ഓഖി; രമേശ് ചെന്നിത്തല കേന്ദ്ര ആഭ്യന്തര മന്ത്രിയുമായി ചര്‍ച്ച നടത്തി

Posted on: December 5, 2017 7:35 pm | Last updated: December 6, 2017 at 10:16 am

ന്യൂഡല്‍ഹി: കേരളത്തില്‍ ഓഖി ചുഴലിക്കാറ്റിന്റെ നഷ്ടപരിഹാരമായി 500 കോടിയുടെ അടിയന്തര പാക്കേജ് ഉടന്‍ പ്രഖ്യാപിക്കണമെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കേന്ദ്രസര്‍ക്കാരിനോടാവശ്യപ്പെട്ടു. കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്ങിനെ സന്ദര്‍ശിച്ച അദ്ദേഹം ഇതു സംബന്ധിച്ച നിവേദനം കൈമാറി. വിഷയത്തെ ദേശീയ ദുരന്തമായി കണക്കാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഇത്തരത്തില്‍ ദുരന്തമുണ്ടാകുമ്പോള്‍ നഷ്ടപരിഹാരം ലഭിക്കുന്നതിലുള്ള അപാകതകള്‍ പരിഹരിക്കണം. നഷ്ടപ്പെടപ്പെടുന്ന വള്ളങ്ങള്‍ക്കായി ഇപ്പോള്‍ നല്‍കുന്നത് 9500 രൂപയാണ്. ഇതു വര്‍ധിപ്പിക്കണം. തീരദേശത്തു മാത്രമല്ല, മലയോര മേഖലകളിലും പ്രകൃതിക്ഷോഭത്തെത്തുടര്‍ന്നു നാശനഷ്ടങ്ങളുണ്ടായിട്ടുണ്ട്. അതുകൂടി കണക്കിലെടുക്കണം. പുനരധിവാസം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഏകോപിപ്പിച്ചു ശക്തമാക്കണം. ദുരന്തനിവാരണ സംവിധാനം ശക്തിപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കെപിസിസി പ്രസിഡന്റ് എം.എം. ഹസന്‍, കൊടിക്കുന്നില്‍ സുരേഷ് എംപി, ഹൈബി ഈഡന്‍ എംഎല്‍എ എന്നിവരും അദ്ദേഹത്തൊടൊപ്പമുണ്ടായിരുന്നു