Connect with us

Editorial

രാഷ്ട്രീയ സംഘര്‍ഷം സുന്നീ വിഭാഗീയതയാക്കരുത്

Published

|

Last Updated

ചില മാധ്യമങ്ങളുടെയും രാഷ്ട്രീയക്കാരുടെയും പക്ഷപാതിത്വവും സംസ്‌കാര ശുന്യതയും തുറന്നുകാട്ടുന്നതായിരുന്നു താനൂരിന് സമീപം ഉണ്യാലില്‍ നബിദിനത്തില്‍ നടന്ന അനിഷ്ട സംഭവങ്ങള്‍ സംബന്ധിച്ച വാര്‍ത്തയും പ്രതികരണങ്ങളും. താനൂര്‍ പ്രദേശത്ത് വര്‍ഷങ്ങളായി നിലനില്‍ക്കുന്ന മുസ്‌ലിം ലീഗ്-സി പി എം സംഘര്‍ഷത്തിന്റെ ഭാഗമായിരുന്നു നബിദിന ഘോഷയാത്രയില്‍ പങ്കടുത്തവര്‍ക്ക് നേരെ നടന്ന അക്രമം. സി പി എമ്മുകാരാണ് ആക്രമണം നടത്തിയതെന്നാണ് പറയുന്നത്. സി പി എം നേതൃത്വം തിരിച്ചും ആരോപിക്കുന്നു. നേരത്തെ നടന്ന രാഷ്ട്രീയ സംഘട്ടനത്തിന് ശേഷം ഒളിവിലായിരുന്ന ചില ലീഗ് പ്രവര്‍ത്തകരെ റാലിയില്‍ കണ്ടതോടെയാണ് സി പി എമ്മുകാര്‍ പ്രകോപിതരായതെന്നാണ് പറയുന്നത്. സുന്നികള്‍ക്കിടയിലെ ഭിന്നതയുമായി ആ സംഭവത്തിന് ഒരു പങ്കുമില്ല. എന്നിട്ടും ചില ചാനലുകളും പത്രങ്ങളും യൂത്ത് ലീഗിന്റെ ചില നേതാക്കളും സുന്നി സംഘടനകള്‍ തമ്മിലുള്ള സംഘട്ടനമായാണ് അതിനെ ചിത്രീകരിച്ചത്. നബിദിനത്തെയും പാരമ്പര്യ സുന്നീ മുസ്‌ലിംകളെയും പൊതുസമൂഹത്തില്‍ തരം താഴ്ത്താനുള്ള കുതന്ത്രമാണിതെന്ന് ഒറ്റനോട്ടത്തില്‍ തന്നെ മനസ്സിലാക്കാന്‍ സാധിക്കും.

പാരമ്പര്യ ഇസ്‌ലാം ഒരിക്കലും വെറുപ്പിന്റെയും പകയുടെയും സന്ദേശം പ്രചരിപ്പിക്കാറില്ല. സൗഹാര്‍ദവും സമാധാനവുമാണ് അതിന്റെ സന്ദേശം. ദൗര്‍ഭാഗ്യവശാല്‍ 28 വര്‍ഷം മുമ്പ് കേരളത്തില്‍ സുന്നികള്‍ക്കിടയില്‍ ചേരിതിരിവുണ്ടായി. അതിനെ തുടര്‍ന്നു ചിലയിടങ്ങളില്‍ സംഘര്‍ഷങ്ങളുണ്ടായി. എന്നാല്‍, ഇതിന് പിന്നില്‍ മതമായിരുന്നില്ല, രാഷ്ട്രീയമായിരുന്നുവെന്നതാണ് സത്യം. കുഴപ്പങ്ങള്‍ സൃഷ്ടിച്ച ശേഷം അവ മതസംഘടനകളുടെ മേല്‍ കെട്ടിവെക്കുക എന്ന കൗശലമാണ് ഏറെക്കാലമായി നടന്നുവന്നത്.

ഉണ്യാലില്‍ ആക്രമണത്തിനിരയായത് ലീഗ് പ്രവര്‍ത്തകരായിട്ടും സംഭവത്തില്‍ എതിര്‍ രാഷ്ട്രീയ വിഭാഗത്തെ വിമര്‍ശിക്കുന്നതിന് പകരം പ്രശ്‌നം സുന്നികള്‍ക്കിടയിലെ വിഭാഗീയതയാണെന്ന് വരുത്തിത്തീര്‍ക്കാനുള്ള യൂത്ത് ലീഗ് നേതാക്കളുടെ ശ്രമമാണ് ഏറെ അപലപനീയം. ലീഗ് അനുഭാവികളായ ചേളാരി വിഭാഗം സുന്നി നേതാക്കള്‍ തന്നെ ഇക്കാര്യം നിഷേധിക്കുകയും രാഷ്ട്രീയ സംഘട്ടനങ്ങളെ സുന്നി വിഭാഗീയതയായി ചിത്രീകരിക്കുന്നത് അവസാനിപ്പിക്കണമെന്ന് ഉണര്‍ത്തുകയും ചെയ്തിട്ടും അവരെ ലീഗ് വിരുദ്ധരായി മുദ്ര കുത്തി തങ്ങളുടെ നിലപാടുകളെ ന്യായീകരിക്കുകയായിരുന്നു യൂത്ത് ലീഗ് നേതാക്കള്‍.

മലപ്പുറത്തെ തീര പ്രദേശങ്ങളിലെ പട്ടിണിയും ദുരിതങ്ങളും ചൂഷണം ചെയ്താണ് അവിടെ രാഷ്ട്രീയ നേതൃത്വം സംഘടന വളര്‍ത്തുന്നത്. കൂട്ടത്തില്‍ അണികളെ പ്രകോപിതരാക്കി തമ്മില്‍ തല്ലിക്കുകയും ചെയ്യും. താനൂരിന്റെ തീരപ്രദേശങ്ങളില്‍ അടിക്കടിയുണ്ടാകുന്ന സംഘര്‍ഷങ്ങള്‍ ഇതിന്റെ ഭാഗമാണെന്ന് നാട്ടുകാര്‍ക്ക് നന്നായി അറിയാം. തങ്ങളുടെ നോട്ടപ്പുള്ളികളായ ചില ലീഗ് പ്രവര്‍ത്തകരെ നബിദിനറാലിയില്‍ കണ്ടപ്പോള്‍, സി പി എമ്മുകാര്‍ അവര്‍ക്ക് നേരെ പാഞ്ഞടുത്തെങ്കില്‍ അതെങ്ങനെയാണ് നബിദിനാഘോഷവുമായി ബന്ധപ്പെട്ട് സുന്നികള്‍ തമ്മിലള്ള അക്രമമാകുന്നതെന്ന് യൂത്ത് ലീഗ് നേതാക്കള്‍ വ്യക്തമാക്കേണ്ടതുണ്ട്. പിന്നില്‍ ആരായാലും വളരെ സമാധാന പരമായി നടത്തിയ ഒരു മതഘോഷയാത്രയില്‍ പങ്കെടുത്തവരെ അക്രമിച്ചത് പൊറുക്കപ്പെടാനാകാത്തതാണ്. എങ്കിലും ഈ അക്രമത്തെ സുന്നി വിഭാഗീയതയായി ചിത്രീകരിച്ചത് യൂത്ത് ലീഗ് നേതാക്കള്‍ക്ക് സംഭവിച്ച പിശകാണെന്ന് ധരിക്കേണ്ടതില്ല. അത് ലീഗീന്റെ ഒരു രാഷ്ട്രീയ അജന്‍ഡ തന്നെയാണ്. കിട്ടിയ ഏത് അവസരം ഉപയോഗപ്പെടുത്തിയും സംഭവങ്ങളെ വളച്ചൊടിച്ചും സുന്നികളെ കുതിര കയറുന്ന അസുഖം ചില ലീഗ് നേതാക്കളില്‍ കാലങ്ങളായി കണ്ടുവരുന്നതാണ്.

സമസ്തയിലുണ്ടായ ദൗര്‍ഭാഗ്യകരമായ പിളര്‍പ്പും സമുദായ രാഷ്ട്രീയക്കാരുടെ ഇടപെടലുകളുടെ ഫലമായിരുന്നല്ലോ. സമസ്തയുടെ അജയ്യത വിളിച്ചോതിയ അറുപതാം വാര്‍ഷികത്തോടെ, സുന്നി പ്രസ്ഥാനത്തിന്റെ ഈ മുന്നേറ്റം സാമുദായിക രാഷ്ട്രീയ നേതൃത്വത്തിന് ഭീഷണിയായേക്കുമോ എന്ന ആശങ്കയാണ് സമസ്തയില്‍ പിളര്‍പ്പ് സൃഷ്ടിച്ച് അതിനെ ദുര്‍ബലമാക്കാന്‍ ശ്രമിച്ചതിന് പിന്നില്‍. പക്ഷേ, സുന്നി പ്രസ്ഥാനം ദേശീയ തലത്തില്‍ വളര്‍ന്നു പന്തലിച്ച് കൂടുതല്‍ കരുത്താര്‍ജിക്കുകയാണുണ്ടായത്. അങ്ങ് വടക്കേ അറ്റത്ത് സ്ഥിതി ചെയ്യുന്ന കശ്മീര്‍ ഉള്‍പ്പെടെ രാജ്യത്തെ മിക്ക സംസ്ഥാനങ്ങളിലും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും വിദ്യാഭ്യാസ, സാംസ്‌കാരിക, ആരോഗ്യ മേഖലകളില്‍ വിപ്ലവകരമായ പ്രവര്‍ത്തനങ്ങളുമായി സുന്നി പ്രസ്ഥാനം മുന്നേറിക്കൊണ്ടിരിക്കുന്നു. അപവാദ പ്രചാരണങ്ങള്‍ എന്നും പാരമ്പര്യ മുസ്‌ലിംകള്‍ക്ക് കരുത്തുപകര്‍ന്നിട്ടേയുള്ളൂ.

---- facebook comment plugin here -----

Latest