Connect with us

Gulf

പ്രശ്നപരിഹാര പ്രതീക്ഷകളോടെ ജിസിസി സമ്മിറ്റിന് നാളെ തുടക്കം

Published

|

Last Updated

ദോഹ: ആറ് മാസമായി തുടരുന്ന ഗള്‍ഫ് പ്രതിസന്ധിക്കിടെ ഗള്‍ഫ് രാജ്യങ്ങളുടെ പ്രതിനിധികള്‍ ഇതാദ്യമായി സമ്മേളിക്കുന്നത് പ്രതീക്ഷകളോടെ. ഉച്ചകോടിയിലെ പങ്കാളിത്തം സംബന്ധിച്ച് വ്യക്തമായ വിവരങ്ങള്‍ പുറത്തു വന്നിട്ടില്ലെങ്കിലും പ്രശനത്തില്‍ മധ്യസ്ഥത വഹിക്കുന്ന കുവൈത്ത് അമീറിന്റെ ക്ഷണം അംഗീകരിച്ച് സഊദിയും യു എ ഇയും പ്രതിനിധികളെ അയക്കുമെന്ന നിലപാട് എടുത്തത് മഞ്ഞുരുക്കത്തിന്റെ ആദ്യ സൂചനകളായാണ് പ്രതീക്ഷിക്കപ്പെടുന്നത്.
ഖത്വറിനെതിരെ ഉപരോധം ഏര്‍പ്പെടുത്തി അഞ്ച് മാസം പിന്നിട്ടിട്ടും അനുരഞ്ജന സാധ്യതകള്‍ എവിടെയുമെത്താതെ തുടരുന്നതിനിടെയാണ് കുവൈത്ത് അമീര്‍ ഉച്ചകോടിയുമായി മുന്നോട്ടു പോകാന്‍ സന്നദ്ധനായത്. കഴിഞ്ഞ ദിവസം അഞ്ച് രാജ്യങ്ങള്‍ക്കും ഔദ്യോഗികമായി ക്ഷണം നല്‍കുകയും ചെയ്തു. ഖത്വറും ഒമാനും ഔദ്യോഗികമായി ക്ഷണം സ്വീകരിച്ചതായി പ്രഖ്യാപിച്ചപ്പോള്‍ സഊദി, യു എ ഇ, ബഹ്‌റൈന്‍ അതിനു സന്നദ്ധരായില്ല.
എന്നാല്‍, ക്ഷണം നല്‍കിയതായി കുവൈത്ത് അറിയിച്ചതിന് പിറകേ കുവൈത്ത് അമീറിനെ പരിഗണിച്ച് പ്രതിനിധികളെ അയക്കാന്‍ സഊദിയും യു എ ഇയും സന്നദ്ധത അറിയിക്കുകയായിരുന്നു. ഖത്വര്‍ പങ്കെടുക്കുന്ന സമ്മിറ്റില്‍ പങ്കെടുക്കില്ലെന്ന് ഒരു മാസം മുമ്പ് പ്രഖ്യാപിച്ച ബഹ്‌റൈന്‍ സമ്മിറ്റില്‍ പ്രതിനിധികളെ അയക്കുന്നതു സംബന്ധിച്ച് നിലപാട് വ്യക്തമാക്കിയിട്ടില്ല. അതേസമയം, സമ്മിറ്റിനായി കുവൈത്തിലെത്തിയ ജി സി സി സെക്രട്ടറി ജനറല്‍ ബഹ്‌റൈന്‍ പ്രതിനിധിയാണ്.
ഉച്ചകോടിക്കുള്ള എല്ലാ തയാറെടുപ്പുകളും പൂര്‍ത്തിയായതായി കുവൈത്ത് സര്‍ക്കാര്‍ അറിയിച്ചു. ഉച്ചകോടിക്ക് മുമ്പായി കുവൈത്ത് ഒന്നാം ഉപപ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് സബാഹ് ഖാലിദ് അല്‍ സബാഹിനെയും ജി സി സി സെക്രട്ടറി ജനറല്‍ അബ്ദുല്ലത്വീഫ് അല്‍ സയാനിയെയും കുവൈത്ത് അമീര്‍ ശൈഖ് സബാഹ് അല്‍ അഹ്മദ് അല്‍ ജാബിര്‍ അല്‍ സബാഹ് സ്വീകരിച്ചു.
അമീറുമായുള്ള കൂടിക്കാഴ്ചക്ക് മുമ്പ് കുവൈത്ത് വിദേശകാര്യ മന്ത്രിയും ജി സി സി സെക്രട്ടറി ജനറലും ആറ് ഗള്‍ഫ് രാജ്യങ്ങളുടെയും വിദേശകാര്യ മന്ത്രിമാരുമായി ഉച്ചകോടി സംബന്ധിച്ച് ചര്‍ച്ച നടത്തിയിരുന്നതായി കുവൈത്ത് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. സാധാരണായായി ഉച്ചകോടിയുടെ ആദ്യദിനത്തില്‍ വിദേശകാര്യ മന്ത്രിമാരുടെ യോഗമാണ് നടക്കാറുള്ളത്.
സമ്മിറ്റില്‍ ഗള്‍ഫ് പ്രതിസന്ധിക്ക് പരിഹാരമാകില്ലെങ്കിലും പരിഹാരത്തിലേക്കുള്ള തുടക്കമായേക്കുമെന്ന് ഇന്നലെ യു എ ഇ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി സൂചന നല്‍കി. പരിഹാരങ്ങള്‍ക്ക് കാരണമായേക്കുമെന്ന് സഊദി മാധ്യമം അല്‍ അറബിയ്യയും സൂചിപ്പിച്ചതോടെയാണ് കുവൈത്ത് ഉച്ചകോടി കൂടുതല്‍ പ്രതീക്ഷ ജനിപ്പിക്കുന്നത്.

---- facebook comment plugin here -----

Latest