രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ മഴക്ക് സാധ്യത

Posted on: December 4, 2017 9:42 pm | Last updated: December 4, 2017 at 9:42 pm

ദുബൈ: രാജ്യത്തിന്റെ കിഴക്കന്‍ മേഖലയില്‍ ന്യൂനമര്‍ദം ശക്തമായതിനാല്‍ യു എ ഇയുടെ വിവിധ ഭാഗങ്ങളില്‍ വരും ദിവസങ്ങളില്‍ മഴ തുടരുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇടിയോടു കൂടി ശക്തമായ മഴയാണ് കഴിഞ്ഞ ദിവസം രാത്രി അബുദാബിയുടെ ഉള്‍മേഖലകളില്‍ ഉണ്ടായത്. അല്‍ റഹ്ബ സിറ്റി, അല്‍ ഐന്‍- അബുദാബി റോഡ്, സ്വെയിഹാന്‍ -അബുദാബി റോഡ്, അല്‍ ഖാതിം എന്നിവിടങ്ങളില്‍ ഇന്നലെ ഉച്ചക്ക് മഴ ലഭിച്ചിരുന്നു. ദുബൈ അല്‍ മക്തൂം രാജ്യാന്തര വിമാനത്താവളം, ജബല്‍ അലി എന്നിവിടങ്ങളിലും ഇന്നലെ രാവിലെ നേരിയ തോതില്‍ മഴ ലഭിച്ചു.

വരും ദിവസങ്ങളിലും കഴിഞ്ഞ ദിവസങ്ങളില്‍ മഴ ലഭിച്ച ഇടങ്ങളിലും കൂടുതല്‍ മറ്റ് പ്രദേശങ്ങളിലും സാമാന്യം ഭേദപ്പെട്ട മഴ ലഭിക്കുവാന്‍ സാധ്യതയുണ്ട്. അതിനാല്‍ വാഹനമോടിക്കുന്നവര്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണം. കിഴക്കു നിന്നുള്ള ന്യൂനമര്‍ദത്തിന്റെ വരവും, വായുവിന്റെ ഉപരിതലത്തിലെ ഉയര്‍ന്ന അന്തരീക്ഷ ഈര്‍പ്പവും കൂടുതല്‍ മഴ മേഘങ്ങള്‍ക്ക് വഴിയൊരുക്കും. വരും ദിവസങ്ങളില്‍ അബുദാബിയുടെ പലഭാഗങ്ങളിലും പടിഞ്ഞാറന്‍ മേഖലയിലും സാമാന്യം ഭേദപ്പെട്ട മഴ ലഭിക്കുവാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പിലുണ്ട്.