ഡല്‍ഹി ടെസ്റ്റ്: മാത്യൂസിന് സെഞ്ച്വറി; ലങ്ക പൊരുതുന്നു

Posted on: December 4, 2017 1:03 pm | Last updated: December 4, 2017 at 3:35 pm

ന്യൂഡല്‍ഹി: ഡല്‍ഹി ക്രിക്കറ്റ് ടെസ്റ്റില്‍ ലങ്ക പൊരുതുന്നു. ഇന്ത്യ മുന്നോട്ട് വെച്ച 536 റണ്‍സ് പിന്തുടരുന്ന ലങ്ക മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 224 റണ്‍സെടുത്തു. ആഞ്ചലോ മാത്യൂസിന്റെ സെഞ്ച്വറിയാണ് ലങ്കന്‍ ഇന്നിംഗ്‌സിന് കരുത്തേകുന്നത്. 104 റണ്‍സുമായി മാത്യൂസും 70 റണ്ണെടുത്ത നായകന്‍ ദിനേശ് ചണ്ഡിമാലുമാണ് ക്രീസില്‍. ഇന്ന് ലങ്കയുടെ വിക്കറ്റുകള്‍ വീഴ്ത്താന്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് കഴിഞ്ഞില്ല.

നേരത്തെ, ഏഴ് വിക്കറ്റിന് 536 റണ്‍സെന്ന നിലയില്‍ ഇന്ത്യ ഒന്നാം ഇന്നിംഗ്‌സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു. തുടര്‍ച്ചയായ രണ്ടാമത്തെയും കരിയറിലെ ആറാമത്തെയും ഇരട്ട സെഞ്ച്വറി നേടിയ കോഹ്‌ലിയുടെ പ്രകടനമാണ് ഇന്ത്യയെ മികച്ച ടോട്ടലിലേക്ക് നയിച്ചത്. 287 പന്തില്‍ 25 ബൗണ്ടറികളുടെ അകമ്പടിയോടെ 243 റണ്‍സാണ് കോഹ്്‌ലി അടിച്ചുകൂട്ടിയത്.

കൊല്‍ക്കത്തയില്‍ നടന്ന ഒന്നാം ടെസ്റ്റിലെ രണ്ടാം ഇന്നിംഗ്‌സില്‍ സെഞ്ച്വറിനേടിയ കോഹ്‌ലി നാഗ്പൂരില്‍ കളിച്ച ഏക ഇന്നിംഗ്‌സില്‍ ഡബിള്‍ സെഞ്ച്വറി അടിച്ചിരുന്നു. ഒന്നാം ദിനം മുരളി വിജയ്‌യും (155) സെഞ്ച്വറി നേടിയിരുന്നു.