ബോളിവുഡ് നടന്‍ ശശി കപൂര്‍ അന്തരിച്ചു

Posted on: December 4, 2017 6:27 pm | Last updated: December 5, 2017 at 9:30 am

ബോളിവുഡ് നടനും നിര്‍മാതാവുമായ ശശി കപൂര്‍(79) അന്തരിച്ചു. മുംബൈയിലെ കോകിലബെന്‍ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം.

1938 മാര്‍ച്ച് 18നാണ് ബല്‍ബീല്‍ രാജ് കപൂര്‍ എന്ന ശശി കപൂര്‍ ജനിച്ചത്. ബോളിവുഡ് താരങ്ങളായ രാജ് കപൂര്‍, ഷമ്മി കപൂര്‍ എന്നിവര്‍ സഹോദരങ്ങളും കരണ്‍ കപൂര്‍, കുണാല്‍ കപൂര്‍, സഞ്ജന കപൂര്‍ എന്നിവര്‍ മക്കളുമാണ്. ബാലതാരമായാണ് ശശി കപൂര്‍ അഭിനയജീവിതം ആരംഭിച്ചത്. 1948ല്‍ ആഗിലെ അഭിനയത്തിന് മികച്ച ബാല താരത്തിനുള്ള ദേശീയ പുരസ്‌കാരം നേടി. 1961ല്‍ യാഷ് ചോപ്ര സംവിധാനം ചെയ്ത ധരംപുത്ര് എന്ന ചിത്രത്തില്‍ നായകനായി അരങ്ങേറ്റം കുറിച്ചു.1998 ല്‍ ഇറങ്ങിയ ജിന്ന എന്ന ചിത്രമാണ് അവസാനം അഭിനയിച്ചത്.

മൂന്നു തവണ പ്രധാന നടനുള്ള ദേശീയ പുരസ്‌കാരവും അദ്ദേഹത്തെ തേടിയെത്തി. 1979ല്‍ ജുനൂന്‍ എന്ന ചിത്രത്തിന് മികച്ച നിര്‍മ്മാതാവിനുള്ള പുരസ്‌കാരം ലഭിച്ചു.2011ലെ പദ്മഭൂഷണ്‍ പുരസ്‌കാരം ലഭിച്ചു. 2014 ലെ ദാദാ സാഹിബ് ഫാല്‍ക്കെ പുരസ്‌കാരവും നേടിയിട്ടുണ്ട്.