അസുഖ ബാധിത വിദ്യാര്‍ഥികള്‍ക്ക് വീട്ടിലിരുന്ന് ക്ലാസ് തുടരാന്‍ പുതിയ റോബോട്ട് സംവിധാനം

Posted on: December 6, 2017 7:16 pm | Last updated: December 7, 2017 at 8:13 pm

ദുബൈ: രോഗ ബാധിതരായ വിദ്യാര്‍ഥികള്‍ ഇനി വീട്ടിലിരുന്നാലും വിദ്യഭ്യാസം മുടങ്ങുകയില്ല. അസുഖ ബാധിതരായ കുട്ടികള്‍ വിശ്രമത്തിന് അവധിയായിരിക്കുമ്പോള്‍ പകരം റോബോട്ട് സ്‌കൂളില്‍ എത്തുകയും വിദ്യാര്‍ഥികളുടെ ക്ളാസുകളില്‍ സന്നിഹിതരാകുകയും ചെയ്യുന്ന സംവിധാനം അവതരിപ്പിച്ചു. സ്വദേശി വിദ്യാര്‍ഥി ഫാത്തിമ അല്‍ കഅബിയാണ് റോബോട്ട് നിര്‍മിച്ചത്. ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായേര്‍പെടുത്തിയ യു എ ഇ പയനീര്‍ അവാര്‍ഡ് ജേതാവാണ് ഫാത്തിമ.

പ്രോട്ടോ ടൈപ്പ് സംവിധാനത്തിലൂടെ അപകടങ്ങള്‍ മൂലമോ, മറ്റ് രോഗങ്ങളാലോ പഠനം മുടങ്ങിയ വിദ്യാര്‍ഥികള്‍ക്ക് ക്ലാസിലെ രംഗങ്ങള്‍ റോബോട്ടില്‍ ഘടിപ്പിച്ചിട്ടുള്ള സ്‌ക്രീനിലൂടെ വീക്ഷിക്കാന്‍ പറ്റുന്ന വിധത്തിലാണ് സംവിധാനത്തിന്റെ പ്രവര്‍ത്തനം. പഠനം മുടങ്ങിയിട്ടുള്ള വിദ്യാര്‍ഥികള്‍ക്ക് പ്രത്യേകമായി ഒരുക്കിയിട്ടുള്ള വെബ് സൈറ്റിലൂടെ സ്‌കൂള്‍ അന്തരീക്ഷം വീക്ഷിക്കാന്‍ കഴിയും. സ്‌കൂളിലെ ഏതു ഭാഗത്തേക്കും വെബ്‌സൈറ്റിന്റെ സഹായത്തോടെ റോബോട്ടിനെ ചലിപ്പിക്കാന്‍ കഴിയും എന്നതാണ് ഇതിന്റെ സവിശേഷത. വെബ് സൈറ്റിലൂടെ നിയന്ത്രിതമായ റോബോട്ടിന്റെ സ്‌ക്രീനില്‍ കുട്ടികളുടെ മുഖം തെളിയുകയും ക്ലാസ് അന്തരീക്ഷം കൃത്യമായി വീക്ഷിക്കാന്‍ കഴിയുകയും പാഠ ഭാഗങ്ങളെ പിന്തുടരാന്‍ സാധിക്കുകയും ചെയ്യുമെന്ന് ഫാത്തിമ പറഞ്ഞു. അര്‍ബുദ ബാധിത വിദ്യാര്‍ഥികള്‍ക്കായി കൂടുതല്‍ ഇത്തരത്തിലുള്ള റോബോട്ടുകളെ നിര്‍മിക്കാനുള്ള ഒരുക്കത്തിലാണ് ഫാത്തിമ. കൂടുതല്‍ കാലയളവില്‍ ചികിത്സാ ആവശ്യാര്‍ഥം പഠനത്തിനായി സ്‌കൂളില്‍ എത്താന്‍ കഴിയുകയായില്ല എന്നതിനാലാണ് അര്‍ബുദ ബാധിത വിദ്യാര്‍ഥികള്‍ക്ക് പ്രത്യേകമായി റോബോട്ടുകള്‍ ഒരുക്കാന്‍ തയാറാകുന്നതെന്ന് ഫാത്തിമ കൂട്ടിച്ചേര്‍ത്തു.