വിദേശകാര്യ മന്ത്രിമാര്‍ കുവൈത്തില്‍ യോഗം ചേര്‍ന്നു

>> ഉച്ചകോടിയുടെ മുന്നോടിയായി നടന്ന യോഗം ഗള്‍ഫ് പ്രതിസന്ധിക്ക് അയവുണ്ടാക്കുമെന്ന് സൂചന >> ഉച്ചകോടിയില്‍ സഊദി ഭരണാധികാരി പങ്കെടുക്കും
Posted on: December 5, 2017 9:29 am | Last updated: December 6, 2017 at 7:18 pm
കുവൈത്തില്‍ ഇന്നലെ നടന്ന ജി സി സി വിദേശകാര്യ മന്ത്രിമാരുടെ യോഗം

ദോഹ: ഗള്‍ഫ് പ്രതിസന്ധി ഉടലെടുത്ത ശേഷം ആദ്യമായി ആറ് ജി സി സി രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാര്‍ കുവൈത്തില്‍ യോഗം ചേര്‍ന്നു. ഇന്ന് ആരംഭിക്കുന്ന 38ാമത് ജി സി സി ഉച്ചകോടിയുടെ മുന്നോടിയായി നടന്ന യോഗം ഗള്‍ഫ് പ്രതിസന്ധിക്ക് അയവുണ്ടാക്കുമെന്ന ആദ്യ സൂചന നല്‍കി. പ്രശ്‌നപരിഹാരത്തിന്റെ ഭാഗമായി ജി സി സി വിദേശകാര്യമന്ത്രിമാരുടെ യോഗം വിളിക്കാന്‍ കുവൈത്ത് ശ്രമിച്ചിരുന്നുവെങ്കിലും ഉപരോധ രാജ്യങ്ങള്‍ വഴങ്ങിയിരുന്നില്ല.

ഉച്ചകോടിയില്‍ സഊദി ഭരണാധികാരി സല്‍മാന്‍ രാജാവ് പങ്കെടുക്കുമെന്ന് തുര്‍ക്കി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഖത്വര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസിനെ പ്രതിനിധാനം ചെയ്ത് ഉപപ്രധാനമന്ത്രി ഫഹദ്ബിന്‍ മഹ്്മൂദ് അല്‍ സഈദ് സമ്മിറ്റില്‍ പങ്കെടുക്കുമെന്ന് ഒമാന്‍ അറിയിച്ചു. യു എ ഇ, ബഹ്‌റൈന്‍ രാജ്യങ്ങളും ഉച്ചകോടയില്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷ. പ്രതിനിധികളെ സംബന്ധിച്ച് ഈ രാജ്യങ്ങള്‍ ഔദ്യോഗിക വിവരം പുറത്തുവിട്ടിട്ടില്ല.
നിലവിലെയും ഭാവിയിലെയും വെല്ലുവിളികള്‍ നേരിടുന്നതിന് ഗള്‍ഫ് രാജ്യങ്ങള്‍ക്കിടയിലെ തന്ത്രപ്രധാനമായ ബന്ധം തുടരണമെന്ന് ജി സി സി സെക്രട്ടറി ജനറല്‍ അബ്്ദുല്‍ലത്വീഫ് ബിന്‍ റാശിദ് അല്‍ സയാനി പറഞ്ഞു. ഗള്‍ഫ് വിദേശകാര്യ മന്ത്രിമാരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കുവൈത്തില്‍ നടക്കുന്ന ഉച്ചകോടി ജി സി സിയുടെ വിജയചരിത്രത്തിലൊന്നായി മാറുമെന്നും അദ്ദേഹം പ്രത്യാശിച്ചു. കുവൈത്ത് അമീറിനും കഴിഞ്ഞ വര്‍ഷത്തെ സമ്മിറ്റ് സംഘടിപ്പിച്ച ബഹ്‌റൈന്‍ രാജാവിനും അദ്ദേഹം നന്ദി പറഞ്ഞു. ജി സി സിയുടെ ഐക്യവും സ്ഥിരതയും കോട്ടം തട്ടാതെ തുടരേണ്ടതുണ്ടെന്ന് യോഗത്തില്‍ സംസാരിച്ച കുവൈത്ത് ഒന്നാം ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് സബാഹ് അല്‍ ഖാലിദ് അല്‍ ഹമദ് അല്‍ സബാഹ് പറഞ്ഞു.

രണ്ട് ദിവസത്തെ ഉച്ചകോടിയിലാണ് ജി സി സിയില്‍ ഏകീകരിച്ച് നടപ്പാക്കുന്ന രാഷ്ട്രീയ, സാമ്പത്തിക വിഷയങ്ങള്‍ തീരുമാനിക്കാറുള്ളത്. പ്രതിസന്ധി ഉടലെടുത്ത ശേഷം സഊദി, യു എ ഇ, ബഹ്‌റൈന്‍ രാജ്യങ്ങള്‍ ഖത്വറിനെതിരെ ഒരു ഭാഗത്തും പക്ഷം ചേരാതെ കുവൈത്തും ഒമാനും നിന്നതോടെ ജി സി സിയുടെ ഭാവി തന്നെ സംശയത്തിലായിരുന്നു. മേശക്കു ചുറ്റുമിരുന്നു ചര്‍ച്ച ചെയ്യണമെന്ന ലോക രാജ്യങ്ങളുടെ നിര്‍ദേശങ്ങളെല്ലാം നിഷ്ഫലമായി കൃത്യം ആറ് മാസം പൂര്‍ത്തിയായ വേളയിലാണ് ഇന്നലെ വിദേശകാര്യമന്ത്രിമാര്‍ യോഗം ചേര്‍ന്നതും ഇന്ന് ഉച്ചകോടി ചേരാന്‍ പോകുന്നതും.