കാലിഫോര്‍ണിയയില്‍ കാട്ടുതീ; പതിനായിരങ്ങളെ ഒഴിപ്പിച്ചു

Posted on: December 6, 2017 12:10 am | Last updated: December 6, 2017 at 12:10 am

സാക്രാമെന്റോ: തെക്കന്‍ കാലിഫോര്‍ണിയയില്‍ വീണ്ടും കാട്ടുതീ. ജനവാസ കേന്ദ്രങ്ങളിലേക്ക് പടര്‍ന്നുകൊണ്ടിരിക്കുന്ന തീയെ തുടര്‍ന്ന് 27,000 പേരെ മാറ്റിപ്പാര്‍പ്പിച്ചു. തീയണക്കാനുള്ള ശ്രമം മാസങ്ങളായി തുടരുമ്പോഴും കാര്യമായ പുരോഗമനം ഉണ്ടായിട്ടില്ല.

വെന്റുറ, സാന്റ പൗല എന്നിവിടങ്ങളിലെ വീടുകള്‍ ഭീതിയുടെ നിഴലിലാണ്. നൂറ് കണക്കിന് വീടുകളും കെട്ടിടങ്ങളും ഇതിനകം കത്തിനശിച്ചിട്ടുണ്ട്. തങ്ങള്‍ കരുതിയതിലും വേഗത്തില്‍ കാട്ടുതീ പടരുകയാണെന്നും 31,000 ഏക്കര്‍ ഭൂമി കത്തിനശിച്ചതായും അധികൃതര്‍ വ്യക്തമാക്കി.

കാട്ടുതീയുമായി ബന്ധപ്പെട്ട അപകടത്തില്‍ ഇതുവരെ ഒരാള്‍ മരിച്ചെന്നും രക്ഷാപ്രവര്‍ത്തകനായ ഉദ്യോഗസ്ഥന് പരുക്കേറ്റതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. രണ്ടര ലക്ഷത്തിലധികമാളുകള്‍ വൈദ്യുതിയില്ലാതെ ബുദ്ധിമുട്ടുകയാണ്.

തീയണക്കാനായി 500 ഓളം അഗ്നിശമന ഉദ്യോഗസ്ഥര്‍ രംഗത്തെത്തിയിട്ടുണ്ട്. പക്ഷേ ഇവര്‍ക്ക് നിയന്ത്രിക്കാവുന്നതിലും അപ്പുറമാണ് കാട്ടുതീയുടെ വ്യാപനമെന്ന് അധികൃതര്‍ വ്യക്തമാക്കി. നൂറ് കണക്കിനേക്കര്‍ കൃഷിഭൂമിയാണ് കാട്ടുതീയില്‍ കത്തിനശിച്ചത്.

വടക്കന്‍ കാലിഫോര്‍ണിയയില്‍ ഒക്ടോബറിലുണ്ടായ കാട്ടുതീയില്‍ 40 ഓളം പേര്‍ മരിച്ചിരുന്നു. വന്‍ നാശനഷ്ടമാണ് കാട്ടുതീയെ തുടര്‍ന്നുണ്ടായത്. പതിനായിരക്കണക്കിനാളുകളെ വടക്കന്‍ മേഖലയില്‍ നിന്ന് മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്.