുന്നതിലും പിന്നീടു വന്ന ദുബൈ ഐ എം സി സി യിലും സജീവമായി പ്രവര്‍ത്തിച്ചു. നിരവധി സ്ഥാനങ്ങളും വഹിച്ചു. സേട്ടു സാഹിബിന്റെ മരണ ശേഷം അദ്ദേഹത്തിന്റെ സ്മരണക്കായി തന്റെ സഹപ്രവര്‍ത്തകരില്‍ പ്രമുഖരായ കമാല്‍ റഫീഖ്, താഹിര്‍ കൊമ്മോത്, ഹംസ ഹാജി ഓര്‍ക്കാട്ടേരി എന്നിങ്ങിനെയുള്ള ചിലസുഹൃത്തുക്കള്‍ ചേര്‍ന്ന് മെഹ്ബൂബെമില്ലത്ത് എന്ന കമ്മറ്റിയുണ്ടാക്കി. കേരളത്തിലെ പ്രഗത്ഭരായ മാധ്യമ പ്രവര്‍ത്തകര്‍ക്കുള്ള മെഹബൂബെമില്ലത്ത് അവാര്‍ഡ്, പത്തോളം പാവപ്പെട്ട കുടുംബങ്ങള്‍ക്ക് പ്രതിമാസ സഹായം, വിദ്യാഭ്യാസ സഹായം, കുടിവെള്ളപദ്ധതി എന്നിങ്ങിനെ പ്രവര്‍ത്തനങ്ങള്‍ വര്‍ഷങ്ങളോളം നടത്തിയിരുന്നു. പിന്നീട് ചില സാങ്കേതിക പ്രശ്‌നങ്ങളാല്‍ ഈ കമ്മിറ്റി പിരിച്ചുവിടുകയായിരുന്നു. നാട്ടിലെത്തി കുടുംബത്തോടൊപ്പം വിശ്രമ ജീവിതം നയിക്കുകയാണ് മുസ്തഫയുടെ ലക്ഷ്യം.