ട്രംപിന്റെ യാത്രാനിരോധന നിയമത്തിന് സുപ്രീം കോടതി അംഗീകാരം

Posted on: December 5, 2017 9:48 am | Last updated: December 5, 2017 at 1:27 pm

വാഷിംഗ്ടണ്‍: ആറ് മുസ്‌ലിം രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് യാത്രാ വിലക്കേര്‍പ്പെടുത്തിയ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഉത്തരവിന് സുപ്രീം കോടതിയുടെ അംഗീകാരം. ഇറാന്‍, ലിബിയ, സൊമാലിയ, സിറിയ, യമന്‍, ചാഡ് രാജ്യങ്ങളില്‍നിന്നുള്ള യാത്രക്കാണ് നിരോധനം. സുപ്രീം കോടതി അംഗീകരിച്ചതോടെ, നിരോധനം പ്രാബല്യത്തിലാക്കാനുള്ള പ്രധാന കടമ്പകളിലൊന്നാണ് ട്രംപ് മറികടന്നത്.

യാത്രാ വിലക്ക് സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവ് ഭരണഘടനാപരമാണെന്ന വാദം സ്വീകരിച്ചിട്ടില്ലെങ്കിലും ഉത്തരവ് മരവിപ്പിക്കേണ്ട സാഹചര്യമില്ലെന്ന നിലപാടാണ് കോടതി സ്വീകരിച്ചത്. ഒന്‍പത് ജഡ്ജിമാരുടെ പാനലില്‍ ഏഴ് പേര്‍ യാത്രാനിരോധനത്തിന് കീഴ്‌ക്കോടതി ഏര്‍പ്പെടുത്തിയ നിയന്ത്രണം റദ്ദാക്കി. എന്നാല്‍ രണ്ട് പേര്‍ നിയന്ത്രണം തുടരണം എന്ന അഭിപ്രായപ്പെട്ടു.

എന്നാല്‍ നിരോധനം പ്രാവര്‍ത്തികമാക്കാന്‍ നിയമത്തിന്റെ കടമ്പകള്‍ ഇനിയുമുണ്ട്. അമേരിക്കയിലെ നാല് ഫെഡറല്‍ കോടതികള്‍ യാത്രാനിരോധനത്തിനെതിരായുള്ള ഹര്‍ജിയില്‍ ഇനിയും വിധി പറഞ്ഞിട്ടില്ല. ജനുവരിയിലാണ് ഏഴ് മുസ്‌ലിം രാജ്യങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി ആദ്യ യാത്രാ വിലക്ക് പ്രഖ്യാപിച്ചത്. പിന്നീട് ഇറാനെ ഒഴിവാക്കി മാര്‍ച്ചില്‍ പുതിയ ഉത്തരവിറക്കുകയായിരുന്നു.